Maundy Thursday: ഇന്ന് പെസഹ വ്യാഴം, വീടുകളില്‍ അപ്പം മുറിക്കേണ്ട ദിവസം

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (10:07 IST)
Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യന്‍മാരുടെ പാദം കഴുകി ചുംബിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന കല്‍പ്പന നല്‍കി കൊണ്ടാണ് യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയത്. 
 
അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ അപ്പം മുറിച്ച് യേശു ശിഷ്യന്‍മാര്‍ക്ക് നല്‍കി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓര്‍മയ്ക്കാണ് ക്രൈസ്തവര്‍ കുര്‍ബാന അര്‍പ്പിക്കുന്നതും കുര്‍ബാന മധ്യേ പുരോഹിതന്‍ അപ്പം മുറിക്കുന്നതും. 
 
ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
 
ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.
 
പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആള്‍ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ് അപ്പം മുറിക്കല്‍ ചടങ്ങ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article