ബാഹുബലിക്കായി എയ്റ്റ്‌പാക്ക് ഒരുക്കാന്‍ പ്രഭാസ് കഠിനാദ്ധ്വാനം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുന്നു. പ്രഭാതഭക്ഷണത്തിനായി 40 മുട്ടയുടെ വെള്ളയാണ് പ്രഭാസ് കഴിച്ചിരുന്നതത്രേ! ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇതുപോലെയുള്ള ഭക്ഷണരീതി പരീക്ഷിച്ച ശേഷം കഠിനമായി വര്‍ക്കൌട്ട് ചെയ്യുന്നതായിരുന്നു പ്രഭാസിന്‍റെ ശൈലി.
ഒരു യോദ്ധാവിന്‍റെ ശരീരം തയ്യാറാക്കുന്നതിനായാണ് പ്രഭാസ് ഭക്ഷണക്രമത്തില്‍ വലിയ മാറ്റം വരുത്തിയത്. ദിവസവും ആറുമണിക്കൂര്‍ ജിമ്മില്‍ കഠിനമായ വ്യായാമമുറകളാണ് പ്രഭാസ് ചെയ്തത്. ഒപ്പം വലിയ അളവില്‍ നോണ്‍ വെജ് ആഹാരം കഴിക്കുന്നത് പതിവാക്കുകയും ചെയ്തു. പ്രോട്ടീന്‍ പൌഡറുകളും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്‍ഷ്യ വസ്തുക്കളും ആഹാരത്തില്‍ ഉള്‍പ്പെടുത്തി.
82 കിലോ ശരീരഭാരമുണ്ടായിരുന്ന പ്രഭാസ് ബാഹുബലി ചിത്രീകരണ സമയത്ത് ഭാരം നൂറുകിലോയില്‍ കൂടുതലാക്കി നിലനിര്‍ത്തുകയായിരുന്നു. ആറുമാസക്കാലത്തെ അധ്വാനത്തിന് ശേഷമാണ് ഇപ്പോള്‍ കാണുന്ന ബാഹുബലി ലുക്കിലേക്ക് പ്രഭാസ് എത്തിയത്. തന്‍റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ അവിടുത്തെ പ്രൊഫഷണല്‍ റെസ്‌ലര്‍മാരുമായി ബോഡിബില്‍ഡിംഗിനെക്കുറിച്ച് നടത്തിയ ചര്‍ച്ചകളും പ്രഭാസിന് ശരീരം ക്രമപ്പെടുത്തുന്നതില്‍ സഹായകമായി.