ദിലീപിന്‍റെ അവതാരങ്ങള്‍

Webdunia
ഒക്ടൊബര്‍ 27 2003

PROPRO
തൊഴില്‍പരമായി ദിലീപ് ജയറാമിന്‍റെ തുടര്‍ച്ചയാണ്. എല്ലാ അര്‍ത്ഥത്തിലും പിന്നീട് ജയറാമിനെപ്പോലാകുവാനും ദിലീപിനു കഴിഞ്ഞു. ഒരൊറ്റക്കാര്യത്തില്‍ മാത്രം ജയറാം ദിലീപിനു പിന്നിലാവും. സിനിമയില്‍ സഹസംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിച്ച പരിചയത്തിന്‍റെ കാര്യത്തില്‍.

ഇന്നിപ്പോള്‍, ചരിത്രത്തിലാദ്യമായി ജയറാമിന്‍റെ ഒരു സിനിമപോലും, ചിത്രീകരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തീയറ്ററിലെത്തുന്നില്ല എന്ന പ്രതിസന്ധിയുടെ രൂക്ഷഘട്ടത്തിലും ദിലീപ് ചിത്രങ്ങളെ പ്രേക്ഷകര്‍ സഹകര്‍ഷം സ്വാഗതം ചെയ്യുന്നു.

ഒറ്റയ്ക്ക് "പറക്കും തളിക'കളെ വിജയിപ്പിക്കാനാവുന്പോഴും താരങ്ങള്‍ക്കൊപ്പം "തെങ്കാശിപ്പട്ടണങ്ങളും', "രാക്ഷസരാജവു'മെല്ലാം ഉണ്ടാവുന്പോള്‍ അവയുടെ വന്‍വിജയങ്ങളിലും പ്രേക്ഷകര്‍ വേഗം തിരിച്ചറിയുന്ന വിജയഘടകമാകാനാകുന്ന ദിലീപ് എന്ന നടന്.

ആലുവയില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് ദിലീപിന്‍റെ ജനനം. പത്മനാഭപിള്ള-സരോജം ദന്പതികളുടെ രണ്ടാണ്മക്കളില്‍ മൂത്തയാള്‍. പഠിക്കുന്പോഴേ കൈവശമുള്ള ചില "കലാ'വാസനയൊക്കെ നാട്ടിലും വീട്ടിലും പുറത്തിറക്കിയിട്ടുണ്ടായിരുന്നു ദിലീപ് .

ജീവിക്കാന്‍ വഴി തേടി ഈ വാസനകളെ ആശ്രയിച്ച ദിലീപിനു തുണയാകാന്‍ നാദിര്‍ഷാ എന്ന ചങ്ങാതിയുമുണ്ടായിരുന്നു. ഓണത്തിനിറങ്ങുന്ന ചില പാരഡി കാസെറ്റുകളിലൂടെ, കേരളത്തിലെങ്ങും പ്രശസ്തമായ മിമിക്രി വേദികളിലൂടെ ദിലീപ് പതിയെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നു.

" ഏഷ്യാനെറ്റ്' ടിവി ചാനലെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന കാലം. അതിലെ "കോമിക്കോള' പരിപാടിയിലൂടെ ദിലീപ് നാലാളറിയുന്ന ഫിഗറായി; ഇന്നസെന്‍റിനെക്കാള്‍ നന്നായി ഇന്നസെന്‍റിനെ അവതരിപ്പിക്കുന്നയാളായി ദിലീപ്.

ജയറാമിന്‍റെ കടന്നുവരവിനുശേഷമാണ് മിമിക്രിവേദികളില്‍ തിളങ്ങുന്നവരെ പ്രേക്ഷകരും സിനിമാക്കാരും തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. അവരില്‍ പലരും പിന്നീട് അവരുടെ പ്രതീക്ഷപോലെ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യങ്ങളുമായി. എന്നാല്‍ സിനിമയില്‍ അഭിനയിക്കാനായിരുന്നില്ല. ദിലീപിന്‍റെ ആദ്യനിയോഗം. അതൊരു സസ്പെന്‍സുള്ള സിനിമാക്കഥപോലെ...


PROPRO
മാനത്തെ കൊട്ടാരം തേടി...

