വായിക്കൂ... ധനുഷിന്‍റെ പ്രണയദിന കൊലവെറി!

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2012 (11:11 IST)
PRO
പ്രണയം എത്ര മനോഹരമാണ്, എത്ര ഹൃദ്യമാണ്, എത്ര ആനന്ദകരമാണ്. അത് അനുഭവിച്ചറിഞ്ഞവര്‍ അതേക്കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ എന്ത് രസമാണ്. ധനുഷ് ഇന്ന് ‘കൊലവെറി’യിലൂടെ ലോകം മുഴുവന്‍ പ്രശസ്തനാണ്. ധനുഷ് പ്രണയിച്ച് വിവാഹം കഴിച്ചത് സാക്ഷാല്‍ രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യയെ. എന്തായാലും പ്രണയത്തേക്കുറിച്ച് ധനുഷ് പറയുന്നതെന്തൊക്കെ? വായിക്കൂ...

“പരസ്പരം ബഹുമാനിക്കുക എന്നതാണ് ഒരു പ്രണയബന്ധത്തില്‍ ഏറ്റവും അടിസ്ഥാനമായ ഘടകം. പങ്കാളിക്ക് അവരുടേതായ സ്പേസ് നല്‍കാന്‍ എപ്പോഴും തയ്യാറാവണം. അവരുടെ വ്യക്തിത്വത്തെ മാനിക്കണം. അവരെ നിങ്ങളേക്കാള്‍ വിശ്വസിക്കണം. നിങ്ങള്‍ക്കിടയില്‍ എന്ത് സംഭവിച്ചാലും അത് നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങണം. നിങ്ങളുടെ മാതാപിതാക്കളെപ്പോലും നിങ്ങളുടെ പ്രണയജീവിതത്തില്‍ ഇടപെടാന്‍ അനുവദിക്കരുത്.” - ധനുഷിന്‍റെ ലവ് ടിപ്പുകള്‍ എങ്ങനെ? അത് തുടരുകയാണ്...

“നിങ്ങള്‍ ചിരിക്കുന്നു, നിങ്ങള്‍ കരയുന്നു, നിങ്ങള്‍ അത്ഭുതപ്പെടുന്നു. അതുപോലെതന്നെയാണ്, നിങ്ങള്‍ പ്രണയം അനുഭവിക്കുന്നതും. അത് ഏറ്റവും പ്രധാനമായ വികാരമാണ്. ഞാന്‍ എന്‍റെ സിനിമയിലെ രണ്ട് നായികാകഥാപാത്രങ്ങളുമായി പ്രണയത്തിലാണ് - തുളസി(അത് ഒരു കനാക്കാലം), യാമിനി(മയക്കം എന്ന).” - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ധനുഷ് പറയുന്നു.

എന്നാല്‍ മറ്റൊരു സുപ്രധാന ഉപദേശവും ധനുഷിന്‍റെ വകയായുണ്ട്, “നിങ്ങള്‍ നിങ്ങളുടെ പ്രണയബന്ധത്തില്‍ തൃപ്തരല്ലെങ്കില്‍ കൂടുതല്‍ക്കാലം അത് തുടരുന്നതില്‍ അര്‍ത്ഥമില്ല. ആനന്ദകരവും സംതൃപ്തവുമല്ലാത്ത ഒരു സ്നേഹബന്ധത്തില്‍ തുടര്‍ന്നുപോകുക എന്നത് വേദനാജനകമാണ്”.