വിനയന്‍റേതല്ല, വാസന്തിയും കരുമാടിക്കുട്ടനും എന്‍റേത്: മണി

Webdunia
ശനി, 22 ജനുവരി 2011 (20:54 IST)
PRO
വിനയന്‍റെ സിനിമകളില്‍ അഭിനയിക്കാത്തതില്‍ തനിക്ക് നഷ്ടബോധമില്ലെന്ന് കലാഭവന്‍ മണി. വാസന്തിയും ലക്‍ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ സിനിമകളുടെ ആശയം തന്‍റേതാണെന്നും മണി.

“വിനയന്‍ സാറിന്‍റെ സിനിമകളില്‍ അഭിനയിക്കാതായതോടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടു എന്ന തോന്നല്‍ എനിക്കില്ല. കാരണം ഞാന്‍ അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളുടെ ആശയം ഞാനാണ് വിനയന്‍ സാറിന് പറഞ്ഞുകൊടുത്തത്” - മണി വ്യക്തമാക്കുന്നു.

മാത്രമല്ല, താന്‍ വീണ്ടും അന്ധകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും മണി പറയുന്നു. “വളരെ വ്യത്യസ്തമായ ഒരു അന്ധ കഥാപാത്രത്തെ ഒട്ടും വൈകാതെ തന്നെ ഞാന്‍ അവതരിപ്പിക്കും. നാട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഒരു വെല്ലുവിളിപോലെ ഏറ്റെടുക്കുന്ന ഒരു അന്ധന്‍റെ കഥയാണത്.”

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ പറന്നുനടന്ന് അഭിനയിക്കുന്ന മണി ഇപ്പോള്‍ സ്വന്തമായി ഒരു കാരവന്‍ വാങ്ങിയിരിക്കുകയാണ്. “സിനിമയുടെ ചിത്രീകരണം പലപ്പോഴും ജനത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും. അതല്ലെങ്കില്‍ അഴുക്കുചാലുകളുടെ അരികിലായിരിക്കാം. ഒന്ന് മൂത്രമൊഴിക്കാനോ ദുര്‍ഗന്ധമില്ലാത്ത ഒരിടത്തിരുന്ന് ഭക്ഷണം കഴിക്കാനോ കഴിയാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കാരവന്‍ വാങ്ങിയത്. സെറ്റിലെത്തുമ്പോള്‍ കാരവന് വാടക വാങ്ങാറില്ല. കറന്‍റ് ചാര്‍ജ് മാത്രമാണ് വാങ്ങുന്നത്. ഒരിക്കലും നിര്‍മ്മാതാക്കളെ ദ്രോഹിക്കുന്ന നടനല്ല ഞാന്‍” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കലാഭവന്‍ മണി വ്യക്തമാക്കുന്നു.