നന്നായി ജോലി ചെയ്തില്ലെങ്കില്‍ ‘കോബ്ര’യുടെ ഗതിവരും!

Webdunia
ചൊവ്വ, 25 ജൂണ്‍ 2013 (20:23 IST)
PRO
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് സംവിധായകന്‍ ലാലിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതാണ് ‘കോബ്ര’ എന്ന ചിത്രത്തിലൂടെ സാധ്യമായത്. എന്നാല്‍ മമ്മൂട്ടി എന്ന മഹാനടന്‍റെ കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ പറ്റിയ സിനിമയായിരുന്നില്ല അത്. ‘കോബ്ര’ വന്‍ പരാജയമായി.

എന്തായാലും ‘കോബ്ര’യുടെ വീഴ്ചയ്ക്ക് ശേഷം സംവിധാനരംഗത്തിന് താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ് ലാല്‍. എന്നാല്‍ ടൂര്‍ണമെന്‍റ്, കോബ്ര തുടങ്ങിയ സിനിമകളുടെ വീഴ്ച അദ്ദേഹം മറന്നിട്ടില്ല.

“ടൂര്‍ണമെന്‍റിനും കോബ്രയ്ക്കും പറ്റിയ മിസ്‌റ്റേക്ക് എനിക്കു തോന്നുന്നത്, ഞാനപ്പോഴെല്ലാം അഭിനയത്തില്‍ തിരക്കായിരുന്നു. രണ്ടുമൂന്നു ദിവസം കൂടുമ്പോഴൊക്കെയാണ് ലൊക്കേഷനില്‍ വന്നിരുന്നത്. എന്നാല്‍ എന്‍റെ മറ്റു സിനിമകളുടെ എഴുത്തിനുവേണ്ടി മാത്രം നാലഞ്ചുമാസങ്ങള്‍ നീക്കിവച്ചിരുന്നു. അതൊന്നും ടൂര്‍ണമെന്‍റിനും കോബ്രയ്ക്കും നല്‍കാന്‍ കഴിഞ്ഞില്ല. സിനിമ സംവിധാനം ചെയ്യുമ്പോഴും എഴുതുമ്പോഴും അതിനു പ്രാധാന്യം കൊടുത്തേ പറ്റൂ. അല്ലെങ്കില്‍ ടൂര്‍ണമെന്‍റ്, കോബ്ര എന്നീ സിനിമകളുടെ ഗതിയാണ് സംഭവിക്കുക” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ പറയുന്നു.

ടൂര്‍ണമെന്‍റ് എന്ന സിനിമയുടെ പരാജയമാണ് തനിക്ക് വലിയ ഷോക്കായതെന്ന് ലാല്‍ പറയുന്നു. “പുതിയ രീതിയില്‍ ചിന്തിച്ചെടുത്ത സിനിമയായിരുന്നു ടൂര്‍ണമെന്‍റ്. എന്നാല്‍ അതില്‍ ഒരുപാട് മിസ്‌റ്റേക്കുകള്‍ ഉണ്ടായിരുന്നു. ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ പിടിച്ചുലച്ചിരുന്നു” - ലാല്‍ വ്യക്തമാക്കി.

അഭിനയത്തിന്‍റെ തിരക്കൊഴിഞ്ഞ ശേഷം വെറുതെ ഇരിക്കുകയാണെന്ന തോന്നലുണ്ടാകുമ്പോള്‍ നന്നായി ഹോംവര്‍ക്ക് ചെയ്ത് അടുത്ത സിനിമ സംവിധാനം ചെയ്യുമെന്നും ലാല്‍ അറിയിക്കുന്നു.