അത്ഭുതം സൃഷ്ടിക്കാന്‍ സൂര്യ, ശ്വാസമടക്കി ആരാധകര്‍!

Webdunia
ശനി, 5 ഫെബ്രുവരി 2011 (14:35 IST)
PRO
സൂര്യ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുകയാണ്. കെ വി ആനന്ദിന്‍റെ സംവിധാനത്തില്‍ സൂര്യ അടുത്ത് ചെയ്യാന്‍ പോകുന്ന സിനിമയുടെ പ്രമേയം ഇതേവരെ ഇന്ത്യന്‍ സിനിമയില്‍ ഒരാളും കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയം. ‘മാറ്റ്‌റാന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സയാമീസ് ഇരട്ടയായാണ് സൂര്യ വേഷമിടുന്നത്!

ഇരട്ടവേഷങ്ങളിലും മൂന്ന് വേഷങ്ങളിലും പത്ത് റോളുകളിലും വരെ തമിഴ് സിനിമയിലെ താരങ്ങള്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സയാമീസ് ഇരട്ടയായി ഒരു നടന്‍ അഭിനയിക്കുന്നത് ഇതാദ്യം. ശരീരങ്ങള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഈ കഥാപാത്രങ്ങള്‍ രണ്ടും വ്യത്യസ്ത സ്വഭാവക്കാര്‍ കൂടിയായാലോ?

ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ച്. എന്നാല്‍ ചിന്തിക്കുന്നത് രണ്ട് വ്യത്യസ്ത രീതിയില്‍. ഒരാള്‍ തനി ക്രിമിനലെങ്കില്‍ മറ്റേയാള്‍ പഞ്ചപാവം. അടിപൊളി കഥാപാത്രങ്ങള്‍ തന്നെ അല്ലേ? ഈ വേഷങ്ങളുടെ പ്രത്യേകത മനസിലാക്കിയ സൂര്യ ആവേശത്തിലാണ്. മാറ്റ്‌റാന്‍ ചെയ്യാനുള്ള തിടുക്കത്തില്‍ ഷങ്കര്‍ ചിത്രമായ ‘നന്‍‌പന്‍’ പോലും സൂര്യ വേണ്ടെന്നുവച്ചു.

കെ വി ആനന്ദും സൂര്യയും ഇതിനുമുമ്പ് ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായത് ‘അയന്‍’ എന്ന മെഗാഹിറ്റ് സിനിമയാണ്. മാറ്റ്‌റാനും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. സൂര്യയുടെ ഈ സൂപ്പര്‍ കഥാപാത്രങ്ങള്‍ക്കായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകരും തമിഴ് സിനിമാലോകവും.

വാല്‍ക്കഷണം: മലയാളത്തില്‍ സമാനമായ ഒരു ചിത്രം ഉണ്ടായിട്ടുണ്ട്. ‘സയാമീസ് ഇരട്ടകള്‍’ എന്നുതന്നെയാണ് ചിത്രത്തിന്‍റെ പേര്. മണിയന്‍‌പിള്ള രാജുവും സൈനുദ്ദീനുമായിരുന്നു സയാമീസ് ഇരട്ടകളായി വേഷമിട്ടത്. ഇസ്മയില്‍ ഹസന്‍ സംവിധാനം ചെയ്ത ഈ ചിത്രം പരാജയമായിരുന്നു.