മമ്മൂട്ടി നിസഹായനായി നിന്നു, അപ്പോഴത്തെ ആ മുഖം എനിക്ക് മറക്കാനാവില്ല!

ശനി, 5 ജനുവരി 2019 (18:36 IST)
മലയാള സിനിമയില്‍ കഥാപാത്രങ്ങളുടെ വിവിധ വികാരഭാവങ്ങളിലൂടെ ഏറ്റവും കൂടുതല്‍ കടന്നുപോകാന്‍ കഴിഞ്ഞിട്ടുള്ള ഒരു നടന്‍ മമ്മൂട്ടിയാണ്. അദ്ദേഹം സൃഷ്ടിക്കാത്ത വികാരാനുഭൂതികളില്ല. ദേഷ്യവും സങ്കടവും സന്തോഷവും ആനന്ദവും നിസഹായതയുമെല്ലാം മമ്മൂട്ടി അവതരിപ്പിക്കുന്നത് അതിന്‍റെ പെര്‍ഫെക്‍ട് ഫോമില്‍ ആയിരിക്കും.
 
നിസഹായനായ മമ്മൂട്ടിയുടെ മുഖത്തേക്കുറിച്ച് പറയുമ്പോള്‍ കെ പി എ സി ലളിതയ്ക്ക് അതേപ്പറ്റി വളരെ കൃത്യമായ ഒരു കാര്യം പറയാനുണ്ട്. അമരം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം.
 
ആ സിനിമയില്‍ ലളിതയുടെ മകനായ അശോകനെ കടലില്‍ വച്ച് മമ്മൂട്ടി കൊലപ്പെടുത്തെയെന്ന ആരോപണം ഉയരുന്ന രംഗമുണ്ട്. ‘എന്‍റെ മകനെ നീ കൊന്നുകളഞ്ഞില്ലേ?’ എന്നാരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ലളിത കരയുന്ന സീനാണ് ചിത്രീകരിക്കുന്നത്.
 
‘താന്‍ അത് ചെയ്തിട്ടില്ല’ എന്ന നിസഹായമായ ഭാവത്തോടെ നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് കെ പി എ സി ലളിത വ്യക്തമാക്കുന്നത്. നിസഹായത അതിന്‍റെ പാരമ്യത്തില്‍ അവതരിപ്പിക്കുകയായിരുന്നു മമ്മൂട്ടി. അത് കണ്ട് താന്‍ പറയേണ്ട ഡയലോഗ് പോലും മറന്നുപോയെന്നും കെ പി എ സി ലളിത പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