ശ്രീജിത് മുഖര്‍ജി. ഇത്തവണത്തെ ദേശീയ പുരസ്കാരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ഈ പേരുകാരനാണ്. ആറുസിനിമകളേ ഈ 37കാരന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. പക്ഷേ എല്ലാം മികച്ച പരീക്ഷണങ്ങള്‍. ‘ചതുഷ്കോണ്‍’ എന്ന ബംഗാളി ഭാഷയിലുള്ള ത്രില്ലര്‍ ചിത്രമാണ് ശ്രീജിത്തിനെ മികച്ച സംവിധായകനാക്കിയത്.
2010ല്‍ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെയാണ് ഈ മുന്‍ എക്കണോമിസ്റ്റിന്‍റെ സിനിമാലോകത്തേക്കുള്ള രംഗപ്രവേശം. ബൈഷേ ശ്രബോണ്‍, ഹെംലക്ക് സൊസൈറ്റി, മിഷാവര്‍ റാവോഷ്യോ, ജാതീശ്വര്‍ എന്നിവയാണ് ശ്രീജിത്തിന്‍റെ മറ്റ് ചിത്രങ്ങള്‍. കഴിഞ്ഞ ദേശീയ അവാര്‍ഡുകളില്‍ എണ്ണംപറഞ്ഞ നാലെണ്ണം ശ്രീജിത്തിന്‍റെ ജാതീശ്വറിനായിരുന്നു.
ശ്രീജിത്ത് മുഖര്‍ജിയുടെ സിനിമകള്‍ ബുദ്ധിജീവികള്‍ക്കുവേണ്ടിമാത്രമുള്ളതല്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ ഓട്ടോഗ്രാഫ് 114 ദിവസം പ്രദര്‍ശിപ്പിച്ച ബ്ലോക്ബസ്റ്ററാണ്. 41 അവാര്‍ഡുകളും ആ സിനിമ നേടി. രണ്ടാമത്തെ ചിത്രമായ ബൈഷേ ശ്രബോണ്‍ 105 ദിവസം പ്രദര്‍ശിപ്പിച്ച മറ്റൊരു മെഗാഹിറ്റ്. ശ്രീജിത്തിന്‍റെ മിഷാവര്‍ റാവോഷ്യോ എന്ന സിനിമ ബംഗാളി സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നാണ്.
ചതുഷ്കോണ്‍ ശ്രീജിത്തിന്‍റെ തുടര്‍ച്ചയായ അഞ്ചാമത്തെ മെഗാഹിറ്റാണ്. ദേശീയ അവാര്‍ഡ് ജേതാക്കളായ മൂന്ന് സംവിധായകരാണ് ചതുഷ്കോണില്‍ അഭിനയിച്ചത്. ഗൌതം ഘോഷും അപര്‍ണ സെന്നും കൌശിക് ഗാംഗുലിയും.
“എന്‍റെ സിനിമയില്‍ അഭിനയിച്ച വലിയ സംവിധായകര്‍ക്കൊക്കെ എന്‍റെ ഈ തിരക്കഥ വല്ലാതെ ഇഷ്ടപ്പെട്ടു എന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്” - ശ്രീജിത് മുഖര്‍ജി പ്രതികരിച്ചു. ചതുഷ്കോണ്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. പ്രണയവും ചതിയും പ്രതികാരവുമൊക്കെ നിറഞ്ഞുനില്‍ക്കുന്നെങ്കിലും അതൊക്കെ ശ്രീജിത്തിന്‍റെ കരവിരുതിലൂടെ നടുക്കമുണര്‍ത്തുന്ന കാഴ്ചയായി മാറുന്നു.
“എന്‍റെ ആദ്യചിത്രത്തിന് ശേഷം ചതുഷ്കോണ്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ അഭിനേതാക്കളില്‍ പലതവണ മാറ്റം വന്നതുകാരണം നീണ്ടുപോയി. ഈ സിനിമയില്‍ റിതുപര്‍ണോഘോഷ് അഭിനയിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണം ഞങ്ങളെ ആകയുലച്ചുകളഞ്ഞു. ചതുഷ്കോണ്‍ റിതുദായ്ക്കുള്ള സമര്‍പ്പണമാണ്. ഈ സിനിമയുടെ തിരക്കഥാരചനാ വേളയില്‍ ഏറെ സഹായം അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നു” - ശ്രീജിത് മുഖര്‍ജി വെളിപ്പെടുത്തുന്നു.
ചിത്രത്തിന് കടപ്പാട്: ശ്രീജിത് മുഖര്‍ജിയുടെ ഫേസ്ബുക്ക് പേജ്