സ്നേഹ നസിറുദ്ദീന്‍ ഷായുടെ ഭാര്യ, അയേഷയുടെ അമ്മ

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (21:44 IST)
PRO
മഹാനടനായ നസിറുദ്ദീന്‍ ഷായുടെ ഭാര്യയായി തമിഴ് സൂപ്പര്‍ നായിക സ്നേഹ. ഹിന്ദിച്ചിത്രത്തിലാണ് സ്നേഹയുടെ ഈ ചുവടുമാറ്റം. മാത്രമല്ല, അയേഷ ടാക്കിയയുടെ അമ്മയുമാണ് ഈ ചിത്രത്തില്‍ സ്നേഹ. തമിഴില്‍ നായികയായി ജ്വലിച്ചു നില്‍ക്കുമ്പോള്‍ തന്നെ അഭിനയപ്രാധാന്യമുള്ള ഒരു വേഷത്തിനായി ബോളിവുഡിലേക്ക് പോകുകയാണ് സ്നേഹ.

രേവതി വര്‍മ്മ സംവിധാനം ചെയ്യുന്ന ‘മാഡ് ഡാഡ്’ എന്ന ചിത്രത്തിലാണ് നസ്‌റുദ്ദീന്‍ ഷായുടെ ഭാര്യയായി സ്നേഹ എത്തുന്നത്. എണ്‍പതുകളിലെ സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് സ്നേഹ അവതരിപ്പിക്കുന്ന കഥാപാത്രം നില്‍ക്കുന്നത്.

29 കാരിയായ സ്നേഹയാണ് 25കാരിയായ അയേഷ ടാക്കിയയുടെ അമ്മയായി അഭിനയിക്കുന്നത് എന്നതാണ് കൌതുകം. എന്തായാലും വളരെ പ്രത്യേകതയുള്ള കഥാപാത്രമായതിനാലാണ് തന്‍റെ ഇമേജ് പോലും പരിഗണിക്കാതെ സ്നേഹ ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായാണ് സ്നേഹ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുമ്പ് സ്നേഹയെ രാജ്കുമാര്‍ സന്തോഷി ഒരു ഹിന്ദിച്ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഒടുവില്‍ ആ വേഷം കാജലിന് നല്‍കിയിരുന്നു.