കാഞ്ചനമാലയെ കണ്ടശേഷം താന്‍ പൃഥ്വിയെ വിളിച്ചെന്ന് ദിലീപ് !

ശനി, 31 ഒക്‌ടോബര്‍ 2015 (18:09 IST)
മൊയ്തീന്‍ - കാഞ്ചനമാല പ്രണയം ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന പേരില്‍ സിനിമയാകുകയും അത് വന്‍ ഹിറ്റാകുകയും ചെയ്തത് സമീപകാല ചരിത്രം. എന്നാല്‍ ആ സിനിമയുടെ തരംഗം നിലനില്‍ക്കെ നടന്‍ ദിലീപ് കാഞ്ചനമാലയെ കാണാന്‍ മുക്കത്ത് പോയത് അപ്രതീക്ഷിത ട്വിസ്റ്റ്. അത് വിവാദമാകുകയും പൃഥ്വിരാജിന്‍റെ സിനിമയ്ക്കിടെ ദിലീപ് മുതലെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയരുകയും ചെയ്തു. പൃഥ്വിയോ ചിത്രത്തിന്‍റെ സംവിധായകന്‍ വിമലോ നായിക പാര്‍വതിയോ സിനിമ ഇറങ്ങിയ ശേഷം കാഞ്ചനമാലയെ കാണാന്‍ എത്താതിരുന്ന സാഹചര്യത്തില്‍ ദിലീപ് അവിടെ പോകുകയും ബി പി മൊയ്തീന്‍ സേവാമന്ദിര്‍ നിര്‍മ്മാണത്തിനായി സഹായം വാഗ്ദാനം ചെയ്തതുമാണ് ചിലരെ അസ്വസ്ഥരാക്കിയത്.
 
എന്നാല്‍ കാഞ്ചനമാലയും എന്നു നിന്റെ മൊയ്തീന്‍ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരും തമ്മില്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസിലായത് താന്‍ മുക്കത്തെത്തിയപ്പോഴാണെന്ന് ദിലീപ് വ്യക്തമാക്കി. കാഞ്ചനമാലയെ കണ്ടിട്ട് മടങ്ങിവന്ന ശേഷം താന്‍ പൃഥ്വിരാജിനെ വിളിച്ച് സംസാരിച്ചതായും ദിലീപ് വ്യക്തമാക്കുന്നു. ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന സിനിമയാണ് തന്നെ മുക്കത്തെത്തിച്ചതെന്ന് താന്‍ കാഞ്ചനമാലയോട് പറഞ്ഞതായും ദിലീപ് പറയുന്നു.
 
താന്‍ മുക്കത്ത് പോയി കാഞ്ചനമാലയെ കണ്ടത് ശരിയായ നടപടി തന്നെയാണെന്നാണ് പൃഥ്വിരാജിന്‍റെയും വിമലിന്‍റെയും പാര്‍വതിയുടെയുമെല്ലാം അഭിപ്രായമെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു. മുക്കത്ത് പോയി കാഞ്ചനമാലയെ കണ്ടതുവഴി ഒരു മുതലെടുപ്പും നടത്താന്‍ താന്‍ ഉദ്ദേശിച്ചില്ലെന്നും സ്വന്തം നേട്ടത്തിനാണെങ്കില്‍ മറ്റൊരു നടന്‍റെ പ്രചരണത്തിനായി പോകുമോ എന്നും ദിലീപ് ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക