ഒരു നോട്ടത്തില്‍ എതിരാളി വിറയ്ക്കണമായിരുന്നു. ആ ശബ്‌ദത്തിന്‍റെ ആജ്ഞാശക്തിയില്‍ ആരും അനുസരണയോടെ കാത്തുനില്‍ക്കണമായിരുന്നു. ആ രൂപത്തിന്‍റെ ഗാംഭീര്യത്തില്‍ ഏവരും സ്വയം മറന്നുപോകണമായിരുന്നു. അങ്ങനെ ഒരു നടനെയാണ് ‘ഡെറിക് ഏബ്രഹാം’ എന്ന തന്‍റെ പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹനീഫ് അദേനി തേടിയത്.
അതിനായി ഏറെയൊന്നും തലപുകയ്ക്കേണ്ടിവന്നതുമില്ല. ഡെറിക് ഏബ്രഹാം മഹാനടനായ മമ്മൂട്ടിക്ക് വേണ്ടി മാത്രം പിറന്ന കഥാപാത്രമായി. ഏബ്രഹാമിന്‍റെ ഈ സന്തതി അടുത്ത നിമിഷം എന്തുചെയ്യും എന്നതിലെ പ്രവചനാതീതഭാവത്തിന് മമ്മൂട്ടിയല്ലാതെ മറ്റാരാണ് യോജിക്കുക?!
വായിച്ചുകേട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ഇത് ഉടന്‍ ചെയ്യുന്നു. പടം കലക്കുമെന്നുറപ്പ്. പതിവ് പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് ഇമോഷണല്‍ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു ഡെറിക് എന്ന കഥാപാത്രത്തിന്. ആ വെല്ലുവിളി തന്നെയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചതും.
ജോഷിയും ഷാജി കൈലാസും രഞ്ജിതും രണ്‍ജി പണിക്കരും ഒരുമിച്ചുചേര്‍ന്നാല്‍ എങ്ങനെയുണ്ടാവും? അങ്ങനെയൊരു മേക്കിംഗ് രീതിയായിരുന്നു ഷാജി പാടൂരിന്. ഏബ്രഹാമിന്‍റെ സന്തതികള്‍ കണ്ട പ്രേക്ഷകരെല്ലാം എതിരഭിപ്രായമില്ലാതെ അംഗീകരിക്കുന്ന കാര്യമാണത്. ഈ വിസ്മയചിത്രത്തിന് മുന്നില്‍ തകരാന്‍ ഇനിയെത്ര റെക്കോര്‍ഡുകള്! മമ്മൂട്ടിയെന്ന മഹാമേരുവിന് മാത്രം അനശ്വരമാക്കാന്‍ കഴിയുന്ന ഡെറിക് ഏബ്രഹാം എന്ന മനുഷ്യനെ സ്ക്രീനില്‍ കാണാനായി പെരുമഴ വകവയ്ക്കാതെ ഇരമ്പിക്കയറുകയാണ് ജനം. ഈ മഴക്കാലചിത്രം ബോക്സോഫീസിലും കോടികളുടെ കുളിര്‍മഴ പെയ്യിക്കുന്നു.