സഞ്ജയ് ലീല ബന്‍സാലിയുടെ സ്വപ്നപദ്ധതിയായ 'ബാജിറാവു മസ്താനി'യുടെ സെറ്റില്‍ നായിക പ്രിയങ്ക ചോപ്ര കുഴഞ്ഞുവീണു. അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാഠിന്യവും അത് അവതരിപ്പിക്കുന്നതിലെ വൈഷമ്യവും ജോലിഭാരവും മൂലമാണ് പ്രിയങ്ക തളര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുപേജോളം വരുന്ന സംഭാഷണം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു ബോളിവുഡ് സൂപ്പര്‍ നായിക.
തനിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് ക്യാമറയ്ക്ക് മുമ്പിലെത്തുന്നതിന് മുമ്പുതന്നെ പ്രിയങ്ക ഷൂട്ടിംഗ് ക്രൂവിനെ അറിയിച്ചിരുന്നതായാണ് വിവരം. ഈ സംഭവത്തിന് ശേഷം പ്രിയങ്കയുടെ ശാരീരിക സ്ഥിതി വളരെ മോശമായെന്നും ആറുമണിക്കൂറോളം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വലിയ ലൈറ്റുകള്‍ക്ക് നടുവില്‍ നിന്ന് നാലുപേജോളം വരുന്ന സംഭാഷണത്തിനായി 10 റീടേക്കുകള്‍ എടുക്കേണ്ടിവന്നതാണ് നടി കുഴഞ്ഞുവീഴുന്നതിലേക്ക് എത്തിച്ചതെന്ന് ലൊക്കേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രണ്‍വീര്‍ സിംഗാണ് ബാജിറാവു മസ്താനിയിലെ നായകന്‍. ദീപിക പദുക്കോണാണ് മറ്റൊരു നായിക. ഇതൊരു പിരീഡ് ലവ് സ്റ്റോറിയാണ്.
ബാജിറാവു എന്ന കഥാപാത്രമായാണ് രണ്‍വീര്‍ അഭിനയിക്കുന്നത്. രണ്‍വീറിന്‍റെ രണ്ടാം ഭാര്യയായ മസ്താനിയായി ദീപികയും ആദ്യ ഭാര്യയായ കാസിഭായിയായി പ്രിയങ്ക ചോപ്രയും അഭിനയിക്കുന്നു.
തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രമാണ് ബാജിറാവു മസ്താനിയിലേതെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു.