യാത്ര എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ മമ്മൂട്ടി എന്ന നടന്‍ തനിക്ക് സമ്മാനിച്ച വിസ്മയങ്ങള്‍ ഏറെയാണെന്ന് ബാലു മഹേന്ദ്ര വ്യക്തമാക്കി.
“ഷൂട്ടിംഗിന്‍റെ ഓരോ ഘട്ടത്തിലും തന്‍റെ വേഷത്തേക്കുറിച്ചും മനോവ്യാപാരത്തെക്കുറിച്ചും മമ്മൂട്ടി തിരക്കും. ഓരോ സീനിലും തന്‍റെ കഥാപാത്രത്തെ വ്യക്തിത്വമുള്ളതാക്കാന്‍ മമ്മൂട്ടി ശ്രദ്ധിച്ചിരുന്നു” - ബാലു മഹേന്ദ്ര പറയുന്നു. ഷൂട്ടിംഗിന്‍റെ തിരക്കിനിടയില്‍ എല്ലാ വെള്ളിയാഴ്ചയും അഞ്ചുമിനിറ്റ് നേരം മമ്മൂട്ടി നിസ്കരിക്കുമായിരുന്നതിനെയും ഈ ഓര്‍മ്മക്കുറിപ്പില്‍ ബാലു മഹേന്ദ്ര പരാമര്‍ശിച്ചിട്ടുണ്ട്.
“അദ്ദേഹത്തിലെ വിശ്വാസിയെ ഞാന്‍ ആദരിക്കുന്നു. അതിലേറെ ബഹുമാനിക്കുന്നു. വിശുദ്ധിയുള്ള മനസില്‍ മാത്രമേ വിശ്വാസം നിലനില്‍ക്കുകയുള്ളൂ. നിലനില്‍പ്പുള്ള വിശ്വാസമാണ് മനുഷ്യസ്നേഹമുള്ള വ്യക്തിത്വത്തിന്‍റെ അടിത്തറ. ആ അടിത്തറ ഞാന്‍ മമ്മൂട്ടിയില്‍ കണ്ടു.”
“യാത്രയുടെ ഷൂട്ടിംഗ് കഴിയുന്നതുവരെ മമ്മൂട്ടിയെ ഞാന്‍ നിശബ്ദമായി നിരീക്ഷിക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും അയാള്‍ ആവേശത്തോടെ ഉണ്ണികൃഷ്ണനെന്ന കടലാസിലെ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ വെള്ളവും വായുവും തേടുന്ന കാഴ്ചയാണ് കണ്ടത്. സിനിമയുടെ അവസാനം വരെ ആ തിരച്ചില്‍ അയാള്‍ തുടര്‍ന്നു. സ്വന്തം കഥാപാത്രത്തിന് വളര്‍ന്നു വികസിക്കാനുള്ള ഇടങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു” - ബാലു മഹേന്ദ്ര ഓര്‍മ്മിക്കുന്നു.