മോനേ ദിനേശാ... മോഹന്‍ലാല്‍ വെറുമൊരു നടനല്ല!

ദില്‍ജിത്ത് അഭിനന്ദ്
ചൊവ്വ, 1 നവം‌ബര്‍ 2016 (13:52 IST)
മോഹന്‍ലാല്‍. അദ്ദേഹം യഥാര്‍ത്ഥത്തില്‍ മലയാളിക്ക് ആരാണ്? വെറും ഒരു നടന്‍ മാത്രമാണോ? മോഹന്‍ലാലിനെപ്പോലെ ഒരു മകന്‍, ഒരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ലാലിന്‍റെ കുസൃതികളില്‍ കേരളം മുഴുവന്‍ ആഹ്ലാദം കണ്ടെത്തുന്നത് എന്തുകൊണ്ടാണ്? ലാലിന്‍റെ കണ്ണുനിറയുമ്പോള്‍ അറിയാതെ നമ്മുടെയും കണ്ണുകള്‍ നീരണിയുന്നത് എന്തുകൊണ്ടാണ്? നിര്‍വചിക്കപ്പെടാനാകാത്ത ഒരു കരിസ്മ മോഹന്‍ലാലിലുണ്ട് എന്നത് ആരും സമ്മതിക്കും. ആരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു മാന്ത്രികത ലാലിന്‍റെ സംസാരത്തിലും ചിരിയിലും പെരുമാറ്റത്തിലുമുണ്ട്.
 
മലയാളികളിലെല്ലാം ഒരു ‘ലാലിസം’ ഉണ്ട് എന്നത് ഏറെ പ്രശസ്തമായ ഒരു പ്രയോഗമാണ്. മലയാളികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. കടുത്ത മോഹന്‍ലാല്‍ വിമര്‍ശകര്‍ പോലും ചിലപ്പോഴൊക്കെ ലാലിനെപ്പോലെ ചെരിഞ്ഞു നടക്കുകയും കുസൃതിയോടെ കണ്ണിറുക്കുകയും ചെയ്യുന്നു. അറിയാതെയെങ്കിലും ഇടയ്ക്കൊക്കെ ‘മോനേ ദിനേശാ...’ എന്ന് നാവില്‍ വരുന്നു.
 
നാല് പതിറ്റാണ്ടോളമായി മോഹന്‍ലാല്‍ മലയാളികളെ ആവേശിച്ചിട്ട്. ഇനിയും ഒഴിഞ്ഞുപോകാത്ത ഒരു സ്വഭാവമോ വികാരമോ ഒക്കെയായി ലാല്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. നാളെയും ലാലിസം നമ്മോടൊപ്പം ഉണ്ടാകുകയും ചെയ്യും. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍റെ ഏറ്റവും മികച്ച 10 സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആ ഉദ്യമത്തില്‍ നിന്ന് കൂപ്പുകൈയോടെ പിന്‍‌മാറാനേ ആരും ശ്രമിക്കൂ. ലാലിന്‍റെ ഓരോ സിനിമയും നമുക്ക് പ്രിയപ്പെട്ടതാണ്. അത് എത്ര മോശം ചിത്രമായിരുന്നാലും ഒരു പുതിയ ഭാവം, പുതിയ അനുഭൂതി പകര്‍ന്നു നല്‍കാന്‍ ലാലിന് കഴിയുന്നുണ്ട്.
 
മോഹന്‍ലാലിന്‍റെ മികച്ച പത്ത് ചിത്രങ്ങള്‍ മലയാളം വെബ്ദുനിയ തെരഞ്ഞെടുക്കുകയാണ്. പത്തിലോ നൂറിലോ ലാലിന്‍റെ നല്ല സിനിമകളെ ഒതുക്കാനാവില്ല. എങ്കിലും ഇത് ഒരു ശ്രമമാണ്. വിയോജിപ്പുകള്‍ സ്വാഭാവികം. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പത്ത് ലാല്‍ച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വായനക്കാരെയും ക്ഷണിക്കുന്നു. കമന്‍റുകള്‍ ആ അനുഗ്രഹീത നടനുള്ള ആദരവായി മാറട്ടെ.
 
ചിരിയുടെ തമ്പുരാന്‍, ഒപ്പം ഒരുതുള്ളി കണ്ണീരും
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ചിത്രം’ മലയാളികള്‍ തങ്ങളുടെ അവകാശമായി നെഞ്ചില്‍ ചേര്‍ക്കുന്ന സിനിമയാണ്. ആ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തെ 22 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രേക്ഷകര്‍ മറക്കുന്നില്ല. വിഷ്ണുവിന്‍റെ നടപ്പും ഓട്ടവും സംസാരവും ചിരിയുമെല്ലാം ഇപ്പോഴും പുതുമയോടെ മനസില്‍ നില്‍ക്കുന്നു. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ വസന്തകാലത്തിന്‍റെ ഓര്‍മ്മയാണ് ചിത്രം.
 
അഭിനയമികവിന്‍റെ കൊടുമുടി
 
കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി നടനായി മോഹന്‍ലാല്‍ ജീവിച്ച സിനിമയാണ് വാനപ്രസ്ഥം. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ പ്രകടനത്തിന് ഏറ്റവും മികച്ച നടനുള്ള ബഹുമതി നല്‍കി രാജ്യം ലാലിനെ ആദരിച്ചു. ഒരു കഥകളി നടന്‍ കളിയരങ്ങിലും ജീവിതത്തിലും എങ്ങനെ വ്യത്യസ്തനായിരിക്കുന്നു എന്നതിന്‍റെ ഭാവോജ്ജ്വലമായ ആവിഷ്കാരം.
 
ആക്ഷന്‍ രാജാവിന്‍റെ സിംഹാസനപ്രവേശം
 
സാഗര്‍ എലിയാസ് ജാക്കി. വര്‍ഷം 23 കഴിഞ്ഞു ആ കഥാപാത്രം മലയാളികളുടെ മനസില്‍ കുടിയേറിയിട്ട്. മോഹന്‍ലാലിന് ആക്ഷന്‍ ഹീറോയുടെ സിംഹാസനം ഈ സിനിമയ്ക്ക് ശേഷമാണ് പതിച്ചുനല്‍കപ്പെട്ടത്. രാജാവിന്‍റെ മകന്‍ ഒരു തരംഗം സൃഷ്ടിച്ചെങ്കില്‍ ഇരുപതാം നൂറ്റാണ്ടാണ് അതിന് പൂര്‍ണത നല്‍കി. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ മികച്ച ആക്ഷന്‍ എന്‍റര്‍ടെയ്‌നറായിരുന്നു ഇരുപതാം നൂറ്റാണ്ട്. എന്നാല്‍ അതിന്‍റെ രണ്ടാം ഭാഗം വന്നപ്പോള്‍ പ്രേക്ഷകര്‍ അതിനെ തഴഞ്ഞതും ചരിത്രം. ആ കഥാപാത്രത്തിന്‍റെ ഉള്‍ക്കരുത്ത് ചോര്‍ന്നുപോയ സൃഷ്ടിയായിരുന്നു സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്. പഴയ സാഗറിനെയാണ് മലയാളികള്‍ ഇന്നും സ്നേഹിക്കുന്നത്.
 
പ്രണയത്തിന്‍റെ മഴയും നിലാവും
 
ക്ലാര എന്ന പെണ്ണിനെ ചാടിച്ചുകൊണ്ടു വന്ന് പ്രണയത്തിന്‍റെ നിറഭേദങ്ങള്‍ സൃഷ്ടിച്ച മണ്ണാറത്തൊടി ജയകൃഷ്ണനെ ഓര്‍ക്കുന്നുവോ? മഴ കോരിച്ചൊരിയുന്ന രാവില്‍ അയാള്‍ ക്ലാരയ്ക്ക് കത്തെഴുതുന്നത്, തടി കോണ്ട്രാക്ടറായി ക്ലാരയുടെ മുന്നില്‍ വേഷം കെട്ടുന്നത്, ഒന്നും പറയാതെ അവള്‍ ഒരു ദിവസം അപ്രത്യക്ഷമായപ്പോള്‍ പ്രണയത്തിന്‍റെ പനിക്കിടക്കയില്‍ വീണുപോകുന്നത്, അവളോടൊപ്പം ഒരു ഭ്രാന്തന്‍റെ കാലിലെ മുറിവായി അലിയാന്‍ ആഗ്രഹിക്കുന്നത്, ഒടുവില്‍ അവള്‍ മറ്റൊരാളുടേതായി എന്നറിയുമ്പോള്‍ റയില്‍‌വെ സ്റ്റേഷനില്‍ സ്വയം നഷ്ടപ്പെട്ട് നിന്നത്. ഒന്നും മറക്കാന്‍ മലയാളിക്ക് കഴിയില്ല. പ്രണയം നിറഞ്ഞുതുളുമ്പിയ ‘നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി’ലെ സോളമനെക്കാള്‍ ജയകൃഷ്ണന്‍റെ സാഹസികമായ പ്രണയം തന്നെയാണ് മലയാളികളെ വശീകരിച്ചത്. തൂവാനത്തുമ്പികള്‍ എന്ന സിനിമയും പത്മരാജന്‍ എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന നടനും ഇവിടെ പ്രണയത്തിന്‍റെ പര്യായമായി മാറുന്നു. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും തൂവാനത്തുമ്പികള്‍ നമ്മുടെ സ്വപ്നങ്ങളുടെ ആകാശത്ത് പാറിപ്പറന്നുകൊണ്ടേയിരിക്കുന്നു.
 
