ശ്രീനിവാസന്‍ നിര്‍മ്മാതാവിനെതിരെ, എസ് കുമാറിനെ മാറ്റിനിര്‍ത്താനാവില്ല!

Webdunia
ചൊവ്വ, 31 ജനുവരി 2012 (15:44 IST)
PRO
‘പത്മശ്രീ ഭരത്‌ ഡോക്ടര്‍ സരോജ്‌കുമാര്‍’ ഹിറ്റാകും എന്ന് ഉറപ്പായി. ദിനം‌പ്രതിയുണ്ടാകുന്ന വിവാദങ്ങള്‍ തന്നെ കാരണം. വമ്പന്‍ പ്രതീക്ഷയുണര്‍ത്തിയിരുന്ന പല സിനിമകളും പ്രതീക്ഷയ്ക്കൊത്തുയരാതെ വന്നപ്പോള്‍ പ്രേക്ഷകര്‍ സരോജ്കുമാര്‍ കണ്ട് സമയം കളയാം എന്ന തീരുമാനത്തിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

തനിക്ക് 75 ലക്ഷം രൂപ നഷ്ടം വരുത്തിയ സംവിധായകന്‍ സജിന്‍ രാഘവന്‍റെയും ക്യാമറാമാന്‍ എസ് കുമാറിന്‍റെയും പേരുകള്‍ ചിത്രത്തിന്‍റെ തുടര്‍ന്നുള്ള പരസ്യത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് നിര്‍മ്മാതാവ് വൈശാഖ് രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്പത് ദിവസം കൊണ്ട് തീര്‍ക്കേണ്ട സിനിമ സംവിധായകന്‍ ബോധപൂര്‍വം വൈകിച്ചത്രെ. അതിന് എസ് കുമാര്‍ കൂട്ടുനിന്നു എന്നായിരുന്നു നിര്‍മ്മാതാവിന്‍റെ ആരോപണം.

എന്നാല്‍ നിര്‍മ്മാതാവിന്‍റെ ഈ പരാമര്‍ശത്തിനെതിരെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നായകനുമായ ശ്രീനിവാസന്‍ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസം. “പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്‌കുമാര്‍ എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ ക്യാമറാമാന്‍ എസ്‌ കുമാര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അങ്ങനെയിരിക്കെ നിര്‍മാതാവ്‌ വൈശാഖ്‌ രാജന് എന്തുകൊണ്ടാണ് മറിച്ചൊരഭിപ്രായമുണ്ടായത്‌ എന്ന് എനിക്കറിയില്ല” - ഒരു പ്രമുഖ മാധ്യമത്തോട് ശ്രീനി പ്രതികരിച്ചു.

എസ് കുമാറിനെ സംരക്ഷിക്കാന്‍ തയ്യാറായ ശ്രീനി പക്ഷേ സംവിധായകന്‍ സജിന്‍ രാഘവനെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.