രാജമാണിക്യം പിന്നാലെ നടന്ന് വേട്ടയാടി, ഒരു പൃഥ്വിരാജ് സിനിമ ബോക്‍സോഫീസില്‍ വിറച്ച കഥ !

ജോര്‍ജി സാം

ചൊവ്വ, 25 ഓഗസ്റ്റ് 2020 (12:21 IST)
പൃഥ്വിരാജ് നായകനായ മനോഹരമായ ചിത്രമായിരുന്നു അനന്തഭദ്രം. സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്‌ത മലയാള ചിത്രം. സുനില്‍ പരമേശ്വരന്‍റെ തിരക്കഥയില്‍ മണിയന്‍‌പിള്ള രാജു നിര്‍മ്മിച്ച സിനിമ. കാവ്യാ മാധവന്‍ നായിക. മനോഹരമായ ഗാനങ്ങള്‍. മനോജ് കെ ജയന്‍റെ കരിയറിലെ ഏറ്റവും മികച്ച വില്ലന്‍ വേഷം - ദിഗംബരന്‍. എല്ലാം ഒത്തുചേര്‍ന്നിട്ടും ഒരു മഹാവിജയമായി മാറാന്‍ അനന്തഭദ്രത്തിന് കഴിഞ്ഞില്ല. 
 
അതിന് ഒരു കാരണമുണ്ട്, അല്ലെങ്കില്‍ ഒരു കാരണമേയുള്ളൂ. മമ്മൂട്ടി നായകനായ ‘രാജമാണിക്യം’ എന്ന സിനിമ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച എന്‍റര്‍ടെയ്നറുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ആ സിനിമയാണ് അനന്തഭദ്രത്തിന് വില്ലനായി മാറിയത്. റിലീസായ അന്നുമുതല്‍ കേരളക്കരയാകെ രാജമാണിക്യത്തിന്‍റെ തരംഗത്തിലായി. അനന്തഭദ്രത്തിന് പിടിച്ചുനില്‍ക്കാനായില്ല.
 
രാജമാണിക്യത്തിന്‍റെ വിജയത്തിന്‍റെ വൈദ്യുതിപ്രവാഹത്തില്‍ അനന്തഭദ്രത്തിന്‍റെ ചിറകുകള്‍ക്കാണ് പൊള്ളലേറ്റത്. ഒരു വലിയ വിജയത്തിലേക്ക് അതിന് പറന്നുയരാന്‍ കഴിഞ്ഞില്ല. "അനന്തഭദ്രം എവിടെപ്പോയാലും രാജമാണിക്യം കൂടെയുണ്ടാകും. ബോക്‍സോഫീസ് കളക്ഷനൊക്കെ രാജമാണിക്യം തൂത്തുവാരിക്കൊണ്ടുപോയി” എന്നാണ് അനന്തഭദ്രത്തിന്‍റെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു തന്നെ വ്യക്തമാക്കിയിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