ആരും സ്നേഹിച്ചുപോകുന്ന മാടമ്പിത്തരം
 
മംഗലശ്ശേരി മാധവമേനോന്‍റെ ത്രിപ്പുത്രന്‍. അവന്‍ കാണേണ്ട എന്നു പറയുന്നതേ കാണൂ. കേള്‍ക്കേണ്ടാ എന്നു പറയുന്നതേ കേള്‍ക്കൂ. മംഗലശ്ശേരി നീലകണ്ഠന്‍ മലയാളികളുടെ മനസില്‍ കല്‍‌വിളക്കുപോലെ ജ്വലിച്ചു നില്‍ക്കുന്ന കഥാപാത്രമാണ്. ആണത്തത്തിന്‍റെ, നിഷേധത്തിന്‍റെ, സ്നേഹത്തിന്‍റെ, ശക്തിയുടെ പ്രതിരൂപം. നല്ല കലാകാരന്‍‌മാരെയും നല്ല ചട്ടമ്പികളെയും മാത്രം ബഹുമാനിക്കുന്ന നീലകണ്ഠനെ രഞ്ജിത് എഴുതിയപ്പോള്‍ സ്ക്രീനില്‍ മോഹന്‍ലാലല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ പോലും ആകില്ലായിരുന്നു. മുണ്ട് മാടിക്കുത്തി, മീശ പിരിച്ച്, ശത്രുവിന്‍റെ നെഞ്ചില്‍ ചവിട്ടി ആക്രോശിക്കുന്ന ദേവാസുരത്തിലെ നീലകണ്ഠന്‍ പ്രേക്ഷകര്‍ ആരാധനയോടെ നോക്കിനിന്ന കഥാപാത്രമാണ്.
 
നഷ്ടമാകുന്ന ഓര്‍മ്മകളും ജീവിതവും
 
ഓര്‍മകള്‍ നഷ്ടപ്പെട്ട രമേശനായി തന്‍‌മാത്രയില്‍ മോഹന്‍ലാല്‍ ജീവിച്ചു. അയാളുടെ നിസഹായതയെയും വിധിയെയും പ്രേക്ഷകര്‍ പഴിച്ചു. തന്‍റെ പഴയകാലവും മറ്റ് ഓര്‍മ്മകളും ഓരോരോ അടരുകളായി മറഞ്ഞുപോകുമ്പോള്‍ ഈ ലോകത്ത് അന്യനായിപ്പോകുന്ന മനുഷ്യന്‍റെ ജീവിതാവസ്ഥയെ ഗംഭീരമായാണ് ലാല്‍ അവതരിപ്പിച്ചത്. അസാധാരണ പ്രതിഭയായ രമേശന്‍ എന്ന മനുഷ്യന്‍റെ അസാധാരണമായ വീഴ്ചയുടെ കഥയായിരുന്നു തന്‍‌മാത്ര. ബ്ലെസി എന്ന സംവിധായകന്‍റെ ഏറ്റവും മികച്ച ചിത്രമായി തന്‍‌മാത്ര മാറി.
 
ചിരിയുടെ വര്‍ണോത്സവം
 
ജോജിയും നിശ്ചലും ഇപ്പോഴും ഊട്ടിപ്പട്ടണത്തില്‍ ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകര്‍. തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍ നല്‍കി സിനിമയില്‍ നിന്ന് ഔട്ടാകുമെന്ന നിലയില്‍ നിന്ന് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ തിരിച്ചുവന്നത് കിലുക്കത്തിലൂടെയാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോജി എന്ന കഥാപാത്രം സൃഷ്ടിച്ച ചിരിയുടെ അലയൊലികള്‍ ഇന്നും തങ്ങിനില്‍ക്കുന്നു. എല്ലാം തികഞ്ഞ ഒരു നായകസങ്കല്‍പ്പമായിരുന്നു ജോജി. അയാള്‍ പ്രണയ നായകനാണ്. ആക്ഷന്‍ ഹീറോയാണ്. നല്ല തമാശകള്‍ സൃഷ്ടിക്കുന്ന സുഹൃത്താണ്. കിലുക്കം എന്ന സിനിമ ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു ഔഷധമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് വെറുതെയല്ല.
 
