രജനികാന്തിനും മമ്മൂട്ടിക്കും പകരക്കാരില്ല!

Webdunia
ശനി, 29 ഒക്‌ടോബര്‍ 2016 (13:37 IST)
മണിരത്നത്തിന്‍റെ ചിത്രം ആയതുകൊണ്ടുമാത്രമല്ല ‘ദളപതി’ഇന്ത്യന്‍ സിനിമാസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാകുന്നത്. അത് മണിരത്നത്തിനുവേണ്ടി ഇളയരാജ സംഗീതം നല്‍കിയ ഒടുവിലത്തെ ചിത്രമാണ്. അതിനുശേഷമാണ് മണിരത്നം തന്‍റെ ‘റഹ്‌മാന്‍ പ്രിയം’ ആരംഭിക്കുന്നത്. 
 
മഹാഭാരതത്തിലെ കര്‍ണന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് മണിരത്നം ആ സിനിമയൊരുക്കിയത്. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ഇത്രയും പ്രത്യേകതകളെല്ലാം പരിഗണിച്ചാലും ‘ദളപതി’യുടെ പ്രേക്ഷകപ്രീതിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അത് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമയാണ്.
 
സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവരാജന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും തകര്‍ത്താടിയ സിനിമ. ഈ സിനിമ റീമേക്ക് ചെയ്താല്‍ ആരൊക്കെ നായകന്‍‌മാരാകും? സൂര്യയായും ദേവരാജനായും മറ്റ് താരങ്ങളെ ആലോചിക്കാന്‍ പോലും ആര്‍ക്കും ആവില്ല. എങ്കിലും നടന്‍ അരവിന്ദ് സ്വാമിയോടാണ് ഇങ്ങനെ ഒരു ചോദ്യമെങ്കില്‍?
 
അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ദളപതി. രജനികാന്തിന്‍റെ സഹോദരനായ അര്‍ജ്ജുന്‍ എന്ന കഥാപാത്രത്തെയാണ് ദളപതിയില്‍ സ്വാമി അവതരിപ്പിച്ചത്. എന്നാല്‍ ദളപതി റീമേക്ക് ചെയ്താല്‍ താങ്കള്‍ മമ്മൂട്ടിയുടെ റോള്‍ ചെയ്യുമോ രജനികാന്തിന്‍റെ റോള്‍ ചെയ്യുമോ എന്ന ചോദ്യത്തോട് ചിരിയോടെയാണ് അരവിന്ദ് സ്വാമി പ്രതികരിക്കുന്നത്.
 
“ഞാന്‍ അര്‍ജ്ജുന്‍ എന്ന അതേ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്”.
 
ഇതില്‍ നിന്ന് മനസിലാക്കാവുന്നത് ഒരു കാര്യമേയുള്ളൂ. സൂര്യയായും ദേവരാജനായും രജനികാന്തിനും മമ്മൂട്ടിക്കും പകരക്കാരില്ല!
Next Article