മോഹൻലാൽ ഒരു വൃത്തികേടിനും കൂട്ടുനിൽക്കുന്ന ആളല്ലെന്നും ഇങ്ങനെ പോയാൽ അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉടൻ രാജിവയ്ക്കുമെന്നും നിർമ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അധ്യക്ഷനുമായ ലിബർട്ടി ബഷീർ. സിദ്ദിക്കും മുകേഷും ഗണേഷുമടക്കം നാലഞ്ചുപേരാണ് അമ്മയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ദിലീപിനോടുള്ള അമിതവിധേയത്വം അമ്മയെ പ്രതിസന്ധിയിലാക്കുമെന്നും ലിബർട്ടി ബഷീർ പറയുന്നു.
മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബഷീർ ആഞ്ഞടിക്കുന്നത്. മോഹൻലാലിനെ ഒരു വൃത്തികേടിനും കൂട്ടുനിൽക്കാൻ കിട്ടില്ല. ഈ രീതിയിലാണ് കാര്യങ്ങളെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ ലാൽ രാജിവയ്ക്കും. മമ്മൂട്ടി ആ സംഘടനയിൽ ഒരു സാധാരണ മെമ്പർഷിപ്പുമായി നിൽക്കുന്നതും ഇതേ കാരണം കൊണ്ടാണ്. മമ്മൂട്ടിയെ ഒരിക്കൽ ജാതിപറഞ്ഞുവരെ ആക്ഷേപിച്ചിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് മഞ്ജു വാര്യർ ഇപ്പോഴുമുള്ളത്. ആ കുട്ടിക്ക് വേണ്ടിയാണ് മഞ്ജു എല്ലാം സഹിച്ചത്. മോഹൻലാലിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതുകൊണ്ടും സിനിമയിൽ സജീവമായിരിക്കുന്നതുകൊണ്ടുമാണ് മഞ്ജു ഇപ്പോൾ മിണ്ടാതിരിക്കുന്നത്. അവർ നിശബ്ദരായിരിക്കുന്നതുകൊണ്ട് അവർ മിണ്ടില്ല എന്ന് കരുതേണ്ട. അമ്മയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ മഞ്ജു പോരാടും - ലിബർട്ടി ബഷീർ പറയുന്നു.