ഒടിയന്‍റെ ബജറ്റിനെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍ എന്നോടൊന്നും സംസാരിച്ചില്ല: ശ്രീകുമാര്‍ മേനോന്‍

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (18:04 IST)
മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയായ മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഇനി വെറും മൂന്ന് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ബാക്കിയുള്ളത്. 50 കോടിയിലേറെയാണ് ചിത്രത്തിന്‍റെ ചെലവ്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റണി പെരുമ്പാവൂരാണ്.
 
ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാകുന്ന വേളയില്‍ നിര്‍മ്മാതാവ് ആന്‍റണിയെക്കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
 
നിർഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായതും. 
 
സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാൻ ആന്റണിക്ക് കഴിഞ്ഞിരുന്നു. ഒടിയന്റെ നിർമ്മാണ ചിലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. 
 
ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഞാൻ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നൽകി വാർത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാൻ എനിക്ക് ഒട്ടും മടിയില്ല.
 
ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരിൽ പറയാത്ത ഒരു കാര്യം ഞാൻ ഇവിടെ പറയട്ടെ;
നന്ദി ആന്റണി, എന്നെ ഉറങ്ങാൻ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കരുത്തോടെ കൂടെ നിന്നതിന്!

അനുബന്ധ വാര്‍ത്തകള്‍

Next Article