ശ്രീനിയെ തിരുത്താന്‍ ഞാനാളല്ല: ‘സരോജ്കുമാറി’ന്‍റെ സംവിധായകന്‍

Webdunia
തിങ്കള്‍, 30 ജനുവരി 2012 (15:23 IST)
PRO
അമ്പതുദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ചിത്രം 72 ദിവസം ഷൂട്ടിംഗ് നീട്ടിക്കൊണ്ടുപോയി നിര്‍മ്മാതാവിന് 75 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്ന ചീത്തപ്പേര് ചാര്‍ത്തിക്കിട്ടിയ സജിന്‍ രാഘവന്‍ എന്ന സംവിധായകന്‍ ഇപ്പോള്‍ മലയാള സിനിമയിലുണ്ടായിരിക്കുന്ന വിവാദങ്ങളിലെ കേന്ദ്രബിന്ദുവാണ്. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍‘ എന്ന സിനിമയുടെ സംവിധായകന്‍. തനിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ഷൂട്ടിംഗ് ബോധപൂര്‍വം നീട്ടിക്കൊണ്ടുപോയെന്ന നിര്‍മ്മാതാവിന്‍റെ ആരോപണത്തെ സജിന്‍ രാഘവന്‍ ഖണ്ഡിക്കുന്നു.

“ഒരു സറ്റയര്‍ ഫിലിം എന്ന ലക്‍ഷ്യത്തില്‍ നിന്ന് തിരക്കഥ എഴുതി വന്നപ്പോള്‍ വിമര്‍ശനം ഏകപക്ഷീയമായിപ്പോയി എന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ എന്‍റെ അഭിപ്രായവ്യത്യാസം തുറന്നു പ്രകടിപ്പിച്ചിരുന്നതാണ്. ശ്രീനിയേട്ടന്‍ എഴുതിയ സ്‌ക്രിപ്റ്റിലെ ഒരു ഭാഗം മാറ്റിയെഴുതിപ്പിക്കാന്‍ മാത്രമുള്ള കഴിവോ ശക്തിയോ എനിക്കില്ലായിരുന്നു. അതിനു ശ്രമിച്ചാല്‍ ഈ പ്രൊജക്ടില്‍ നിന്ന് ഞാന്‍ പുറന്തള്ളപ്പെടും എന്നതില്‍ കവിഞ്ഞ് ഒന്നും സംഭവിക്കുമായിരുന്നില്ല. എത്രയോ വര്‍ഷങ്ങളുടെ അലച്ചിലിനുശേഷം സ്വന്തമായി ചിത്രം ചെയ്യാന്‍ ലഭിച്ച അവസരമാണ്. വെറും പിടിവാശിയുടെ പേരില്‍ അതു വിട്ടുകളയാന്‍ മനസിലെ സ്വാര്‍ഥത അനുവദിച്ചില്ല.” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ സജിന്‍ രാഘവന്‍ വ്യക്തമാക്കുന്നു.

“സിനിമ ഇറങ്ങി 25 ദിവസം പിന്നിടുമ്പോഴാണ് എനിക്ക് കഴിവില്ലെന്ന ആരോപണവുമായി നിര്‍മ്മാതാവ് വൈശാഖ് രാജന്‍ രംഗത്തുവന്നിരിക്കുന്നത്. എനിക്കൊരു കഴിവുമില്ലെങ്കില്‍ എന്നെ വച്ച് ഇത്രയും പണം മുടക്കി സിനിമയെടുക്കാന്‍ അദ്ദേഹം തയ്യാറായത് എന്തിനാണ്? മൂന്നര കോടി രൂപ മുടക്കില്‍ 72 ദിവസം കൊണ്ട് തീര്‍ത്ത സിനിമയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് പ്രശ്‌നങ്ങളും മഴയും കാരണം ആറുദിവസങ്ങളില്‍ ഷൂട്ടിങ് മുടങ്ങിയതൊഴിച്ചാല്‍ മുഴുവന്‍ സമയവും ജോലി ചെയ്തുകൊണ്ടാണ് പടം തീര്‍ത്തത്. രണ്ടേകാല്‍ കോടി രൂപയ്ക്ക് ഈ സിനിമയുടെ സാറ്റലൈറ്റ് റേറ്റ് വിറ്റുപോയിട്ടുണ്ട്. ബാക്കി പണം മാത്രമേ തിയേറ്ററുകളില്‍ നിന്ന് കിട്ടേണ്ടതുള്ളൂ.” - സജിന്‍ രാഘവന്‍ പറയുന്നു.