പൃഥ്വി പറയുന്നു, ആ വിവാഹം എന്‍റേതല്ല!

Webdunia
ബുധന്‍, 23 മാര്‍ച്ച് 2011 (17:47 IST)
PRO
കഴിഞ്ഞ വാരം വന്ന ഏറ്റവും ഹോട്ട് ന്യൂസ് ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്‍റെ വിവാഹത്തെ സംബന്ധിച്ചുള്ളതായിരുന്നു. പൃഥ്വി ഏപ്രിലില്‍ വിവാഹിതനാകുമെന്ന് മലയാളം വെബ്ദുനിയയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പൃഥ്വി നിഷേധിക്കുകയാണ്. ‘അതു സംബന്ധിച്ച വാര്‍ത്ത തീര്‍ത്തും തെറ്റാണ്’ എന്നാണ് പൃഥ്വി പറയുന്നത്.

“എന്‍റെ വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. വിവാഹത്തീയതി ഉള്‍പ്പടെയാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നത്. ഈ വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണ്” - പൃഥ്വിരാജ് അറിയിച്ചു.

മുംബൈയില്‍ ഒരു ടി വി ചാനലില്‍ റിപ്പോര്‍ട്ടറായ മലയാളി പെണ്‍കുട്ടിയാണ് വധു എന്നും ഉറുമിയുടെ റിലീസിന് ശേഷം വിഷുവിനോടനുബന്ധിച്ച് വിവാഹം നടക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്. തെന്നിന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് പെണ്‍കുട്ടി പൃഥ്വിരാജിനെ ആദ്യമായി കണ്ടതെന്നും പിന്നീട് പെണ്‍കുട്ടിയെ കാണാന്‍ എല്ലാ വാരാന്ത്യങ്ങളിലും പൃഥ്വി മുംബൈയിലേക്ക് പറക്കുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പൃഥ്വി ഇതൊക്കെ നിഷേധിച്ചിരിക്കുകയാണ്.

സംവൃതാ സുനില്‍, മീരാ ജാസ്മിന്‍, പ്രിയാമണി, ശരണ്യ തുടങ്ങി ഒട്ടേറെ സിനിമാതാരങ്ങളുടെ പേരുകള്‍ പൃഥ്വിയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം പൃഥ്വി നിഷേധിക്കുകയായിരുന്നു. എന്നാല്‍ വളരെ വിശദമായി ‘ഏപ്രില്‍ 27’ എന്ന് കല്യാണത്തീയതി വരെ പ്രഖ്യാപിച്ചുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞയാഴ്ച ലഭിച്ചത്. ഈ റിപ്പോര്‍ട്ടും പതിവുപോലെ പൃഥ്വി തള്ളിക്കളഞ്ഞിരിക്കുകയാണ്.