ചിമ്പുവിന് നായിക രാധയുടെ മകള്‍!

Webdunia
തിങ്കള്‍, 4 ജനുവരി 2010 (20:07 IST)
PRO
ഒരുകാലത്ത് തെന്നിന്ത്യയുടെ ഗ്ലാമര്‍ നായികയായിരുന്ന രാധയുടെ മകള്‍ കാത്തിക മലയാളത്തില്‍ അരങ്ങേറിയത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നല്ലോ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘മകരമഞ്ഞ്’ എന്ന ചിത്രത്തിലൂടെ സന്തോഷ് ശിവന്‍റെ നായികയായാണ് കാര്‍ത്തിക അരങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ കാര്‍ത്തിക വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

തമിഴകത്തെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിലമ്പരശന്‍റെ നായികയാവുകയാണ് കാര്‍ത്തിക. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘കോ’ എന്ന സിനിമയിലാണ് കാര്‍ത്തിക ചിമ്പുവിന്‍റെ നായികയാകുന്നത്. ഏറ്റവും രസകരമായ വസ്തുത, ഇപ്പോള്‍ തമിഴകത്തെ താരറാണിയായ തമന്നയെ ഒഴിവാക്കിയാണ് കാര്‍ത്തികയെ കെ വി ആനന്ദ് നായികയാക്കുന്നത് എന്നതാണ്. ചിത്രത്തിലെ നായികയായി ആദ്യം തമന്നയെയാണ് നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മെഗാ ഹിറ്റായ ‘അയന്‍’ കെ വി ആനന്ദിന് കോളിവുഡിലെ മുന്‍ നിര സംവിധായകരുടെ ഇടയില്‍ സ്ഥാനം നേടിക്കൊടുത്തിരിക്കുകയാണ്. ആനന്ദിന്‍റെ ചിത്രത്തിലൂടെ തമിഴകത്ത് തുടക്കം കുറിക്കാനായത് കാര്‍ത്തികയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കോടമ്പാക്കത്തെ സംസാരം.

ഹാരിസ് ജയരാജ് സംഗീതം നല്‍കുന്ന ‘കോ’യുടെ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ്. ജനുവരി മധ്യത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.