പി.ജെ.ആന്‍റണി - മഹാനടനും മനുഷ്യസ്നേഹിയും

മലയാളത്തിന് - ദക്ഷിണേന്ത്യയ്ക്ക് - ആദ്യമായി അഭിനയത്തിനുള്ള ഭരത് അവാര്‍ഡ് നേടിത്തന്ന സിനിമാ നടന്‍ എന്ന പേരിലാവും ഇപ്പോള്‍ പി.ജെ. ആന്‍റണിയെ പലരും ഓര്‍മ്മിക്കുക. എന്നാല്‍ ബഹുമുഖ പ്രതിഭ എന്ന് വിളിക്കാവുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ആന്‍റണി.

1979 മാര്‍ച്ച് 14ന് 54-ാം വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍ അല്പം കഷ്ടപ്പാടും ദുരിതങ്ങളുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ ജീവിതം സുഖ ദുഖങ്ങളുടെ നിമ്നോന്നതങ്ങളായിരുന്നു. 1925ലായിരുന്നു ഈ മഹാനടന്‍റെ ജനനം.

ഹൃദയാലുവായ മനുഷ്യസ്നേഹിയായിരുന്നു ആന്‍റണി. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഈയൊരു വാക്ക് പരിചിതമല്ലായിരുന്ന കാലത്ത് അദ്ദേഹം പോരാടി. അക്രമത്തിനും അനീതിക്കുമെതിരെ ഉറക്കെ ഗര്‍ജ്ജിച്ച് സാഹിത്യ രചനകള്‍ നടത്തി. ആണത്തവും നെഞ്ചുറപ്പുമുള്ള പൊതു പ്രവര്‍ത്തകന്‍ കൂടിയാണ് ആന്‍റണി.

കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ആന്‍റണി. എന്നാല്‍ കമ്യൂണിസത്തേക്കാള്‍ അദ്ദേഹത്തെ നയിച്ചത് സഹജീവി സ്നേഹവും സാമൂഹിക ബോധവുമായിരുന്നു.

പി.ജെ. ആന്‍റണി നാടക നടനായിരുന്നു, നാടക കൃത്തായിരുന്നു, പാട്ടെഴുത്തുകാരനായിരുന്നു, സംഗീത സംവിധായകനായിരുന്നു.

വിശപ്പടക്കാന്‍ പട്ടാളത്തില്‍ ചേര്‍ന്ന ആന്‍റണിയെ ബ്രിട്ടീഷുകാര്‍ക്കെതിരെ 1945 ലെ നാവിക കലാപത്തില്‍ സമരം ചെയ്തതിന് കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത് പിരിച്ചു വിട്ടു. അന്നു പ്രായം 20ല്‍ താഴെ. പിന്നെ മുംബൈ തെരുവിലായിരുന്നു ജീവിതം. പട്ടിണിയും ദാരിദ്യ്രവും വേദനകളും എന്തെന്നറിഞ്ഞ ആന്‍റണി മനുഷ്യസ്നേഹിയായി മാറിയത് അവിടെ വച്ചായിരുന്നു.

ആന്‍റണി എല്ലാ സംഗീതോപകരണങ്ങളും വായിക്കുമായിരുന്നു. ഹാര്‍മോണിയവും തബലയും ഓടക്കുഴലും വയലിനുമെല്ലാം. കൊച്ചിയില്‍ തിരിച്ചെത്തിയ ആന്‍റണിയുടെ മനസ്സ് നാടകത്തില്‍ ഉടക്കി നിന്നു. അതിനിടെ സംസ്കൃതം പഠിച്ചു. പാട്ടെഴുത്തും ട്യൂണിടലും നടത്തി.

മട്ടാഞ്ചേരിയിലെ വെടിവയ്പിനെതിരെ ആന്‍റണി നെഞ്ചുവിരിച്ച് പ്രതിഷേധിച്ചു. കിരാത നീതിയെ വെല്ലുവിളിച്ചു. അതിനെതിരെ നാടകങ്ങള്‍ എഴുതി. സ്വന്തം നാടകസംഘങ്ങളുണ്ടാക്കി. പ്രതിമ ജ്യോതി - ഒടുവില്‍ പി.ജെ. തിയേറ്റേഴ്സ്.