ജയറാം മാറിയ ഒഴിവില്‍ കലാഭവനിലെത്തിയതാണ് ദിലീപ്. പിന്‍ഗാമിയോട് സ്വഭാവികമായി ജയറാമിനൊരു പ്രിയം തോന്നി. അയാളുടെ അഭിനയമോഹമറിഞ്ഞപ്പോള്‍ ജയറാമാണ് പറഞ്ഞത്. ആദ്യം എങ്ങനെയെങ്കിലും സിനിമയിലെത്തിപ്പെടാന്‍ നോക്ക്. എന്നിട്ടാവാം അഭിനയം.

അങ്ങനെ ജയറാമിന്‍റെ ശുപാര്‍ശയോടെ സംവിധായകന്‍ കമലിന്‍റെയരികിലെത്തി.നിലവില്‍ "സഹന്മാ'രെ തട്ടി നടക്കാന്‍ വയ്യാതിരുന്നിട്ടും എന്തോ "പയ്യനി"ലെ കഴിവു തിരിച്ചറിഞ്ഞ കമല്‍ ദിലീപിനെ സംവിധാനസഹായിയായി ഒപ്പം കൂട്ടി. പിന്നീട് സംവിധായകനായ മാറിയ ലാല്‍ ജോസിനോടൊപ്പം.

കമലിനോടൊപ്പം ആറേഴു ചിത്രങ്ങളില്‍ സംവിധാനസഹായിയും സഹസംവിധായകനുമൊക്കെയായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ത്തന്നെയാണ് "കോമിക്കോള'യും മിമിക്ര അരങ്ങുകളും പാരഡി കസെറ്റുകളും. അങ്ങനിരിക്കെയാണ് സംവിധായകന്‍ സുനിലില്‍ നിന്നൊരു അപ്രതീക്ഷിത വിളി വരുന്നത്.

നടി ഖുഷ്ബുവിനൊപ്പം "മാനത്തെ കൊട്ടാരം' എന്ന ചിത്രത്തില്‍ നായകനാവണം: ഇന്ദ്രന്‍സും നാദര്‍ഷയും മറ്റുമാണൊപ്പം. സുരേഷ് ഗോപി അതിഥിയായെത്തിയ, ദിലീപും കൂട്ടരും കടുത്ത ഖുഷ്ബു ആരാധകരായി അഭിനയിച്ച "മാനത്തെ കൊട്ടാരം' നിനച്ചിരിക്കാതെ വന്‍വിജയമായി. ദിലീപിന് ശക്തമായ ചവിട്ടുപടിയും.

തുടര്‍ന്ന് ഒട്ടേറെ ചെറിയ ചിത്രങ്ങളില്‍ കൂട്ടത്തിലൊരു നായകനായി ദിലീപ് പതിയെ ശ്രദ്ധിക്കപ്പെട്ടു. "ത്രീമെന്‍ ആര്‍മി', "വര്‍ണപ്പകിട്ട്'...


PROPRO
ജൂനിയര്‍ യേശുദാസായി "സല്ലാപം'

ലോഹിതദാസും സുന്ദര്‍ദാസും ചേര്‍ന്ന് ഒരുക്കിയ "സല്ലാപം' പുറത്തിറങ്ങിയതോടെ ദിലീപും മഞ്ജുവാര്യരും മലയാളസിനിമയുടെ അവിഭാജ്യഘടകങ്ങളായി വളര്‍ന്നു. "സല്ലാപ'ത്തിലെ ഗായകന്‍ ജൂനിയര്‍ യേശുദാസ് ദിലീപിനെ സംബന്ധിച്ചിടത്തോളം പുനര്‍ജ്ജന്മമായി.

തുടര്‍ന്ന് ഈ ജോഡികളെ വച്ച് ഗുരു കമല്‍ ഒരുക്കിയ " ഈ പുഴയും കടന്ന്' എന്ന ഹിറ്റില്‍ ഗുരുവിന്‍റെ സംവിധാനത്തില്‍ അഭിനയിക്കാനുള്ള അപൂര്‍വഭാഗ്യവും ദിലീപിനു ലഭിച്ചു. വീണ്ടും കമലിന്‍റെ "കൈക്കുടന്ന നിലാവി'ല്‍ ജയറാമിനൊപ്പവും അഭിനയിച്ചു.

