സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ‘ഭാസ്കര്‍ ദി റാസ്കല്‍’ പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. വിഷുവിനെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ജെ ഡി ചക്രവര്‍ത്തിയാണ് വില്ലന്‍.
സിദ്ദിക്കിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ഇത് മൂന്നാം തവണയാണ്. ഹിറ്റ്ലര്‍ ആയിരുന്നു ആദ്യചിത്രം. പിന്നീട് ക്രോണിക് ബാച്ച്‌ലര്‍. രണ്ടും മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മെഗാഹിറ്റുകള്‍. മൂന്നാം തവണ മമ്മൂട്ടിക്കൊപ്പം ചേരുമ്പോള്‍ സിദ്ദിക്ക് ആഹ്ലാദത്തിലാണ്. എല്ലാവരും കരുതുന്നതുപോലെ ഒരു ‘പ്രശ്നക്കാരന്‍’ അല്ല മമ്മൂട്ടി എന്ന് സിദ്ദിക്ക് പറയുന്നു.
“ഒരേ സമയം ഒരുപാട് സിനിമകള്‍ ചെയ്യുകയും വ്യത്യസ്തങ്ങളായ കഥകള്‍ കേള്‍ക്കുകയും ചെയ്യുന്നയാളാണ് മമ്മുക്ക. എപ്പോഴും അദ്ദേഹത്തിന് എല്ലാ കഥകളുടെയും സിനിമകളുടെയും വിശദാംശങ്ങള്‍ ഓര്‍മ്മ കാണണമെന്നില്ല. എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയേണ്ടതുണ്ട്. അതുകൊണ്ട് സംശയങ്ങള്‍ ചോദിക്കും. അദ്ദേഹം പരുക്കനായ ഒരാളാണെന്ന ഇമേജുണ്ടായത് ഇതുകാരണമാകാം” - സിദ്ദിക്ക് പറയുന്നു.
“കാര്യങ്ങള്‍ ചെയ്യുന്നതിന് ഓരോ അഭിനേതാവിനും അവരുടേതായ വഴികളുണ്ടാവും. മമ്മൂട്ടി സ്വാഭാവികമായ ചോദ്യങ്ങള്‍ ചോദിക്കും. ഒരു സംശയത്തിന് വ്യക്തമായ ഒരുത്തരം ലഭിച്ചാല്‍ പിന്നീട് എല്ലാം ഈസിയാണ്. നമ്മള്‍ എന്തുദ്ദേശിച്ചുവോ അതിന്‍റെ ഇരട്ടി റിസള്‍ട്ടാവും പിന്നീട് അദ്ദേഹത്തില്‍ നിന്ന് ലഭിക്കുക” - സിദ്ദിക്ക് വെളിപ്പെടുത്തുന്നു.
“ഞാന്‍ സഹസംവിധായകനായിരിക്കുന്ന കാലം മുതലേ മമ്മുക്കയ്ക്ക് എന്നെ അറിയാം. സിനിമയ്ക്കപ്പുറം ഞങ്ങളുടെ ബന്ധം വളരെ ദൃഢമാണ്. എന്‍റെ വീട്ടുകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലുമൊക്കെ മമ്മുക്ക വിമര്‍ശനങ്ങള്‍ നടത്താറുണ്ട്. സിനിമ ചെയ്യുന്നതില്‍ മാത്രമാണ് എനിക്ക് മിടുക്കെന്ന് മമ്മുക്ക എപ്പോഴും പറയാറുണ്ട്. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ ഞാന്‍ ആസ്വദിക്കാറുമുണ്ട്” - ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദിക്ക് പറയുന്നു.