ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത നടനാണ് ഫഹദ് ഫാസില്‍. അതുപോലെ തന്നെയാണ് കുഞ്ചാക്കോ ബോബനും. ചാക്കോച്ചന് പക്ഷേ കുടുംബപ്രേക്ഷകരുടെ പിന്തുണ ഫഹദ് ഫാസിലിനേക്കാള്‍ കൂടുതലാണ്. ട്രാഫിക്ക്, റേസ് തുടങ്ങിയ ന്യൂ ജനറേഷന്‍ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചത്.
എന്നാല്‍ ന്യൂ ജനറേഷന്‍ എന്ന ലേബലില്‍ ഇറങ്ങുന്ന എല്ലാ സിനിമകളോടും തനിക്ക് യോജിപ്പില്ലെന്ന് ചാക്കോച്ചന്‍ പറയുന്നു. ഇക്കാര്യത്തില്‍ ബാലചന്ദ്രമേനോന്‍ പ്രകടിപ്പിച്ച അഭിപ്രായമാണ് തനിക്കും ഉള്ളതെന്ന് ചാക്കോച്ചന്‍ അറിയിച്ചു.
“ടോയ്‌ലറ്റില്‍ ചെയ്യുന്നത് സ്വീകരണ മുറിയില്‍ ചെയ്യുന്നതായി കാണിച്ചാല്‍ അത് ന്യൂജനറേഷന്‍ സിനിമയാകില്ല എന്ന് ബാലചന്ദ്രമേനോന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. വളരെ വാസ്തവമായ കാര്യമാണത്. ചില സോകോള്‍ഡ് ന്യൂ ജനറേഷന്‍ സിനിമകളോട് എനിക്കുമുണ്ട് ഇതേ വിയോജിപ്പ്. നമ്മള്‍ ഒരു ദിവസത്തെ പത്രമെടുത്താല്‍ അതില്‍ മുഴുവന്‍ സംഘര്‍ഷങ്ങളാണ്. പല വിധമായ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍. അതെല്ലാം അതേപോലെ സിനിമയിലേക്ക് പകര്‍ത്തിയാല്‍ കാണുന്നവരുടെ മാനസികാവസ്ഥ എന്താവും? എനിക്ക് അതിനോട് യോജിപ്പില്ല“ - കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.
കഥയ്ക്ക് ആവശ്യമാണ് എന്ന ന്യായം പറഞ്ഞ് ചില അനാവശ്യരംഗങ്ങളൊക്കെ തിരുകിക്കയറ്റുന്ന ന്യൂ ജനറേഷന്‍ സിനിമകളെ ചാക്കോച്ചന്‍ നിശിതമായി വിമര്‍ശിക്കുന്നു. “പലതും തുറന്നു കാട്ടുമ്പോള്‍ പറയുന്ന ന്യായങ്ങളുണ്ട്, കഥക്ക് ആവശ്യമാണ് എന്നൊക്കെ. അത് ശരിയാവാം. പക്ഷേ, ഞാനൊരു ഫാമിലിമാനാണ്. എന്‍റെ കുടുംബത്തിനൊപ്പം ഇരുന്ന് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളാണ് എന്‍റെ ടേസ്റ്റിലുള്ള സിനിമകള്‍. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നൊരു പ്രത്യേക വിഭാഗമായി സിനിമകളെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. ഉസ്താദ് ഹോട്ടല്‍ ഒരു നല്ല ചിത്രമാണ്. അതിന്‍റെ സംവിധായകന്‍ അന്‍വര്‍ റഷീദ് എന്നോട് പറഞ്ഞത് എല്ലാ ജനറേഷനും വേണ്ടയാണ് ഈ സിനിമ ഒരുക്കിയതെന്നാണ്. അപ്പോള്‍ പിന്നെ കാറ്റഗറൈസ് ചെയ്യുന്നതില്‍ തന്നെ അര്‍ത്ഥമില്ല“ - രാഷ്ട്രദീപിക സിനിമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചാക്കോച്ചന്‍ വ്യക്തമാക്കുന്നു.