നാടകോത്സവം മാറ്റിനിര്‍ത്തിയാല്‍ അക്കാദമി ഈ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പറയാനാകുമോ?
ഇല്ലെന്ന് തന്നെയാണ് എന്റെ ഉത്തരം. നല്ല നാടകങ്ങള്‍ ഏകീകരിക്കുന്നതില്‍ നാടക അക്കാദമി സജീവ ഇടപെടലുകള്‍ നടത്തുന്നില്ല. നല്ല നാടകങ്ങള്‍ കാണാന്‍ പോലും അക്കാദമിയുടെ തലപ്പത്തുള്ളവര്‍ തയ്യാറാകുന്നില്ല. നമ്മള്‍ അപേക്ഷ അയക്കുകയല്ല വേണ്ടത്. നല്ല നാടകങ്ങള്‍ക്ക് അക്കാദമി വേദിയുണ്ടാക്കണം.
കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് കരുതുന്നുണ്ടോ?
അത് ഉണ്ടാകുമല്ലോ. അവരുടേതായ ഒരു രാഷ്ട്രീയം ഉണ്ടാകും. നോക്കൂ, കൂനന്‍ എന്ന നാടകം 1000 വേദി പിന്നിട്ടു. ഇത് അക്കാദമിയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഞാന്‍ അങ്ങോട്ട് പോയി ചോദിച്ചിട്ടും അവസരം കിട്ടിയിട്ടില്ല. ചെറിയ വേദിയില്‍ ചെറിയ തുകയ്ക്ക് കളിക്കാവുന്ന നാടകമാണ്. എന്നിട്ടും മാറ്റി നിര്‍ത്തപ്പെടുന്നു. എന്നിട്ട് അപ്രധാനമായ പല നാടകങ്ങള്‍ക്കും അക്കാദമി വേദി നല്‍കുകയും ചെയ്യുന്നു. അതും ഒന്നിലേറെ തവണ.
സിനിമാക്കാര്‍ നാടക അക്കാദമിയുടെ തലപ്പത്തു വരുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? ഇപ്പോള്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുള്ള നടന്‍ മുകേഷിനെയാണ് ഉദ്ദേശിച്ചത്?
ദോഷമില്ല. പക്ഷേ മുകേഷിനേക്കാള്‍ നല്ലത് നാടകപ്രവര്‍ത്തകര്‍ തന്നെയാണ്. നാടകത്തെക്കുറിച്ച് ബോധമുള്ള ആള്‍ക്കാര്‍ അക്കാദമിയുടെ തലപ്പത്ത് വരണം. നാടകത്തെ കുറിച്ച് പ്രസംഗിക്കുന്ന സൈദ്ധാന്തികരെയല്ല ഉദ്ദേശിക്കുന്നത്. നാടകം ചെയ്ത് പരിചയമുള്ള, നാടകം സംഘടിപ്പിക്കാന്‍ അറിയുന്നവരാണ് വേണ്ടത്. എന്നാലല്ലേ ഏതൊക്കെ നാടകങ്ങളാണ് നല്ലത് എന്ന് മനസ്സിലാകൂ.
നാടകത്തിന് സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹനം ലഭിക്കില്ലെന്ന അഭിപ്രായമുണ്ടോ?
സര്‍ക്കാര്‍ സിനിമയെയാണ് യഥാര്‍ഥ കലയായി അംഗീകരിക്കുന്നത്. സ്കൂളുകളില്‍ സിനിമ ചെയ്യാന്‍ ഇപ്പോള്‍ ഫണ്ടുണ്ട്. എന്തു കൊണ്ട് നാടകം സ്കൂളുകളില്‍ നിര്‍ബന്ധ പഠന വിഷയമാക്കി നാടകപ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കിക്കൂടാ?. ഇങ്ങനെ ചെയ്താല്‍ നാടകക്കാര്‍ മാത്രമല്ല രക്ഷപ്പെടുക, നാടിന്റെ സാംസ്കാരിക നിലവാരവും മെച്ചപ്പെടും. സിനിമകളേക്കാള്‍ നാടകമാണ് രാജ്യത്തിന്റെ സ്വത്തെന്ന് തിരിച്ചറിയുകയാണ് പ്രധാനം. നാടകമാണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
നാടകത്തില്‍ വളരെ അനായാസേന അഭിനയിക്കുന്ന താങ്കള്‍ സിനിമയില്‍ അത്രകണ്ട് വിജയിക്കുന്നില്ല.
സിനിമയില്‍ സമയം ആവശ്യമാണ്. മിമിക്രിക്കാര്‍ പെട്ടെന്ന് കാര്യങ്ങള്‍ ക്യാച്ച് ചെയ്യും. പക്ഷേ നാടകക്കാര്‍ക്ക് തുടക്കത്തില്‍ അല്‍പ്പം പ്രശ്നമാണ്. ആരും നാടകക്കാരെ വച്ച് പരീക്ഷണത്തിന് മുതിരില്ല. അപൂര്‍വം ചിലര്‍ ഒരിക്കല്‍ ശ്രമിച്ചാല്‍ തന്നെ പിന്നീട് തുടര്‍ച്ചയുണ്ടാകുന്നില്ല. പാലേരി മാണിക്യം കണ്ട് ചേരന്‍ പറഞ്ഞത് മലയാളം നല്ല നടന്‍മാരെ കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ്. മമ്മൂട്ടിക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന നടന്‍മാര്‍ മലയാളത്തില്‍ ഉണ്ടെന്നാണ്.
പുതിയ പ്രൊജക്റ്റുകള്‍ എന്തൊക്കെയാണ്?
കൂനന്‍ 1000 വേദികള്‍ പിന്നിട്ടതിനാല്‍ പ്രേക്ഷകര്‍ എന്നില്‍ നിന്ന് പുതിയ നാടകം പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ഒരു സോളോ ചെയ്യാനാണ് പദ്ധതി. പത്മനാഭന്റെ കഥയാണ് മനസ്സില്‍. മരിയോ ഫ്രൈറ്റിയുടെ ഇറ്റാലിയന്‍ നാടകമായ ചെഗുവേരയില്‍ എന്റേതായിട്ടുള്ള ചിന്തകളും ചേര്‍ത്ത് ഒരു സോളോയും ആലോചിക്കുന്നുണ്ട്. വലിയൊരു നാടകവും ചെയ്യണമെന്നുണ്ട്.
ഒരു വ്യക്തിപരമായ ചോദ്യം കൂടി. അവിവാഹിതനായി തുടരുന്നതിന്റെ കാരണം?
എന്റെ പ്രണയം നാടകത്തോട് തന്നെയാണ്. അഭിനയം ഒരുതരത്തില്‍ പ്രണയവും ദാമ്പത്യവും രതിയുമൊക്കെയാണ്. പിന്നെ എന്റെ ജീവിതപങ്കാളി എന്റെ കലയെയും പ്രണയിക്കുന്നയാള്‍ ആയിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത്തരം ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതും ഒരു കാരണമാണ്.