പടം നല്ലതായാലും ചീത്തയായാലും ദിലീപാണ് താരമെങ്കില്‍ പടം ഹിറ്റാകുമെന്ന് ഉറപ്പാണെന്ന് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നു. മലയാളത്തില്‍ മറ്റൊരു താരത്തിനും ഈ മിനിമം ഗ്യാരണ്ടി ഇപ്പോള്‍ പറയാനാകില്ല. സൌണ്ട് തോമ എന്ന സിനിമ ലാഭമായി മാറുന്നതും ഈ ദിലീപ് മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ഇതിനുമുമ്പ് വന്ന പല ദിലീപ് ചിത്രങ്ങളും രക്ഷപ്പെട്ടതും ഈ താരമൂല്യത്തിന്‍റെ ബലത്തില്‍ മാത്രമാണ്.
മലയാളത്തിലെ ചില സൂപ്പര്‍താരങ്ങളേപ്പോലെ പ്രതിഫലക്കാര്യത്തില്‍ വലിയ നിര്‍ബന്ധബുദ്ധിയുള്ളയാളല്ല ദിലീപ്. പ്രതിഫലം കുറച്ചുകൊണ്ട് ചില ഏരിയകളിലെ വിതരണാവകാശം മതി എന്ന് ദിലീപ് പറയാറുണ്ട്. അത് റിസ്കുള്ള കാര്യമാണ്. സിനിമ ഓടിയില്ലെങ്കില്‍ നഷ്ടം ഉറപ്പാണ്. ഓടിയാല്‍ ലോട്ടറിയും. മായാമോഹിനി എന്ന സിനിമയില്‍ വിതരണാവകാശത്തിലൂടെ ദിലീപ് മൂന്നരക്കോടി രൂപയോളമാണ് സ്വന്തമാക്കിയത്.
കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതില്‍ ദിലീപ് കാണിക്കുന്ന മിടുക്കാണ് അദ്ദേഹത്തിന്‍റെ സിനിമകളുടെ വിജയരഹസ്യം. ഒരുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന താരത്തിന്‍റെ ചില സിനിമകള്‍ക്ക് കഴിഞ്ഞ വര്‍ഷം 30 കോടിയിലേറെ രൂപയുടെ ബിസിനസ് നടന്നു എന്നതാണ് വിസ്മയകരമായ വസ്തുത.