"അച്ഛന്‍ പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങള്‍ കടന്നുപോന്നയാള്‍", ലോക്‌ഡൗണിനപ്പുറമുള്ള ജീവിതത്തെ കുറിച്ച് മോഹൻലാൽ

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (11:01 IST)
ലോക്ഡൗൺ പൂർത്തിയാക്കി നമ്മൾ പുറത്തിറങ്ങുമ്പോൾ ഒരു പക്ഷേ ജിവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറിപ്പോയേക്കാം. വീടുകൾക്കുള്ളിൽ ഒതുങ്ങിക്കുടിയ ജീവിതം നമ്മളെ ഒരുപാട് കാര്യുങ്ങൾ പഠിപ്പിച്ചിട്ടുണ്ടാകാം. ഇപ്പോഴിതാ ലോക്‌ഡൗണിനെ കുറിച്ചും അത് മുന്നോട്ടുള്ള ജീവിതത്തിൽ പ്രതിഫലിയ്ക്കാനുള്ള സാധ്യതയെ കുറിച്ചും മോഹൻലാൽ ബ്ലോഗിൽ തുറന്നെഴുതിയിരിയ്ക്കുകയാണ്.  
 
 
ബ്ലോഗിന്റെ പൂർണരൂപം
 
അതെ,​നമ്മള്‍ കാത്തിരിക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തനിച്ചായിപ്പോയ മാതാപിതാക്കളെ കാണാന്‍,​കുടുംബത്തെ കാണാന്‍,​കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍,​രോഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍, മുറിഞ്ഞുപോയ സൗഹൃദങ്ങളില്‍ വീണ്ടും കണ്ണിചേരാന്‍. നാമെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു.
 
നമുക്ക് ചെയ്തുതീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു പാതിയില്‍ നിന്നുപോയ ജോലികള്‍,​വീട്ടേണ്ട ബാദ്ധ്യതകള്‍,​ മുടങ്ങാതിരിക്കേണ്ട കടമകള്‍, മുന്നോട്ടുള്ള യാത്രയ്ക്കു വേണ്ട തയ്യാറെടുപ്പുകള്‍. എന്നാല്‍ രാജ്യം പറഞ്ഞു- അരുത്, ആയിട്ടില്ല. അല്പം കൂടി ക്ഷമിക്കൂ. നിങ്ങള്‍ക്കു വേണ്ടി, നമുക്കു വേണ്ടി, നാടിനു വേണ്ടി നമ്മിലേക്കുള്ള മടക്കം. സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വച്ച്‌ വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നാം തിരിച്ചെത്തുന്നത് നമ്മിലേക്കു തന്നെയാണ്. നമ്മുടെ തന്നെ ഓര്‍മകളിലേക്ക്, കടന്നുപോയ വഴികളിലേക്ക്. 
 
നഷ്ടപ്പെടുമ്ബോഴാണ് എന്തിന്റെയും വിലയറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെ. ഈ ഭൂമിയില്‍,​ഈ നാട്ടില്‍ നാമെത്രമേല്‍ സ്വതന്ത്രരായിരുന്നു! സ്‌കൂളുകളിലേക്ക് നാം നടന്നുപോയ വഴികള്‍, നാം കളിച്ച വീട്ടുതൊടികള്‍,​വളരുന്തോറും നാം കണ്ട സ്വപ്നങ്ങള്‍, നാം തേടിയ ജോലികള്‍, ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍,​നമ്മുടെ അദ്ധ്വാനങ്ങള്‍,​ആത്മസംതൃപ്തികള്‍,​പ്രിയപ്പെട്ടവരുമൊത്ത് ചെലവഴിച്ച നിമിഷങ്ങള്‍,​ കണ്ട് അമ്പരന്ന മനോഹര കാഴ്ചകള്‍,​തനിച്ചു സഹിച്ച സഹനങ്ങള്‍,​ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ആധികള്‍,​കാണാതെ പോയ വീട്ടുവിസ്മയങ്ങള്‍. 
 
എന്തു വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്! എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍? ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര! കാണാതെ പോയതെത്ര! കേട്ടതെത്ര,​കേള്‍ക്കാതെ പോയതെത്ര? കണ്ട വിദൂരവിസ്മയങ്ങളെക്കാള്‍ മോഹനം കാണാതെ പോയ വീട്ടുവിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും. നമ്മുടെ വയോജനങ്ങള്‍ അനുഭവിക്കുന്ന ഏകാന്തത ചിലരെങ്കിലുമൊക്കെ മനസ്സിലാക്കിയിരിക്കാം. പുറത്തിറങ്ങാനാവാതെ ജാലകത്തിലൂടെ നോക്കിയിരിക്കുമ്ബോള്‍ ചിലരെങ്കിലും പറഞ്ഞിരിക്കാം. ലോകം എത്രമേല്‍ മനോഹരമാണ്! എത്ര വിശാലമാണ്!
 
സ്വയമണിഞ്ഞ വിലങ്ങുകള്‍ മാറ്റി, അധികം വൈകാതെ വീണ്ടും ലോകത്തേക്കിറങ്ങുമ്പോള്‍ നാമെല്ലാം പങ്കിടുന്ന പൊതുചോദ്യമുണ്ട്. എവിടെ തുടങ്ങണം? എങ്ങോട്ടു പോകണം? എനിക്കിനി സാധിക്കുമോ? ഒരു ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ രംഗം ഓര്‍മ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓര്‍ക്കുകയാണ്. കൊടും മഴ, പ്രളയം നാടിനെ മുക്കിയിരിക്കുന്നു. അവരുടെ മുന്തിരിപ്പാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയത് അവന്‍ കണ്ടു. അദ്ധ്വാനിച്ചതെല്ലാം പ്രകൃതിയെടുത്തിരിക്കുന്നു. വീടിന്റെ നനഞ്ഞ വാതില്‍പ്പടിയില്‍ അച്ഛന്‍ നില്‍പുണ്ടായിരുന്നു. 
 
അച്ഛന്‍ പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങള്‍ കടന്നുപോന്നയാള്‍. തീക്ഷ്ണമായി ജീവിതം രുചിച്ചയാള്‍. വിറച്ചുവിറച്ച്‌ അവന്‍ ചോദിച്ചു- നമ്മുടെ മുന്തിരി മുഴുവന്‍ പോയി,​ അല്ലേ അച്ഛാ?​ അപ്പോള്‍ മുഴങ്ങുന്ന സ്വരത്തില്‍ അച്ഛന്‍ പറഞ്ഞു നമ്മള്‍ പോയില്ലല്ലോ! സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ തിരിച്ചുവരുമ്പോള്‍ നമുക്കും പറയാറാവണം 'നമ്മള്‍ പോയില്ലല്ലോ.' നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാവൂ. നമുക്കു വേണ്ടി, നാടിനു വേണ്ടി. ആശങ്കകളുടെയും നിരാശകളുടേയും വേദനകളുടെയും വിഷാദങ്ങളുടെയും അപ്പുറത്തു നിന്ന് ഞാനൊരു ഗാനം കേള്‍ക്കുന്നു. പീറ്റ് സീഗര്‍ എന്ന അമേരിക്കന്‍ നാടോടി ഗായകന്റെ പ്രത്യാശാഭരിതമായ ആ ഗാനം. 
 
വി ഷാല്‍ ഓവ‌ര്‍കം.
വി ഷാല്‍ ഓവര്‍കം സം ഡേ...
ഓ ഡീപ് ഇൻ മൈ ഹാർട്ട്, ഐ ഡു ബിലീവ്
വി ഷാല്‍ ഓവര്‍കം സം ഡേ

അനുബന്ധ വാര്‍ത്തകള്‍

Next Article