നടന്‍ വിജയകുമാര്‍ ഇനി വിശ്വാസത്തിന്‍റെ വഴിയേ

Webdunia
വ്യാഴം, 28 ജൂലൈ 2011 (17:29 IST)
PRO
വിസാ തട്ടിപ്പ്, ഹവാല ഇടപാട് തുടങ്ങിയ കേസുകളുമായി ബന്ധപ്പെടുത്തി നടന്‍ വിജയകുമാറിന്‍റെ പേര് കേട്ടപ്പോള്‍ കേരളക്കരയിലെ ജനങ്ങള്‍ ഒന്നു ഞെട്ടി. ശോഭനമായ ഭാവിയുണ്ടെന്ന് കരുതിയിരുന്ന ഈ യുവനടന്‍ എന്താണ് ഇങ്ങനെ? പിന്നീട് അറസ്റ്റിലാകുകയും പൊലീസ് സ്റ്റേഷനില്‍ വച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമൊക്കെ ചെയ്തപ്പോള്‍ വിജയകുമാറിനെക്കുറിച്ച് ഒരു വില്ലന്‍ ഇമേജ് പ്രേക്ഷകര്‍ക്കിടയില്‍ രൂപപ്പെട്ടു. തന്നെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചതിയില്‍ പെടുത്തി കേസുകളില്‍ കുടുക്കുകയാണെന്ന് ആരോപണമുന്നയിച്ചും വിജയകുമാര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.

എന്നാല്‍ താന്‍ ഇതൊന്നുമല്ലെന്ന് തെളിയിക്കുകയാണ് വിജയകുമാര്‍. കഴിഞ്ഞകാല ജീവിതത്തിന് ഗുഡ്ബൈ പറഞ്ഞ് വിജയകുമാര്‍ ഇപ്പോള്‍ വിശ്വാസത്തിന്‍റെ വഴിയേ സഞ്ചരിക്കുന്നു. അട്ടപ്പാടിയിലെ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ആദ്യ വെള്ളിയാഴ്ച ധ്യാനങ്ങളില്‍ പങ്കെടുത്ത്‌ വിജയകുമാര്‍ തന്‍റെ ആത്മീയ ജീവിതം ശക്തമാക്കുകയാണ്.

സിനിമയില്‍ നിന്ന് ലഭിച്ച പ്രശസ്തിയും ആരാധകരും സൗഭാഗ്യവുമൊക്കെ തലയ്ക്ക് പിടിച്ചപ്പോള്‍ താന്‍ ദൈവത്തേപ്പോലും മറന്നു എന്ന തിരിച്ചറിവ് ഇപ്പോള്‍ വിജയകുമാറിനുണ്ട്. കത്തോലിക്കാ വിശ്വാസിയായ വിജയകുമാര്‍ സിനിമയിലെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തിയത്.

അട്ടപ്പാടിയില്‍ ഒരാഴ്ച ധ്യാനത്തില്‍ പങ്കെടുത്തതോടെ തന്‍റെ ജീവിതം വഴിത്തിരിവിലെത്തിയതായി വിജയകുമാര്‍ പറയുന്നു. തെറ്റുകള്‍ തിരുത്താന്‍ കഴിഞ്ഞു. ഭൗതിക നിക്ഷേപമല്ല, സ്വര്‍ഗ്ഗീയ നിക്ഷേപമാണ്‌ ജീവിതത്തില്‍ വേണ്ടതെന്ന് മനസിലാക്കി. തനിക്ക് ഒരു നവ ജീവിതക്രമം രൂപപ്പെടുത്താന്‍ കഴിഞ്ഞു എന്ന് പറയുന്ന വിജയകുമാര്‍ ഏവരും ഈ ധ്യാനത്തില്‍ ഒരിക്കലെങ്കിലും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ചിത്രത്തിന് കടപ്പാട് - കൈരളി ടി വി