ചിലര്‍ പറയുന്നു എനിക്കു വട്ടാണെന്ന്: സിന്ധു ലോഹിതദാസ്

Webdunia
വെള്ളി, 25 മാര്‍ച്ച് 2011 (14:37 IST)
PRO
മലയാള സിനിമയിലെ തിരക്കഥയുടെ അമരക്കാരന്‍ എ കെ ലോഹിതദാസ് വിടപറഞ്ഞിട്ട് ജൂണ്‍ 28ന് രണ്ടുവര്‍ഷം തികയുകയാണ്. ലോഹിയുടെ ഭാര്യ പറയുന്നു - “എന്‍റെ ദുഃഖങ്ങളും പരാധീനതകളും ആരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സാമ്പത്തികപ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. എന്തെങ്കിലും ഒരു പിടിവള്ളി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. അദ്ദേഹം പോയതിന് ശേഷം ആദ്യമൊക്കെ എനിക്ക് പണം റോള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ പക്ഷേ ഒരു ശതമാനം പോലും പറ്റുന്നില്ല എന്നതാണ് സത്യം” - സിന്ധു പറയുന്നു.

ഒരു വനിതാപ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് സംസാരിക്കുന്നത്. “ലോഹിതദാസ് പോയതോടെ എനിക്കു വട്ടായെന്ന് ചിലര്‍ പറയുന്നു. ജീവിതത്തില്‍ ഇത്രയും വലിയ ഷോക്കുണ്ടായപ്പോള്‍ ചിന്തകള്‍ മാറില്ലേ? എനിക്ക് വട്ടാണെന്ന് പറഞ്ഞുനടക്കുന്ന ഒരുപാടു പേരുണ്ട്. മുത്തപ്പന്‍റെ(ലോഹിതദാസിന്‍റെ) അനിയനെ പോലെ നടന്ന പ്രമുഖനായ ഒരു സംവിധായകന്‍ പോലും എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്.”

“ഒരിക്കലും പണം കണക്കുപറഞ്ഞ് വാങ്ങില്ലായിരുന്നു അദ്ദേഹം. പണം തരാത്തവരെ തേടി മുത്തപ്പന്‍ പോയിട്ടില്ല. കിട്ടാത്തതിന്‍റെ പിന്നാലെ ഒരുപാട് തവണ നടക്കുന്നതിലും നല്ലത് അടുത്ത പടം ചെയ്യുക എന്നതാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.” - സിന്ധു പറയുന്നു.

“എന്‍റെ മക്കള്‍ക്ക് പ്രതിഭയുണ്ട്. അവര്‍ നന്നായി എഴുതും. നന്നായി ചിന്തിക്കും. അവര്‍ക്കും ഒരു ദിവസം വരും. അതെനിക്ക് ഉറപ്പാണ്” - സിന്ധു ആത്മവിശ്വാസത്തോടെ പറയുന്നു.