മധു തിരിഞ്ഞുനോക്കുമ്പോള്‍

Webdunia
WDWD
ടി.വി യിലെ സ് ക്രീനില്‍ വല്ലപ്പോഴുമെത്തുന്ന പഴയ സിനിമകളില്‍ തന്‍റെ സ്നേഹിതരെ കാണുമ്പോള്‍ മധു എന്ന മാധവന്‍ നായര്‍ ദു:ഖിക്കുന്നു. ഒരു കുടുംബം പോലെ ഇവരുമൊത്തു കഴിഞ്ഞ നല്ല നാളുകള്‍ ഓര്‍ക്കുന്നു.

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്ര, അപൂര്‍വമായെങ്കിലും ഉണ്ടാവുന്ന വാതില്‍പുറ ചിത്രീകരണങ്ങള്‍, ഒരുമിച്ചുള്ള ഭക്ഷണം, ചില കുശുമ്പുകളും കുന്നായ്മകളും എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു.

ഇന്ന് അവരാരുമില്ല. സത്യന്‍, പ്രേം നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, കൊട്ടാരക്കര, എസ്.പി.പിള്ള, മുതുകുളം, ശങ്കരാടി, മുത്തയ്യ ഇങ്ങനെ പോകുന്നു പഴയ സിനിമാ ചങ്ങാതിമാരുടെ പട്ടിക.

അകാലത്തില്‍ പൊലിഞ്ഞ മിസ് കുമാരിയും രാഗിണിയും വിജയശ്രീയും എല്ലാം മധുവിന് വേദനിക്കുന്ന ഓര്‍മ്മകളാണ്. എന്നാല്‍ ചെമ്മീനിലെ നഷ്ടാനുരാഗത്തിന്‍റെ പ്രതീകമായ ആ പഴയ പരീക്കുട്ടിക്ക് തന്‍റെ കറുത്തമ്മ എന്ന വെളുവെളുത്ത ഷീലയെ തിരിച്ചു കിട്ടിയി. മമ്മൂട്ടിയുടെ തസ്കരവീരന്‍ എന്ന ചിത്രത്തില്‍ വളരെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു


മലയാള സിനിമയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള ജെ-.സി.ഡാനിയേല്‍ അവാര്‍ഡെന്ന പരമോന്നത ബഹുമതി മധുവിനെ തേടിയെത്തിയത് 72-ാം വയസിലാണ്.

ഉണങ്ങി മുരിങ്ങക്കാ പോലിരുന്ന ശരീരം തടിച്ചു കൊഴുത്തിട്ട് പതിറ്റാണ്ടുകളായി. അക്കാലത്തെ മുടിയുടെ കറുപ്പു നിറം ചില സൂത്രവിദ്യകളിലൂടെയാണെങ്കിലും മധു ഇന്നും സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു 55 വയസ്സ് ഏറിയാല്‍ 60 വയസ്സേ മധുവിനിപ്പോള്‍ തോന്നൂ.

ബ്ളാക്ക് ആന്‍റ് വൈറ്റിലും ഈസ്റ്റ്മാന്‍ കളറിലും തെളിഞ്ഞു നിന്ന മലയാള നായക നടന്മാരില്‍ ഇന്ന് അവശേഷിക്കുന്നത് മധു മാത്രമേയുള്ളു. വില്ലന്മാരില്‍ ജ-ി.കെ.പിള്ളയും.

ബന്ധങ്ങള്‍ക്ക് ഒരു വിലയുമില്ലാത്തതാണ് ഇന്നത്തെ സിനിമാ ലോകം. പണ്ട് ഒരു കുടുംബം പോലെയായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ കഴിഞ്ഞിരുന്നത്. മുമ്പ് കഥയെ ആശ്രയിച്ചായിരുന്നു സിനിമ. ഇന്നത് താരങ്ങള്‍ക്ക് വേണ്ടിയായി. പണ്ടാരും റോളുകള്‍ക്കായി മത്സരിച്ചിരുന്നില്ല. അവരവര്‍ക്ക് അര്‍ഹമായത് അവര്‍ക്ക് കിട്ടും എന്നതായിരുന്നു അവസ്ഥ.

ഇന്നത്തെ നായികമാര്‍ സ്കൂളില്‍ നിന്നും കോളജ-ില്‍ നിന്നും നേരിട്ട് സിനിമയിലെത്തുന്നു. അവര്‍ക്ക് ജീവിതാനുഭവങ്ങളൊന്നും ഇല്ല. അതുകൊണ്ടാണവര്‍ പെട്ടന്ന് പ്രേമബന്ധങ്ങളില്‍ വീണുപോകുന്നത്.