ഇതിനിടയില്‍ വിനയന്‍റെ "കല്യാണ സൗഗന്ധികം', ലാല്‍ ജോസിന്‍റെ "കിഴക്കുദിക്കും ദിക്കില്‍', വിനയന്‍റെ തന്നെ "പ്രണയ നിലാവ്', തുളസീദാസിന്‍റെ "അനുരാഗക്കൊട്ടാരം', റാഫി മെക്കാര്‍ട്ടിന്‍റെ "പഞ്ചാബിഹൗസ്' ദിലീപ് വളരുകയായിരുന്നു ഹിറ്റുകളില്‍നിന്നു ഹിറ്റുകളിലേക്ക്. ഒപ്പം കലാഭവന്‍ മണിയുമുണ്ടായിരുന്നു.

നര്‍മത്തില്‍ പൊതിഞ്ഞ ഒരു കഥ, കുടുംബസദസുകള്‍ക്കു ദഹിക്കുന്ന വിധം പറഞ്ഞുപോവുന്ന ചെലവുകുറഞ്ഞ സിനിമകള്‍ക്ക് ദിലീപിനെ വിശ്വസിച്ചു നിര്‍മാതാക്കള്‍ക്കു ധൈര്യമായി പണം മുടക്കാം എന്ന അവസ്ഥയായി. അതോടെ ദിലീപിനെത്തേടി നിര്‍മാതാക്കളെത്തുന്ന സ്ഥിതി വന്നു.

PROPRO
ജോക്കറിലേക്കൊരു കുടമാറ്റം

എന്നാല്‍, ഹാസ്യത്തിന്‍റെ പരിധിവിട്ട് ലേശം ഗൗരവമുള്ള കഥാപാത്രങ്ങളെ ദിലീപിനു നല്‍കാനുള്ള സിബി മലയിലിന്‍റെയും സുന്ദര്‍ദാസിന്‍റെയുമൊക്കെ ശ്രമങ്ങള്‍ "നീ വരുവോള'ത്തിലും "കുടമാറ്റ'ത്തിലും മറ്റും അടിതെറ്റിയതോടെ ദിലീപിന്‍റെ താരവളര്‍ച്ചയ്ക്ക് പെട്ടെന്ന് ചതുര്‍ത്ഥി ബാധയുണ്ടായി. മഴയില്‍ പൊട്ടിമുളയ്ക്കുന്ന തകരപോലൊരു പ്രതിഭാസം മാത്രമാണ് ദിലീപ് എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.

" ഉദയപുരം സുല്‍ത്താന്‍', "ദീപസ്തംഭം മഹാശ്ഛര്യം' തുടങ്ങി അക്കാലത്തിറങ്ങിയ ചിത്രങ്ങളൊക്കയും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ശ്രദ്ധിക്കപ്പൊടാതെ പോവുകയും ചെയ്തു.

പക്ഷേ, ലോഹിതദാസ് എന്ന രക്ഷകന്‍ ദിലീപിന്‍റെ ജീവിതത്തില്‍ അവതരിക്കുന്നത് ഈ അവസരത്തിലാണ്. "ജോക്കര്‍' എന്ന ചിത്രം ദിലീപിനു സഞ്ജീവനിയായി. പിന്നീടവിടുന്ന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നുമാത്രമല്ല. ഒറ്റയ്ക്ക് ഹിറ്റുകള്‍ സമ്മാനിക്കാനുമായി.

സൂപ്പര്‍ താരങ്ങളുണ്ടായിട്ടും "തെങ്കാശിപ്പട്ടണം' പോലുള്ള ചിത്രങ്ങളുടെ വിജയത്തില്‍ ദിലീപിനുള്ള ചെറുതല്ലാത്ത പങ്ക് അംഗീകരിക്കപ്പെട്ടു. തുളസീദാസിന്‍റെ "ദോസ്ത്', രാജസേനന്‍റെ "ഡാര്‍ളിങ് ഡാര്‍ളിങ്", ശശിശങ്കറിന്‍റെ "മിസ്റ്റര്‍ ബട്ട്ളര്‍'... മലയാളത്തില്‍ നായകന് വേണ്ട ഉയരമോ സൗന്ദര്യമോ ഒന്നും പൂര്‍ണമായില്ലാത്ത ഈ "കൊച്ചു മനുഷ്യന്‍' സിംഹാസനമുറപ്പിക്കുകയായിരുന്നു.

