പോള്‍ ന്യൂമാന്‍ യാത്രയാകുമ്പോള്‍..

Webdunia
PROPRO
ഹോളിവുഡ്‌ വെള്ളിത്തിരയിലെ ‘മിസ്‌റ്റര്‍ കൂള്‍’ എന്ന് വിശേഷിപ്പിക്കാവുന്ന അഭിയപ്രതിഭയായിരുന്നു പോള്‍ ന്യൂമാന്‍.

എണ്‍പത്തി മൂന്നാം വയസില്‍ അര്‍ബ്ബുദം ന്യൂമാന്‍റെ ജീവിതം കവര്‍ന്നെടുത്തപ്പോള്‍ അദ്ദേഹം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ജ്വലിച്ചു നില്‍ക്കുകയാണ്‌.

സെപ്‌തംബര്‍ 26നാണ്‌ സ്വവതിയില്‍ വച്ച്‌ അദ്ദേഹം അര്‍ബ്ബുദത്തോട്‌ പോരാടി തോറ്റത്‌. അമേരിക്കയ്‌ക്ക്‌ പോള്‍ ലെനാര്‍ഡ്‌ ന്യൂമാന്‍ അഭിനേതാവ്‌ മാത്രമായിരുന്നില്ല.

സംവിധായകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, വ്യവസായി, വാഹന പ്രേമി എന്നിങ്ങനെ ന്യൂമാന്‍റെ പര്യായ പദങ്ങള്‍ നീണ്ടു പോകുന്നു. ഓസ്‌കര്‍ പുരസ്‌കാരത്തിന്‌ പത്തിലേറെ തവണ ശുപാര്‍ശ ചെയ്യപ്പെട്ടു.

അഭിനയത്തിനുള്ള ഓസ്‌കര്‍ ഒരു പ്രാവിശ്യവും സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം രണ്ടു തവണയും ലഭിച്ചു. ഗോള്‍ഡന്‍ ഗ്ലോബ്‌, സ്‌ക്രീന്‍ ആക്ടേഴ്‌സ്‌ ഗില്‍ഡ്‌, കാന്‍ എന്നിവിടങ്ങളിലും പുരസ്‌കാരങ്ങള്‍. എമ്മി പുരസ്‌കാരവും നേടി.

അമേരിക്കന്‍ കാര്‍ റേസിങ്ങ്‌ മത്സരങ്ങളില്‍ നിരവധി തവണ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന അദ്ദേഹത്തിന്‍റെ കമ്പനിയുടെ ലാഭം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി മാത്രം നീക്കി വച്ചിരിക്കുന്നു.

ഹോളിവുഡിലെ അമ്പതിലേറെ ആഗോള സംരംഭങ്ങളില്‍ ന്യൂമാന്‍ നായകനായിരുന്നു. മഹാരഥന്മാരായ സംവിധായകരൊടോപ്പമെല്ലാം ജോലി ചെയ്‌തു. ആല്‍ഫ്രഡ്‌ ഹിച്ച്‌കോക്ക്‌, ജോണ്‍ ഹഡ്‌സണ്‍, റോബര്‍ട്ട്‌ ആള്‍ട്ട്‌മാന്‍, മാര്‍ട്ടിന്‍ സ്‌കോഴ്‌സേസെ തുടങ്ങിയവരുടെ എല്ലാം മികച്ച സംരംഭങ്ങളില്‍ ന്യൂമാന്‍റെ പങ്കാളിത്തം ഉണ്ടായിരുന്നു.

PROPRO
ഹോളിവുഡില്‍ സുദീര്‍ഘ ദാമ്പത്യങ്ങള്‍ അപൂര്‍വ്വമായി വരുന്ന കാലഘട്ടത്തില്‍ ഓസ്‌കര്‍ പുരസ്‌കാര ജേത്രി കൂടിയായ ഭാര്യ ജോന്നെ വുഡ്‌വാര്‍ഡിനൊപ്പം മികച്ച ദാമ്പത്യ ജീവിതമാണ്‌ ന്യൂമാന്‍ നയിച്ചത്‌. ‘ദ ലോംങ്ങ്‌ ഹോട്ട്‌ സമ്മര്‍’ എന്ന ചിത്രത്തിലൂടെ 1958ല്‍ ഈ ജോഡി ജീവിതത്തിലും ഒന്നിക്കുകയായിരുന്നു.

വിയറ്റ്‌നാംയുദ്ധത്തിനെതിരെ ശക്തമായി രംഗത്തു വന്നതിലൂടെ ന്യൂമാന്‍ പ്രസിഡന്‍റ് നിക്‌സന്‍റെ എതിരാളികളുടെ പട്ടികയിലായി. ഒരു നടന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായി താനതിനെ കാണുന്നു എന്നാണ്‌ ന്യൂമാന്‍ പില്‍ക്കാലത്ത്‌ ഇതിനോട്‌ പ്രതികരിച്ചത്‌.

ന്യൂമാന് ആദ്യ ഭാര്യ ജാക്കി വിറ്റില്‍ രണ്ട്‌ പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നു. വുഡ്‌വാര്‍ഡില്‍ മൂന്ന്‌ പെണ്‍മക്കളും. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റേയും അമിത ലഹരിയില്‍ മകന്‍ അപകടത്തില്‍ പെട്ട്‌ മരിച്ചത്‌ ന്യൂമാന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി.

കുട്ടികളില്‍ മയക്കുമരുന്ന്‌ വിരുദ്ധ വികാരം വളര്‍ത്തുന്നതിനുള്ള സിനിമ എടുക്കുന്നതിന്‌ വേണ്ടി നിര്‍മ്മാണ കമ്പനി തന്നെ ന്യൂമാന്‍ ആരംഭിച്ചു.

ജൂതമതക്കാരനായ അച്ഛന്‌ കത്തോലിക്കകാരിയായ അമ്മയില്‍ 1925 ജനുവരി 26നാണ്‌ ന്യൂമാന്‍ പിറന്നത്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ അമേരിക്കന്‍ സേനയില്‍ പ്രവര്‍ത്തിച്ചു. സേനയില്‍ നിന്ന്‌ മടങ്ങിയ ശേഷം അഭിനയം പഠിക്കാനും സമയം കണ്ടെത്തി.

ദി സില്‍വര്‍ ചാലിസ്‌ (1954) ആയിരുന്നു ആദ്യ ചിത്രം. സംബെഡി അപ്‌ ദേര്‍ ലൈക്‌സ്‌ മീ (1956) ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട്‌ ഹോളിവുഡിലെ പ്രമുഖതാരസാന്നിധ്യമായി ന്യൂമാന്‍ മാറുകയായിരുന്നു.

അമേരിക്കയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ പോരാട്ടങ്ങളിലും ന്യൂമാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു.