എന്‍റെ സിനിമകള്‍ ഇനിയും പരാജയപ്പെട്ടേക്കാം: പൃഥ്വി

Webdunia
തിങ്കള്‍, 18 ജനുവരി 2016 (18:55 IST)
പൃഥ്വിരാജ് തന്‍റെ ഫോം തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഹാട്രിക് വിജയത്തിന് ശേഷം ഈ വര്‍ഷം ആദ്യമെത്തിയ ‘പാവാട’യും വന്‍ ഹിറ്റാകുകയാണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ഈ ചിത്രം എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും റെക്കോര്‍ഡ് കളക്ഷനോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ വിസ്മയവിജയങ്ങളില്‍ ഒന്നാവുകയാണ് പാവാട.
 
എന്നാല്‍ ഈ വിജയങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്‍റെ സിനിമകള്‍ ഇനിയും പരാജയപ്പെട്ടേക്കാമെന്ന തിരിച്ചറിവ് പൃഥ്വിരാജിനുണ്ട്. 
 
“ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമയ്ക്കുമേല്‍ ഒരു നിയന്ത്രണം കിട്ടിയത് കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനുള്ളിലാണ്. ഈ കാലത്തിനുള്ളില്‍ ചെയ്ത ഒരു സിനിമയുടേയും കാര്യത്തില്‍ പശ്ചാത്താപം തോന്നിയിട്ടില്ല. ഇഷ്ടമുള്ള സിനിമകള്‍ തന്നെയാണ് ഞാന്‍ ചെയ്തതെല്ലാം. പിന്നെ സിനിമ പുറത്തിറങ്ങി കാണുമ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. സിനിമ തിയറ്ററില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും സ്വാഭാവികമാണ്. അത് പ്രേക്ഷകരുടെ തീരുമാനം. അതുകൊണ്ട് പരാജയപ്പെടുന്ന സിനിമകള്‍ മോശമാവുന്നില്ല. വിജയിക്കുന്ന സിനിമകളുടെ ഭാഗമാവാനാണ് ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. പക്ഷേ, എന്റെ സിനിമകള്‍ ഇനിയും പരാജയപ്പെട്ടേക്കാം” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.