സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ നടന്‍

KBJWD
കഷണ്ടി തലയുള്ള, പരുക്കന്‍ മുഖമുള്ള ഭരത് ഗോപി മലയാള സിനിമയിലെ ശ്രദ്ധേയമായ നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് പുതു തലമുറക്ക് വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും. പരുക്കന്‍ കഥാപാത്രങ്ങളെക്കൊണ്ട് ഒരു തലമുറയുടെ മനസ്സിനെ അസ്വസ്ഥമാക്കിയ ഈ നടന്‍റെ അസാന്നിദ്ധ്യം മലയാള സിനിമ മേഖലക്ക് കനത്ത നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

നസീറിനെപ്പോലുള്ള സുന്ദരന്‍‌മാര്‍ അരങ്ങു വാഴുന്ന മലയാള സിനിമയില്‍ തനിക്ക് തിളങ്ങുവാന്‍ കഴിയുമോയെന്ന് ഗോപി സംശയിച്ചിരുന്നു. എന്നാല്‍, കാലം അദ്ദേഹത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഗോപി കലയ്ക്കായി തന്‍റെ ജീവിതം അര്‍പ്പിച്ചു.

കലയെ വിട്ടു കൊണ്ടുള്ള ഒരു ജീവിതം അദ്ദേഹത്തിന് ഇല്ലായിരുന്നു. അതു കൊണ്ടാണ് അസുഖബാധിതനായിട്ടും അദ്ദേഹം സിനിമകളില്‍ അഭിനയിക്കുവാന്‍ തയ്യാറായിയത്. യവനികയില്‍ ജലജയുടെ കഴുത്ത് പിടിച്ച് ഞെരിക്കുമ്പോള്‍ ഈ നടന്‍റെ മുഖത്ത് വിരിയുന്ന ഭാവം മാത്രം മതി അദ്ദേഹത്തിന്‍റെ ക്ലാസ് മനസ്സിലാക്കുവാന്‍. കാലമേറെ കഴിഞ്ഞാലും മനസ്സില്‍ നില്‍ക്കുന്നതാണ് ഗോപിയുടെ മുഖത്തെ ഭാവം.

തനതായ ശബ്ദ ക്രമീകരണം കൊണ്ടും ഭാവ നിയന്ത്രണം കൊണ്ടും അദ്ദേഹം മലയാള സിനിമ ചരിത്രത്തില്‍ തന്‍റെ പേര് കൊത്തിവെച്ചു. അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ കൊടിയേറ്റത്തിലെ കഥാപാത്രത്തെ തന്നെ പരിഗണിക്കുക. ഇതിലെ ഭരത് ഗോപിയുടെ ശങ്കരന്‍‌കുട്ടിയെന്ന നായക കഥാപാത്രം ഒരു മടിയനാണ്. അയാളെ സംബന്ധിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല. അരാജകവാദപരമായ ഈ സമീപനത്തെ ഗോപി അനശ്വരമാക്കി.

വേഗതയിലുള്ള ഒരു അഭിനയ പ്രകടനമല്ല ഗോപിയുടേത്. അദ്ദേഹം സംഭാഷണം അവതരിപ്പിക്കുമ്പോഴും നടക്കുമ്പോഴും നമ്മള്‍ക്കത് വ്യക്തമായി മനസ്സിലാകും. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും ഗോപി നാടകത്തെ ഉപേക്ഷിച്ചില്ല. അദ്ദേഹം സജീവമായി ആ രംഗത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കി. നവീകരിച്ചും സ്വീകരിച്ചും അദ്ദേഹം മലയാള നാടക രംഗത്തിന് ആവശ്യമായ തിളക്കം നല്‍കി.


KBJWD
ഭാരതീയ കലാ ദര്‍ശനങ്ങളില്‍ നിന്ന് ആവശ്യമായ ഊര്‍ജം ഉള്‍ക്കൊണ്ടുള്ള ഒരു കലാസപര്യയായിരുന്നു ഗോപി പിന്‍‌തുടരുന്നത്. എന്തായിരിക്കും ഒരു നടന്‍റെ ഏറ്റവും വലിയ പരാജയം?. ഒരേ മാതിരിയുള്ള കഥാപാത്രങ്ങളെ മാത്രം അതരിപ്പിക്കുവാന്‍ കഴിയുക. എന്നാല്‍, ഗോപി അങ്ങനെയായിരുന്നില്ല. വില്ലനായും നായകനായും ഹാസ്യ നടനായും ഗോപി മലയാള സിനിമക്ക് തിളക്കമേറിയ സംഭാവനകള്‍ നല്‍കി.

കൊടിയേറ്റം, ഓര്‍മ്മക്കായി, യവനിക, പഞ്ചവടിപ്പാലം, ആദാമിന്‍റെ വാരിയെല്ല്, പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, സന്ധ്യമയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, ആഘട്ട്, സടക് സേ ഉഠാ ആദ്മി, ചിദംബരം, തുടങ്ങിയ ചിത്രങ്ങളില്‍ ഗോപി കാഴ്ച വച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ എന്നും ജന ഹൃദയങ്ങളില്‍ തങ്ങിനില്‍ക്കും.

ഗോപിയുടെ സിനിമകള്‍

ആകാശഗോപുരം (2006) രസതന്ത്രം (2006) വാണ്ടഡ് (2004) സേതുരാമ അയ്യര്‍ സിബിഐ (2004) വരും വരുന്നു വന്നു (2003)
ഇളവംകോട് ദേശം (1998) ഓര്‍മ്മകളുണ്ടായിരിക്കണം (1995) അഗ്നിദേവന്‍ (1995) സ്വാഹം (1994) പാഥേയം (1992) ഇരകള്‍ (1986)
രേവതിക്കൊരു പാവക്കുട്ടി (1986) കൈമ്പിന്‍ പൂവിനക്കരെ (1985) ആഘട്ട് (1985) ചിദംബരം (1985) കയ്യും തലയും പുറത്തിടരുത് (1985) മീനമാസത്തിലെ സൂര്യന്‍ (1985) ആരോരുമറിയാതെ (1984) അക്കരെ (1984) അപ്പുണ്ണി (1984) പഞ്ചവടിപ്പാലം (1984)

സന്ധ്യമയങ്ങും നേരം (1984) ഈറ്റില്ലം (1983) ആദാമിന്‍റെ വാരിയെല്ല് (1983) അസ്ത്രം (1983) എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983) കാറ്റത്തെ കിളിക്കൂട് (1983) ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക് (1983) മര്‍മ്മരം (1983) രചന (1983) ആലോലം (1982) യവനിക (1982) കള്ളന്‍ പവിത്രന്‍ (1981) പാളങ്ങള്‍ (1981) ഗ്രിഷ്മം (1980) സടക് സേ ഉഠാ ആദ്മി (1980) പെരുവഴിയമ്പലം (1979) തമ്പ് (1978) കൊടിയേറ്റം (1977).