മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ അതില്‍ തിളങ്ങിനില്‍ക്കുന്ന ഒരധ്യായമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘വിധേയന്‍’ എന്ന സിനിമ. ആ ചിത്രത്തില്‍ ഭാസ്‌കര പട്ടേലര്‍ എന്ന വില്ലത്തരമുള്ള കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയെ ആ സിനിമയിലേക്ക് തീരുമാനിച്ചത് വലിയ റിസ്‌കായിരുന്നു എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അറിയപ്പെടുന്ന താരത്തെ കാസ്റ്റ് ചെയ്യുമ്പോള്‍ വലിയ റിസ്‌കാണ് നമ്മള്‍ എടുക്കുന്നത്. ഒരു വലിയ സ്റ്റാര്‍ അദ്ദേഹം സ്ഥിരമായി ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് ചെയ്താല്‍ അത് വലിയ പ്രശ്നമാകും. ഇനിഷ്യല്‍ ആയി വലിയ ഓഡിയന്‍സിനെ നമുക്ക് കിട്ടും. പക്ഷേ, അദ്ദേഹത്തെ കണ്ടുപരിചയിച്ച റോള്‍ അല്ലെങ്കില്‍ തിരിച്ചടിക്കും - അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ അടൂര്‍ പറയുന്നു.
"വിധേയന്‍ ചെയ്യുമ്പോള്‍ എനിക്ക് വലിയ റിസ്ക്ക് ആയിരുന്നു. മമ്മൂട്ടി അഭിനയിക്കുന്നത് ഒരു ആന്‍റി ഹീറോ റോളിലാണ്. പടത്തിന്റെ ട്രീറ്റ്മെന്‍റ് കൊണ്ടും അതിന് ഈ നടന്‍ പൂര്‍ണമായും വഴങ്ങി എന്നുള്ളതുകൊണ്ടും ആളുകള്‍ക്ക് കണ്‍വിന്‍സിംഗ് ആയി തോന്നുകയായിരുന്നു. മമ്മൂട്ടിയുടെ ഇമേജിന് ദോഷം വന്നില്ല എന്നുമാത്രമല്ല, ഇമേജ് കൂടുകയാണ് ഉണ്ടായത്" - അടൂര്‍ വ്യക്തമാക്കുന്നു.