ചുംബനസമരത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് നടി ഷീല. ബെഡ്‌റൂമില്‍ കാണിക്കേണ്ടത് നടുറോഡില്‍ കാണിക്കുന്നത് ശരിയല്ലെന്ന് ഷീല പറയുന്നു. കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഷീല പറയുന്നു.
മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ചുംബനസമരത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഷീല രംഗത്തെത്തിയത്. ഇവിടുത്തെ ചുംബനസമരം എന്തൊരു വൃത്തികേടാണ്. നമ്മുടെ കേരളത്തിലാണോ ഇതൊക്കെ നടക്കുന്നത്? ഓരോന്നിനും ഓരോ ഇടമുണ്ട്. ബെഡ്റൂമില്‍ കാണിക്കേണ്ടത് നടുറോഡില്‍ കാണിക്കുന്നത് ശരിയല്ല - ഷീല പറയുന്നു.
പത്മരാജന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ എന്ന സിനിമയുടെ കഥ ആദ്യം തന്നോടാണ് പറഞ്ഞതെന്നും ഷീല വെളിപ്പെടുത്തുന്നു. “ആ കഥ എന്നോടാണ് ആദ്യം പറഞ്ഞത്. കഥ നല്ലതായിരുന്നിരിക്കാം, എന്നാല്‍ ശരീരം കാണിക്കുന്ന വേഷങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറല്ല” - ഷീല വ്യക്തമാക്കി.
ഒരു നടിക്ക് അത്യാവശ്യം ഗ്ലാമര്‍ വേണം. കാണാന്‍ ഭംഗിയില്ലാത്ത ഒരാള്‍ വന്ന് അഭിനയിച്ചുകൊണ്ടിരുന്നാല്‍ എത്ര നേരം കാണാന്‍ സാധിക്കും. എല്ലാം ആവശ്യത്തിന് വേണം. പക്ഷെ മേനിപ്രദര്‍ശനത്തിന് പോകുന്നത് ശരിയല്ല. എന്നോട് സ്വിമ്മിങ്ങ് സ്യൂട്ട് ഇട്ട് അഭിനയിക്കാന്‍ പറഞ്ഞിട്ടുണ്ട്. പടം വേണ്ട എന്ന് തീര്‍ത്തും പറഞ്ഞിട്ടുണ്ട്. കാപാലിക എന്ന സിനിമയില്‍ ഞാന്‍ അഭിസാരികയായിട്ടാണ് അഭിനയിച്ചത്, എന്നാല്‍ അതില്‍പോലും മേനിപ്രദര്‍ശനം നടത്തിയിട്ടില്ല” - ഷീല പറയുന്നു.