ജെറി അമല്‍ദേവ്

Webdunia
PRO
മഞ്ഞണികൊമ്പില്‍ ഒരു കിങ്ങിണികൊമ്പില്‍
താണിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലി കുരുവി....

മലയാള സിനിമയുടെ നാഴികക്കല്ലുകളിലൊന്നായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന നവോദയ സിനിമയില്‍ എസ്.ജാനകി പാടി അനശ്വരമാക്കിയ പാട്ടാണിത്.

ചിത്രമെന്ന നിലയില്‍ ഇതൊരു വഴിത്തിരിവായിരുന്നു. അതെപോലെ മഹത്തായ രണ്ട് സംഭാവനകള്‍ ഈ സിനിമ മലയാളിക്ക് നല്‍കി. മോഹന്‍ ലാല്‍ എന്ന കരുത്തുറ്റ നടനെ. ജെറി അമല്‍ദേവ് എന്ന പ്രതിഭാ ശാലിയായ സംഗീത സംവിധായകനെയും.

എവിടെക്കേട്ടാലും തന്‍റേതെന്ന് കേള്‍വിക്കാരെക്കൊണ്ട് പറയിക്കുന്ന രീതിയില്‍ വ്യക്തിമുദ്ര പതിഞ്ഞതായിരുന്നു ജെറി അമല്‍ദേവിന്‍റെ പാട്ടുകള്‍. ജെറിയുടെ പിറന്നാള്‍ ഏപ്രില്‍ 15 ന് ആണ്.

രുചിരവും രുചികരവുമായി ലയിപ്പിച്ച ജെറി അമല്‍ദേവ് മലയാളിയുടെ ഗാനാസ്വാദനത്തിന് പുതിയൊരു ഉണര്‍വ് നല്‍കി. ആദ്യ പടത്തെ തുടര്‍ന്ന് ഒട്ടേറെ അവസരങ്ങള്‍ ജെറി അമല്‍ദേവിനെ തേടിയെത്തി. പക്ഷെ ഇന്നിപ്പോള്‍ അദ്ദേഹം സജീവമായി ചലച്ചിത്ര സംഗീത സംവിധാന രംഗത്തില്ല.

എന്നാല്‍ ഒട്ടേറെ കാസറ്റുകള്‍ക്കും പുതിയ ഭക്തിഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിക്കുകയുണ്ടായി. ഈയടുത്ത കാലത്ത് വലിയൊരു ഗായക സംഘത്തിന്‍റെ കണ്ടക്ടറായി വീണ്ടും രംഗത്തുവന്നു. ജെറി അമല്‍ദേവിന്‍റെ പാട്ടുകളില്‍ ക്രിസ്തീയ സംഗീതത്തിന്‍റെ-പള്ളിപ്പാട്ടിന്‍റെ- ചുവ കൂടുതലാണ് എന്നൊരു ആരോപണം ആദ്യകാലത്തുണ്ടായിരുന്നു. അതൊട്ടൊക്കെ ശരിയായിരുന്നു താനും.

എന്നാല്‍ അവ മോശമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഈ ആരോപണത്തിന് ചുട്ട മറുപടി കൊടുക്കുന്ന ഒന്നാന്തരം ഗാനങ്ങള്‍ ജെറി അമല്‍ദേവ് മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ഉദാഹരണം; എന്നെന്നും കണ്ണേട്ടന്‍റെ എന്ന സിനിമയിലേയും എന്‍റെ മാമാട്ടിക്കുട്ടിഅമ്മയിലേയും ഗാനങ്ങള്‍ തന്നെ. കൈതപ്രം എഴുതിയ ദേവ ദുന്ദുഭി രാഗരസം...., പൂവട്ടക തട്ടിച്ചിന്നി പൂക്കൈത...., മാമാട്ടികുട്ടിയമ്മയിലെ ചിത്ര പാടിയ ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം..., യേശുദാസ് പാടിയ മണ്ണോടു കണ്ണോരം..., മൗനങ്ങളേ ചാഞ്ചാടുവാന്‍.. എന്നിവ.

1990 ല്‍ അപരാഹ്നത്തിന്‍റെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡ് നേടി ജെറി വീണ്ടും ശ്രദ്ധേയനായി.

കൂടും തേടി എന്ന സിനിമയില്‍ കൃഷ്ണചന്ദ്രനും വാണിജയറാമും പാടിയ സംഗമം ഈ പൂങ്കാവനം..., യേശുദാസ് പാടിയ വാചാലം എന്‍ മൗനവും നിന്‍ മൗനവും...., പുന്നാരം ചൊല്ലി ചൊല്ലിയില്‍ ഒ.എന്‍.വി എഴുതി യേശുദാസും ചിത്രയും പാടിയ അത്തപൂ നുള്ള്, എം.ജി.ശ്രീകുമാറും ചിത്രയും പാടിയ വാ കുരുവീ ഇണ പൂങ്കുരുവീ....., ധന്യയിലെ യൂസഫലി എഴുതി യേശുദാസും വാണിജയറാമും പാടിയ കൊഞ്ചും ചിലങ്കേ, ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍....എന്നിവ പ്രധാന ഗാനങ്ങള്‍.

ആദ്യ ചിത്രത്തിലെ ഗാനങ്ങളിലൂടെ തന്നെ ജനശ്രദ്ധ ലഭിച്ച സംഗീത സംവിധായകനാണ് ജെറി അമല്‍ദേവ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം നനഞ്ഞൊഴുകി, മഞ്ഞണി കൊമ്പില്‍, മഞ്ചാടിക്കുന്നില്‍ ... മണിമുകിലുകള്‍ എന്നിവ ഉദാഹരണം.

1939 ഏപ്രില്‍ 15 ന് വി.സി.ജോസഫിന്‍റേയും എം.ഡി മേരിയുടെയും മകനായി കൊച്ചിയിലാണ് ജനനം. പുരോഹിതനാകുന്നതിന് വേണ്ടി ഇന്‍ഡോറിലും പുനെയിലും പഠിച്ചു. ഫിലോസഫി ബി.എ ബിരുദം നേടി. അപ്പോഴും ജെറിയുടെ മനസ്സ് സംഗീതത്തിലായിരുന്നു. മുംബൈയില്‍ ഹിന്ദി ചലച്ചിത്ര സംവിധായകനായ നൗഷദലിയുടെ കീഴില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു.

അമേരിക്കയിലെ ലാ യിലുള്ള സേവിയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ബി.എ ബിരുദവും ന്യൂയോര്‍ക്കിലെ ഈത്തക്കായിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നും ഫൈന്‍ ആര്‍ട്സ് ഇന്‍ മ്യൂസിക് കോംപോസിഷന്‍ ആന്‍റ് മ്യൂസിക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. കുറച്ചു കാലം ന്യൂയോര്‍ക്കിലെ ഫ്ളഷിംഗ് ക്യൂന്‍സ് കോളേജില്‍ സംഗീത അദ്ധ്യാപകനായിരുന്നു.

1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച് സംസ്ഥാന പുരസ്കാരം നേടിയിരുന്നു. സംഗീതത്തില്‍ നിന്ന് കുറേക്കാലം വിട്ടുനില്‍ക്കുമ്പോള്‍ തന്നെ ആരൊക്കയോ മന:പൂര്‍വം ഒഴിവാക്കുകയാണ് എന്ന് ജെറിക്ക് പരാതിയുണ്ടായിരുന്നു.