നിവിന്‍ പോളിയുടെ സിനിമകളുടെ കളക്ഷന്‍ 50 കോടി, പ്രതിഫലം സൂപ്പര്‍താരങ്ങള്‍ക്കൊപ്പം!

Webdunia
ശനി, 6 ജൂണ്‍ 2015 (16:07 IST)
നിവിന്‍ പോളി ബോക്സോഫീസ് ഭരിക്കുകയാണ്. എന്തൊക്കെ എതിരഭിപ്രായം പറഞ്ഞാലും, ഇന്ന് മലയാള സിനിമയില്‍ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി തന്നെ. നിവിന്‍റെ സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. നിവിന്‍റെ ഡേറ്റുകിട്ടാന്‍ നിര്‍മ്മാതാക്കള്‍ ക്യൂനില്‍ക്കുകയും.
 
23 ചിത്രങ്ങളാണ് ഇതുവരെ നിവിന്‍ പോളിയുടേതായി പുറത്തുവന്നത്. ഇതില്‍ പലതിലും നിവിന്‍ ഗസ്റ്റ് റോളുകളിലായിരുന്നു. നായകനായ സിനിമകളില്‍ മിക്കതും മെഗാഹിറ്റ്. നിവിന്‍ ചിത്രങ്ങളുടെ ഇതുവരെയുള്ള കളക്ഷന്‍ 50 കോടിക്കുമേല്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കള്‍ നിവിനുവേണ്ടി ക്യൂ നില്‍ക്കുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ?
 
നിവിന്‍റെ പ്രതിഫലത്തേക്കുറിച്ചാണ് പുതിയ വിവരം. മലയാളത്തിലെ ഏറ്റവും വലിയ മെഗാസ്റ്റാറുകള്‍ വാങ്ങുന്ന പ്രതിഫലമാണ് നിവിന്‍ പോളി ഇപ്പോള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേപ്പറ്റി ഒരു മാധ്യമം ആരാഞ്ഞപ്പോള്‍ ‘സൂപ്പര്‍സ്റ്റാറുകള്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് എനിക്കറിയില്ല’ എന്നാണ് ചിരിച്ചുകൊണ്ട് നിവിന്‍ പോളി പ്രതികരിച്ചത്.
 
നിലവിലെ സാഹചര്യത്തില്‍ ഏറ്റവും സേഫായ താരം നിവിന്‍ പോളി ആണെന്നാണ് നിര്‍മ്മാതാക്കളുടെ അഭിപ്രായം. മോഹന്‍ലാലിന്‍റെയും ദിലീപിന്‍റെയുമൊക്കെ ഏറ്റവും നല്ല സമയത്ത് അവരുടെ ചിത്രങ്ങള്‍ നടത്തിയ ബോക്സോഫീസ് പെര്‍ഫോമന്‍സാണ് ഇപ്പോള്‍ നിവിന്‍ പോളിയുടെ സിനിമകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
 
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമ നിര്‍മ്മിക്കുന്നതും നിവിന്‍ പോളി തന്നെ.