നടന്‍ തിലകനായിരുന്നു ഒടുവില്‍ ആന്‍റണിയുടെ കൂട്ട്. ആന്‍റണി മരിച്ച് കുറെനാള്‍ തിലകന്‍ പി.ജെ. തിയേറ്റേഴ്സ് നടത്തിയിരുന്നു. എന്‍. ഗോവിന്ദന്‍കുട്ടി, ശങ്കരാടി, കോട്ടയം ചെല്ലപ്പന്‍ തുടങ്ങിയവര്‍ ആന്‍റണിയുടെ നാടകട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു.

കേവലം രണ്ടു പതിറ്റാണ്ടേ ആന്‍റണി നാടക-സിനിമാ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുള്ളൂ. പക്ഷെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിസ്മരണീയമാണ്. ചരിത്രത്തിന്‍റെ ഭാഗമാണ്.


വില്ലന്‍ വേഷങ്ങളും വൃദ്ധ വേഷങ്ങളുമായിരുന്നു ആന്‍റണിയെ തേടിയെത്തിയത്. വയസ്സിനപ്പുറം പ്രായം തോന്നിച്ചതു കൊണ്ടാവാം ഇത്. ശബ്ദത്തിന്‍റെ സവിശേഷത ആന്‍റണിയെ ശ്രദ്ധേയനാക്കിയിരുന്നു.

നാടകത്തിനു വേണ്ടി നീലക്കുയിലിലെ പോസ്റ്റ്മാന്‍റെ വേഷം 1954ല്‍ ആന്‍റണി വേണ്ടെന്ന് വച്ചു. (പിന്നെ പി.ഭാസ്കരനാണ് അത് ചെയ്തത്).

1957ല്‍ രണ്ടിടങ്ങഴിയിലെ കോരനായാണ് ആന്‍റണിയുടെ സിനിമാ പ്രവേശം. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ചൂള, അതിഥി തുടങ്ങിയവയാണ് അവസാനകാലത്തെ പ്രധാന സിനിമകള്‍.

ഭാര്‍ഗ്ഗവീ നിലയത്തിലെ പൂച്ചക്കണ്ണന്‍ വില്ലനാണ് ആന്‍റണിയുടെ അവിസ്മരണീയമായ ഒരു വേഷം. ആദ്യ കിരണങ്ങള്‍, ഉണ്ണിയാര്‍ച്ച, തച്ചോളി ഒതേനന്‍, കാട്ടുകുരങ്ങ്, അസുരവിത്ത്, നഗരമേ നന്ദി, പരീക്ഷ, കാവാലം ചുണ്ടന്‍, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പെരിയാര്‍, നിണമണിഞ്ഞ കാല്പാടുകള്‍..... അങ്ങനെപോകുന്നു ആന്‍റണി അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക.

ഇങ്ക്വിലാബിന്‍റെ മക്കള്‍, ചക്രായുധം, പൊതുശത്രുക്കള്‍, മൂഷിക സ്ത്രീ, സോക്രട്ടീസ് തുടങ്ങിയ പതിനഞ്ചോളം നാടകങ്ങള്‍ പുസ്കകമാക്കിയിട്ടുണ്ട്. പക്ഷെ നൂറോളം നാടകങ്ങള്‍ എഴുതി. കല്യാണചിട്ടി എന്ന പ്രാസം കൊണ്ട് ഹാസ്യം വരുത്തുന്ന നര്‍മ്മനാടകവും ആന്‍റണിയുടെ വകയായിട്ടുണ്ട്. അതിലെ പ്രാസക്കാരന്‍ ദല്ലാളിനെ അടൂര്‍ഭാസി അവതരിപ്പിച്ച് അവിസ്മരണീയമാക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക