അഞ്ജലിമേനോന്‍റെ പുതിയ സിനിമ; നായകന്‍ പൃഥ്വി, നായിക നസ്രിയ!

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (19:21 IST)
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. നസ്രിയയാണ് നായിക. വിവാഹത്തിന് ശേഷം നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയായിരിക്കും ഇത്.
 
ബാംഗ്ലൂര്‍ ഡെയ്സ് കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബാംഗ്ലൂര്‍ ഡെയ്സിലും നസ്രിയ തന്നെയായിരുന്നു നായിക. നല്ല തിരക്കഥയും മികച്ച ക്രൂവുമാണെങ്കില്‍ തിരിച്ചുവരവ് നടത്തുമെന്ന് നസ്രിയയും ഭര്‍ത്താവ് ഫഹദ് ഫാസിലും നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
 
പ്രതാപ് പോത്തനുവേണ്ടി ഒരു തിരക്കഥ എഴുതുന്ന തിരക്കിലായതിനാലാണ് അഞ്ജലിയുടെ സംവിധാന സംരംഭം വൈകിയത്. എന്നാല്‍ പ്രതാപ് പോത്തന്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടതോടെ അഞ്ജലി പുതിയ സിനിമ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതാപിനുവേണ്ടി എഴുതിയ തിരക്കഥയാണോ അഞ്ജലി പുതിയ സിനിമയ്ക്കായി ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
 
ബാംഗ്ലൂര്‍ ഡെയ്സ് പോലെതന്നെ പ്രണയവും ആഘോഷവും സൌഹൃദവുമെല്ലാം നിറഞ്ഞ ഒരു ക്ലീന്‍ എന്‍റര്‍ടെയ്നറായിരിക്കും അഞ്ജലി മേനോന്‍റെ പുതിയ സിനിമയും. അഞ്ജലിയുടെ ആദ്യചിത്രമായ മഞ്ചാടിക്കുരുവില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.
Next Article