PROPRO
പറക്കും തളികയിലെ ഇഷ്ട നായകന്‍

മറ്റൊരു വിജയഘടകവുമില്ലാതിരുന്നിട്ടും ദിലീപിന്‍റെ സാന്നിദ്ധ്യമൊന്നുകൊണ്ടുമാത്രം വിജയിച്ച "പറക്കും തളിക'യെന്ന താഹ ചിത്രത്തോടെ ദിലീപ് "താര'നിരയിലേക്കുയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ചുവടുകളോരോന്നും കരുതലോടെ സൂക്ഷിച്ച് വച്ച് സിബിയുടെ "ഇഷ്ട'ത്തിലൂടെ, ലോഹിയുടെ "സൂത്രധാരനി'ലൂടെ മെല്ലെ വിജയസോപാനങ്ങളേറി താരക്കൊടുമുടിയേറാനുള്ള പുറപ്പാടിലാണ് ദിലീപ്. സഹയാത്രികയായി നായികയും പിന്നീട് ജീവിതസഖിയുമായ മഞ്ജുവാര്യരുമുണ്ട്.

ജിവിതത്തിലും ജയറാമിനെയാണു ദിലീപ് പിന്തുടര്‍ന്നത്. ജയറാം പാര്‍വതിയും ജീവിതസഖിയാക്കിയതിലും നാടകീയമായി ഒരോളിച്ചോട്ടത്തിനൊടുവിലാണ് ദേശീയപ്രശസ്തി നേടി ജ്വലിച്ചുനിന്ന മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്കു കൈപിടിച്ചുകൊണ്ടു വന്നത്. ദിലീപ് - മഞ്ജു ദന്പതികള്‍ക്ക് ഒരു മകള്‍.മീനാക്ഷി!

വിലാസം:

ദിലീപ്,
പത്മസരോവാനം,
പറവൂര്‍ കവല,
ആലുവ,
എറണാകുളം ജില്ല.
ദിലീപിന്‍റെ ചിത്രങ്ങള്‍

PROPRO
ദിലീപിന്‍റെ സിനിമകള്‍

മാനത്തൈകൊട്ടാരം
സൈന്യം
ത്രീമെന്‍ ആര്‍മി
ഏഴരക്കൂട്ടം
സിന്ദൂരരേഖ
കൊക്കരക്കോ
മംഗലംവീട്ടില്‍ മാനസേശ്വരിഗുപ്ത
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കുടുംബകോടതി
കാതിലൊരു കിന്നാരം
സല്ലാപം
സ്വപ്നലോകത്തെ ബാലഭാസ്കരന്‍
കിണ്ണം കട്ട കള്ളന്‍
മാന്ത്രികക്കുതിര
കല്യാണ സൗഗന്ധികം


ഈ പുഴയും കടന്ന്
മന്ത്രമോതിരം
വര്‍ണപകിട്ട്
കുടമാറ്റം
ഉല്ലാസപ്പൂങ്കാറ്റ്
നീ വരുവോളം
ദ് ഗുഡ് ബോയ്സ്
മാനസം
കളിയൂഞ്ഞാല്
മായപ്പൊന്മാന്‍
അനുരാഗക്കൊട്ടാരം
മീനത്തില്‍ താലികെട്ട്
ഗ്രാമപ്പഞ്ചായത്ത്
കൈക്കുടന്ന നിലാവ്
സുന്ദരകില്ലാഡി
വിസ്മയം
ഓര്‍മചെപ്പ്
പഞ്ചാബി ഹൗസ്

മീനാക്ഷീകല്യാണം
പ്രണയനിലാവ്
മേഘം
ചന്ദ്രനുദിക്കുന്ന ദിക്കില്‍
ഉദയപുരം സുല്‍ത്താന്‍
ജോക്കര്‍
വര്‍ണച്ചിറകുകള്‍
മിസ്റ്റര്‍ ബട്ട്ലര്‍
ദീപസ്തംഭം മഹാശ്ഛര്യം
ഡാര്‍ളിങ് ഡാര്‍ളിങ്
ദോസ്ത്
തെങ്കാശിപ്പട്ടണം
ഈ പറക്കും തളിക
രാക്ഷസരാജാവ്
ഇഷ്ടം
ചക്രം
സൂത്രധാരന്‍