പഴയ നായികമാര്‍ക്ക് ജീവിതാനുഭവങ്ങള്‍ ഉണ്ടയിരുന്നത് കൊണ്ട് അവര്‍ക്ക് സ്വയം രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. തന്‍റെ നായികമാരില്‍ കാവ്യഭംഗിയുള്ള സൗന്ദര്യം മധു ആരിലും കണ്ടിട്ടില്ല. എന്നാല്‍ ശ്രീവിദ്യയ്ക്ക് വല്ലാത്ത വശ്യത ഉണ്ടയിരുന്നുവെന്ന് മധു പറയുന്നു. മധു - ശ്രീവിദ്യ ജോഡി ഒരു കാലത്തെ ഇണക്കുരുവികളായിരുന്നു.

അഭിനയത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന ചേര്‍ച്ച പക്ഷെ സിനിമയ്ക്ക് പുറത്ത് ഏറെയൊന്നും ഉണ്ടയിരുന്നില്ല. കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്ന പ്രകൃതമായിരുന്നു മധുവിന്. പിന്നീട് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ശിക്ഷണമാണ് അദ്ദേഹത്തെ നല്ലൊരു നടനാക്കിയത്.


ഹിന്ദി പഠിപ്പിക്കുന്ന കോളജ-് അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നതിനിടെ സിനിമയില്‍ അഭിനയിക്കാനെത്തി. തുടക്കത്തില്‍ അല്‍പമൊക്കെ പതറിപ്പോയ മധുവിനോട് തനിക്കീ വാദ്ധ്യാരു പണി കളഞ്ഞ് ഇങ്ങോട്ടു പോരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എന്ന് സത്യന്‍ കളിയാക്കാറുണ്ടായിരുന്നു. സത്യന്‍ അഭിനയിച്ചിരുന്ന മണവാട്ടിയിലും അമ്മയെക്കാണാനിലും മധു മികച്ച അഭിനയം കാഴ്ചവച്ചു.
തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടേയും തങ്കമ്മ (കമലമ്മ) യുടെയും മൂത്തമകനായി 1933 ലാണ് മധുവിന്‍റെ ജ-നനം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു ബിരുദം. തിരുവനന്തപുരം എം.ജി.കോളജില്‍ ഹിന്ദി അദ്ധ്യാപകനായി.

രാമുകാര്യാട്ടിന്‍റെ മൂടുപടമാണ് ആദ്യ ചിത്രം. പക്ഷെ കെ.എം.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത് -1963 ല്‍. മാധവന്‍ നായര്‍ക്ക് മധു എന്ന ചുരുക്കപ്പേര് സമ്മാനിച്ചത് പി.ഭാസ്കരനാണ്.

ചെമ്മീന്‍, ഭാര്‍ഗ്ഗവീ നിലയം, അശ്വമേഥം, തുലാഭാരം, ഓളവും തീരവും, തുറക്കാത്ത വാതില്‍, പ്രിയ, ഉമ്മാച്ചു, യുദ്ധകാണ്ഡം, വിത്തുകള്‍, ഏണിപ്പടികള്‍, കറുത്ത പൗര്‍ണമി, ചെണ്ട, നഖങ്ങള്‍ തുടങ്ങി 200 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിന്ദൂരച്ചെപ്പ്, പ്രിയ, മാന്യശ്രീ വിശ്വാമിത്രന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രിയ (1970), സിന്ദൂരച്ചെപ്പ് (1971) എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

വെള്ളൈക്കടവില്‍ മധു ഉമാ സ്റ്റുഡിയോ തുടങ്ങി. മലയാള സിനിമയെ മദ്രാസില്‍ നിന്നും പറിച്ചു നടാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം പാളിപ്പോയി. ഇന്നത് ഏഷ്യാനെറ്റിന്‍റെ സ്റ്റുഡിയോ ആയി മാറി. വെള്ളൈക്കടവില്‍ മധുവിന് ഇപ്പോഴും സ്ഥലമുണ്ട്.

ബേക്കര്‍ മാതൃകയില്‍ പണിത വിശാലമായൊരു കെട്ടിടവുമുണ്ട്. ഇവിടെ നാടക പ്രവര്‍ത്തനങ്ങളും ചര്‍ച്ചയും ക്യാമ്പുകളും ഒക്കെ നടത്തി ശേഷിച്ച കാലം കഴിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.