കര്‍ണന്‍ എന്ന ഇതിഹാസകഥാപാത്രത്തെ കേന്ദ്രമാക്കി രണ്ടുസിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുന്നത് വലിയ വാര്‍ത്തയായിരിക്കുകയാണല്ലോ. പൃഥ്വിരാജിന്‍റെ കര്‍ണനും മമ്മൂട്ടിയുടെ കര്‍ണനും. അതില്‍ മമ്മൂട്ടിയുടെ കര്‍ണന്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സൂചന. സംവിധായകന്‍ മധുപാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“ഒരു സാധാരണ ചിത്രം പോലെ കര്‍ണന്‍ ചെയ്യാനാവില്ല. അതൊരു വലിയ ക്യാന്‍വാസില്‍ ഒരുക്കേണ്ട സിനിമയാണ്. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ഏറെ ഹോംവര്‍ക്ക് ആവശ്യമായുണ്ട്. മഹാഭാരതം പോലെ ഒരു ഇതിഹാസമാണ് പുനഃസൃഷ്ടിക്കാനൊരുങ്ങുന്നത്. ആ സമയത്തോടും കാലത്തോടും നീതിപുലര്‍ത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്” - മധുപാല്‍ പറയുന്നു.
“കര്‍ണനെ കേന്ദ്രകഥാപാത്രമാക്കിയുള്ള എന്‍റെ സിനിമയുടെ ജോലി ആരംഭിച്ചിട്ട് ഏറെക്കാലമായി. അതേ കഥാപാത്രത്തെ കേന്ദ്രമാക്കി പൃഥ്വിരാജും ആര്‍ എസ് വിമലും പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങളുടെ പ്രൊജക്ടും വലിയ വാര്‍ത്തയായി വന്നത്. കര്‍ണന്‍റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്‍റെ നേരത്തേ തീരുമാനിച്ച പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാലുടന്‍ കര്‍ണന്‍ ആരംഭിക്കും” - മധുപാല്‍ പറയുന്നു.
18 വര്‍ഷത്തെ ഗവേഷണത്തിനും പഠനങ്ങള്‍ക്കും യാത്രകള്‍ക്കും ശേഷം പി ശ്രീകുമാറാണ് കര്‍ണന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് ഈ പ്രൊജക്ടിന്‍റെ നിര്‍മ്മാണച്ചെലവ്.