കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമ്മാതാക്കൾ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകും. പക്ഷേ സംഗീത സംവിധായകർക്കും ഗായകർക്കും അർഹിക്കുന്ന പ്രതിഫലം പോലും നൽകാൻ മടിയാണ്. ഒരിക്കൽ ഒരു നിർമാതാവ് യേശുദാസിനെ പാടിക്കണം എന്നും പറഞ്ഞ് വന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞു. ദാസേട്ടൻ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ. ഞാൻ തിരിച്ചു ചോദിച്ചു. നിങ്ങൾക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്.
ഒരു നാൾ കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ കുറച്ചുപേർ അടുത്തെത്തി. പ്രളയവും തുടർന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്ക് ചിരി. യേശുദാസിന് ഇഷ്‌ടം പോലെ കാശുണ്ടാവുമല്ലോ എന്നാണ് അവർ പറയുന്നത്. അവർ പറഞ്ഞ തുക അഞ്ച് സിനിമകളിൽ പാടിയാലും എനിക്ക് കിട്ടില്ല എന്നതാണ് സത്യം. ലോക്ക്‌ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകൾ ക്യാൻസലായി. നമ്മളെ ആശ്രയിച്ച് കഴിയുന്നവരെ നോക്കേണ്ടത് നമ്മൾ തന്നെയല്ലെ. മക്കളുടെ സ്കൂൾ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ. വിജയ് ചോദിച്ചു.