വേദനയുടെ പഞ്ചാഗ്നിമധ്യേ
 
കല്ലൂര്‍ ഗോപിനാഥന്‍ ഒരു വേദനയായി ഇന്നും ഏവരുടെയും മനസിലുണ്ട്. ജ്യേഷ്ഠന്‍ മരിച്ചത് മറ്റാരെയും അറിയിക്കാതെ, സഹോദരിയുടെ വിവാഹത്തലേന്ന് കീര്‍ത്തനം ആലപിക്കേണ്ടി വന്ന യുവാവിന്‍റെ സങ്കടം. അത് ഒരു കണ്ണീര്‍പ്പുഴയായി അലയടിച്ചൊഴുകി. ഭരതം എന്ന സിനിമ മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ലോഹിതദാസിന്‍റെ കരുത്തുറ്റ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ സിനിമ മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ്.
 
ഭാഷാതീതം, ഭാവസാഗരം
 
മണിരത്നം ‘കട്ട്’ പറയാന്‍ മറന്നു. ഒരുതവണയല്ല, ഒട്ടേറെത്തവണ. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ പ്രകടനം കണ്ട് രാജ്യത്തെ ഏറ്റവും വലിയ ഷോമാന്‍ വിസ്മയിച്ചു. ഇരുവര്‍ എന്ന തമിഴ് സിനിമയില്‍ ആനന്ദന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ചുതകര്‍ക്കുകയായിരുന്നു. എം ജി ആറിനോട് സാദൃശ്യമുള്ള കഥാപാത്രമായിരുന്നു ആനന്ദന്‍. ഇപ്പോഴും തങ്ങളുടെ തലൈവരെ സ്ക്രീനില്‍ അനശ്വരനാക്കിയ ലാലിനോട് തമിഴ് ജനത ആദരവ് സൂക്ഷിക്കുന്നു. ഇരുവറില്‍ മോഹന്‍ലാലിന്‍റെ നായികയായാണ് ഐശ്വര്യാ റായി സിനിമാജീവിതം ആരംഭിച്ചത്.
 
വിധി ചാര്‍ത്തിക്കൊടുത്ത മുള്‍ക്കിരീടം
 
അച്ഛനെ ആക്രമിച്ച ഒരാളെ തല്ലിവീഴ്ത്തുമ്പോള്‍ സേതുമാധവന്‍ എന്ന പാവം യുവാവിനറിയില്ല, തന്‍റെ ജീവിതമാകെ കരിനിഴല്‍ വീഴ്ത്താന്‍ പോകുന്ന കീരിക്കാടന്‍ ജോസാണ് അതെന്ന്. അയാള്‍ തന്നെ തേടി വരുമെന്നും തന്‍റെ ജീവിതം അവിടെ വഴിത്തിരിവിലെത്തുകയാണെന്നും അയാള്‍ക്കറിയില്ല. വേണമെങ്കില്‍ സേതുവിന് അവിടെ നിന്ന് രക്ഷപ്പെടാമായിരുന്നു. പക്ഷേ ബന്ധങ്ങളുടെ കെട്ടുപാടുകളുണ്ട് അയാള്‍ക്ക്. ഒടുവില്‍ ഏവരുടെയും പ്രതീക്ഷകള്‍ തകര്‍ത്ത് ആയുസ് മാത്രം നേടിക്കൊണ്ട് അയാള്‍ ഒരു കൊലയാളിയായിത്തീര്‍ന്നു. ലോഹിതദാസിന്‍റെ സേതുമാധവനായി മോഹന്‍ലാല്‍ നിറഞ്ഞാടി.
 
നായകന്‍ ഭയന്നോടുന്നതോന്നും ആലോചിക്കാന്‍ പോലും ധൈര്യമില്ലാതിരുന്ന സിനിമാലോകത്തിന് മുന്നിലാണ് സേതു എന്ന പച്ചമനുഷ്യന്‍ ശത്രുവില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചത്. അയാള്‍ പറയുന്നുണ്ട് - “കീരിക്കാടനോ പരമേശ്വരനോ ഒന്ന് ആഞ്ഞടിച്ചാല്‍ ഞാനില്ല”. പക്ഷേ സേതു പ്രതികരിച്ചുപോകുന്നു. കാരണം അയാള്‍ക്ക് ജീവിക്കണം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം, കുട്ടിക്കാലം മുതല്‍ സ്നേഹിച്ച ദേവിക്കൊപ്പം. പക്ഷേ വിധിയുടെ ചതിക്കുഴി അയാള്‍ക്കായി തീര്‍ത്തത് മറ്റൊന്നായിരുന്നു. എല്ലാം അയാള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.
 
കിരീടവും സേതുമാധവനും മലയാളികള്‍ ഒരിക്കലും മറക്കില്ല. ആ പാവം സേതുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയാണ് ഓരോരുത്തരും. ആ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന മഹാനടനെയും.
Next Article