"തമിഴില്‍ പോയി ചവിട്ടും തൊഴിയും കൊള്ളരുത്" - സുരേഷ്ഗോപിക്ക് മമ്മൂട്ടിയുടെ ഉപദേശം. ഷങ്കര്‍ ചിത്രമായ 'ഐ'യില്‍ സുരേഷ്ഗോപി അഭിനയിക്കുന്നുണ്ടെന്നറിഞ്ഞ മമ്മൂട്ടി ഫോണില്‍ വിളിച്ചാണ് തന്നെ ഉപദേശിച്ചതെന്ന് സുരേഷ്ഗോപി തന്നെ വ്യക്തമാക്കുന്നു.
'ഐ' റിലീസാകുകയും തന്‍റെ കഥാപാത്രം ഏറെ പ്രശംസ നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപി ഇക്കാര്യം പറയുന്നത്.
ശിവാജി എന്ന രജനീകാന്ത് ചിത്രത്തില്‍ സുമന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി മോഹന്‍ലാലിനെ വിളിച്ചിരുന്നെങ്കിലും ലാല്‍ നിരസിക്കുകയായിരുന്നു എന്നും തമിഴില്‍ പോയി നായകന്‍റെ ചവിട്ടും തൊഴിയും ഏല്‍ക്കുന്ന വേഷം ചെയ്യരുതെന്നുമായിരുന്നു സുരേഷ്ഗോപിക്ക് മമ്മൂട്ടിയുടെ ഉപദേശം.
സുരേഷ്ഗോപിയും മമ്മൂട്ടിയും തമ്മില്‍ അത്ര നല്ല ബന്ധമല്ലാതിരിക്കുന്ന കാലത്തുപോലും മെഗാസ്റ്റാര്‍ നടത്തിയ ഈ ഉപദേശം സുരേഷ്ഗോപി അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. അടികൊള്ളുന്ന വില്ലന്‍ വേഷമാണെങ്കില്‍ താന്‍ ചെയ്യില്ലെന്ന് ഷങ്കറിനെ സുരേഷ്ഗോപി അറിയിച്ചത് മമ്മൂട്ടിയുടെ ഉപദേശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു.