രാവണനിലൂടെ പ്രിയ ഹിന്ദിയിലേക്ക്

Webdunia
ബുധന്‍, 8 ജൂലൈ 2009 (16:10 IST)
പ്രിയാമണി നല്ല നടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പരുത്തിവീരന്‍, തിരക്കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ അവര്‍ അത് തെളിയിച്ചതാണ്. ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു. മലയാളത്തിലും തമിഴിലും മാത്രം ഒതുങ്ങി നില്‍‌ക്കേണ്ടതല്ല തന്‍റെ കരിയറെന്ന് തിരിച്ചറിഞ്ഞ് പ്രിയ ഹിന്ദിയിലേക്ക് ചുവടു വയ്ക്കുകയാണ്.

മണിരത്നത്തിന്‍റെ ‘രാവണന്‍’ ആണ് പ്രിയാമണിയുടെ ഹിന്ദി സ്വപ്നങ്ങള്‍ സഫലമാക്കുന്നത്. രാവണനില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കുമൊപ്പം സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുന്നത്. രാവണന്‍റെ തമിഴ് പതിപ്പായ അശോകവനത്തിലും ഇതേ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്.
PROPRO

എന്നാല്‍ ഹിന്ദിയില്‍ മികച്ച ഒരു അരങ്ങേറ്റത്തിന് ഒരുങ്ങുമ്പോള്‍ തന്നെ തമിഴിലും മലയാളത്തിലും ചുവടുറപ്പിക്കാനാണ് പ്രിയാമണി ശ്രമിക്കുന്നത്. അഞ്ചോളം മികച്ച പ്രൊജക്ടുകള്‍ ഇരു ഭാഷകളിലുമായി പ്രിയയെ കാത്തിരിക്കുന്നു. പൃഥ്വിരാജിന്‍റെ നായികയായി ‘പുതിയ മുഖം’ എന്ന മലയാള ചിത്രം ഉടന്‍ റിലീസ് ചെയ്യും.

മലയാളത്തിലെ വമ്പന്‍ ഹിറ്റായ ക്ലാസ്മേറ്റ്സിന്‍റെ തമിഴ് റീമേക്കായ ‘നിനൈത്താലേ ഇനിക്കും’ എന്ന ചിത്രത്തിലും പ്രിയാമണി പൃഥ്വിയുടെ നായികയാണ്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ആറുമുഖം എന്ന ചിത്രത്തില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് പ്രിയ ചെയ്യുന്നത്.

ഇനി വരുന്ന മലയാളം പ്രൊജക്ടുകളില്‍ സ്വയം ഡബ്ബ് ചെയ്യാനും പ്രിയാമണി തീരുമാനിച്ചിട്ടുണ്ട്. അക്കാരണം കൊണ്ട് ഇനി അവാര്‍ഡുകള്‍ നഷ്ടപ്പെടരുതല്ലോ.