വാനമ്പാടിക്ക് എണ്‍പതിന്റെ സൌകുമാര്യം

Webdunia
ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (17:26 IST)
PRO
ലതാ മങ്കേഷ്കറുടെ പാട്ടുകള്‍ കാതിനിമ്പം പകര്‍ന്ന് മനസ്സിലേക്ക് ഇടം തേടുമ്പോള്‍ നാം ഒരിക്കലും ഗായികയുടെ പ്രായത്തെ കുറിച്ച് ഓര്‍ക്കാറില്ല. കാരണം ആ ശബ്ദ സൌകുമാര്യത്തിന് എന്നും 16 വയസ്സാണ്! മനസ്സിന്റെ ചെറുപ്പം പാട്ടുകളില്‍ ചാലിച്ച ഭാരത് രത്ന ലതാ മങ്കേഷ്കര്‍ക്ക് തിങ്കളാഴ്ച 80 വയസ് തികയുന്നു.

ഹിന്ദിയെക്കൂടാതെ വിവിധ ഭാഷകളില്‍ ലത പാടിയിട്ടുണ്ട്. മലയാളത്തില്‍ 'നെല്ലി' ലെ “കദളീ ചെങ്കദളീ പൂവേണോ” എന്ന ഒരു പാട്ടു മാത്രമേ ലതയുടെ വകയായുള്ളു.

മുപ്പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ ലതാ മങ്കേഷ്കറെ ദേശീയതയുടെ പ്രതീകമായാണ് മിക്കവരും കാണുന്നത്. പാട്ടുകള്‍ക്ക് പൂര്‍ണത നല്‍കാന്‍ കഴിവുള്ള അനുഗൃഹീത ശബ്ദത്തിനുടമയാണ് ബോളിവുഡില്‍ ‘ലതാജി’ എന്നറിയപ്പെടുന്ന ഈ ഗായിക.

ഇരുപതില്‍ അധികം ഭാഷകളിലാണ് ഈ അനുഗ്രഹീത കലാകാരി പാടിയിട്ടുള്ളത്. ബോളിവുഡിലെ പ്രഗത്ഭമതികളായ മിക്കവാറും സംഗീത സംവിധായകരുടെയും പാട്ടുകള്‍ പാടാന്‍ ലതാജിക്ക് കഴിഞ്ഞിട്ടുണ്ട്. സെമി ക്ലാസിക്കല്‍, ഗസല്‍, ഭജന്‍ എന്നിങ്ങനെ പലവിധ സംഗീതങ്ങളിലൂടെ ലതാജി ബോളിവുഡ് സംഗീത ലോകം അനേക വര്‍ഷം അടക്കി വാണിരുന്നു.

ലതാജിക്ക് തിരക്കേറുകയും എല്ലാ പാട്ടുകളും പാടാന്‍ വയ്യാതാവുകയും ചെയ്തപ്പോഴായിരുന്നു ഹിന്ദി ചലച്ചിത്രങ്ങളില്‍ പുതിയ ഗായകര്‍ രംഗപ്രവേശനം ചെയ്തത്. സുമന്‍ കല്യാണ്‍പൂര്‍, ചന്ദ്രാണി മുഖര്‍ജി, അനുരാധാ പൊഡുവാള്‍, അല്‍കാ യാഗ്നിക് എന്നിവര്‍.

1940 കളിലാണ് ലതാ മങ്കേഷ്കര്‍ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത് .അഭിനയരംഗത്തായിരുന്നു തുടക്കം. എട്ടോളം മറാത്തി ഹിന്ദി സിനിമകളില്‍ ലത അഭിനയിച്ചു .പിന്നീട് ഗാനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചലതയ്ക്ക് ആദ്യബ്രേയ്ക്ക് ലഭിയ്ക്കുന്നത് 1947 ല്‍ ഇറങ്ങിയ ‘ആപ് കി സേവാ മേം‘ എന്ന ചിത്രത്തിലൂടെയാണ് .

1950 ഓടെ ലത ഇന്ത്യന്‍ ചലച്ചിത്രസംഗീതരംഗത്തെ അനിഷേധ്യ ശബ്ദസാന്നിധ്യമായി. പ്രശസ്തസംഗീത സംവിധായകന്‍ നൗഷാദില്‍ തുടങ്ങി പുതിയ തലമുറയിലെ എ ആര്‍ റഹ്മാന്‍റെ ഗാനങ്ങള്‍ക്കുവരെ ലത തന്‍റെ ശബ്ദസൗകുമാര്യം പകര്‍ന്നുനല്കി

1929 സെപപ്റ്റംബര്‍ 28ന് മറാത്തി നാട്യസംഗീതിന്‍റെ ആചാര്യനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലത പിറന്നത്. ചെറുപ്പം മുതല്‍ വളര്‍ന്നത് പക്ഷെ മഹാരാഷ്ട്രയിലാണ് .

ഉസ്താദ് അമാന്‍ അലി, ഉസ്താദ് അമാനത്ത് ഖാന്‍, തുളസീദാസ് ശര്‍മ്മ എന്നിവരായിരുന്നു ലതയുടെ ഗുരുക്കന്മാര്‍. നൂര്‍ജഹാന്‍, കെ.എല്‍.സൈഗള്‍ എന്നിവരുടെ പാട്ടില്‍ ആകൃഷ്ടയായ ലത തന്‍റെ ജീവിതം സംഗീതത്തിനായി സമര്‍പ്പിക്കുകയായിരുന്നു.

നിരവധി പുരസ്കാരങ്ങള്‍ക്ക് ഒപ്പം ലതാമങ്കേഷ്കര്‍ക്ക് 1969 ല്‍ പത്മഭൂഷണും 1989 ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡും 1999ല്‍ പദ്മവിഭൂഷണ്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. “ആയേഗാ ആയേഗാ ആനേ വാലാ” , “ആയേ മേരെ വതന്‍ കേ ലോഗോം”, “ലഗ് ജാ ഗലേ ” എന്നിവ ആദ്യകാല ഹിറ്റുകളായിരുന്നു.