എനിക്കാരുടേയും സ്വത്തും പണവും വേണ്ട, അച്ഛനെ കാണാനാവാത്ത നിസഹായയായ മകളാണ് ഞാന്‍ - ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി

Webdunia
വ്യാഴം, 2 ജൂലൈ 2015 (16:39 IST)
ജഗതി ശ്രീകുമാറിന്‍റെ രണ്ടാമത്തെ മകള്‍ ശ്രീലക്ഷ്മി അദ്ദേഹത്തെ കാണാന്‍ പൊതുവേദിയിലേക്ക് ഓടിക്കയറിയതും അദ്ദേഹത്തെ ചുംബിച്ചതുമൊക്കെ കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ജഗതിയെ കാണാന്‍ ശ്രീലക്ഷ്മി ഗുണ്ടകളുമൊത്താണ് വന്നതെന്ന് ജഗതിയുടെ മൂത്തമകള്‍ പാര്‍വതിയും പി സി ജോര്‍ജ്ജും ആരോപിച്ചു. ആ ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് ശ്രീലക്ഷ്മി. 
 
ജഗതിയെ കാണാന്‍ പൊതുവേദിയിലേക്ക് ഓടിക്കയറിയതും അതിനേത്തുടര്‍ന്നുണ്ടായ വിവാദങ്ങളും ഒഴിവാ‍ക്കാമായിരുന്നതല്ലേ എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടി ശ്രീലക്ഷ്മിക്കുണ്ട്.
 
“എനിക്ക് മറ്റെന്ത് ചെയ്യാന്‍ കഴിയും? ആ പരിപാടി പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നു എങ്കില്‍ പപ്പയെ കാണാനുള്ള അവസരം തന്നെ നഷ്ടപ്പെടുമായിരുന്നു. പപ്പയ്ക്ക് സുഖമില്ലാതായപ്പോള്‍ അദ്ദേഹത്തെ കാണാന്‍ നൂറുകണക്കിന് ആളുകളെത്തി. എന്നിട്ടും എന്നെ കാണാന്‍ അനുവദിച്ചില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടാകാനുള്ള കാരണം തന്നെ അതാണ്” - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മി പറയുന്നു. 
 
ഈ സംഭവത്തിനുശേഷം ശ്രീലക്ഷ്മിക്ക് സോഷ്യല്‍ മീഡിയയിലും മറ്റും പിന്തുണയേറി. ശ്രീലക്ഷ്മിയുടെ ഫോണിലേക്ക് കോളുകളും മെസേജുകളും പ്രവഹിച്ചു.
 
“ഇത്രയും വലിയ പിന്തുണ എനിക്ക് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. പിന്തുണ അറിയിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും അനേകം കോളുകളും മെസേജുകളും വന്നു. എന്‍റെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ സഹായിക്കാമെന്ന് പറഞ്ഞുകൊണ്ട് ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തകരും സംഘടനകളും വിളിച്ചു. ഇത്രയധികം പേര്‍ എന്നെ മനസിലാക്കുന്നു എന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഞാന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പപ്പയ്ക്ക് ആക്സിഡന്‍റുണ്ടാകുന്നത്. ഇപ്പോള്‍ ഞാന്‍ ബികോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി, പപ്പയെ കാണാന്‍ ഒരവസരം തരണമെന്നാവശ്യപ്പെട്ട് ഞാന്‍ ആരെയൊക്കെ സമീപിച്ചു എന്നറിയുമോ? കോടതിയുത്തരവുമായി ആശുപത്രിയില്‍ പോയിട്ടുപോലും കാണാന്‍ അനുവദിച്ചില്ല. അപ്പോഴെനിക്ക് മനസിലായി, പപ്പയെ കാണുക എന്നത് ഈസിയായ ഒരു കാര്യമല്ലെന്ന്. ഭരണങ്ങാനത്ത് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ പപ്പ വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഇങ്ങനെ ഒരു നടപടി സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു” - ശ്രീലക്ഷ്മി വ്യക്തമാക്കി. 
 
ജഗതിയെ കാണാന്‍ ഗുണ്ടകള്‍ക്കൊപ്പമാണ് ശ്രീലക്ഷ്മി എത്തിയത് എന്ന പാര്‍വതിയുടെയും പി സി ജോര്‍ജ്ജിന്‍റെയും ആരോപണങ്ങളെ ശ്രീലക്ഷ്മി ഖണ്ഡിക്കുന്നു.
 
“എന്നേക്കാള്‍ പ്രായം കുറഞ്ഞ എന്‍റെ കസിന്‍‌സിനൊപ്പമാണ് ഞാന്‍ പപ്പയെ കാണാനെത്തിയത്. അവരാണ് കാറിലുണ്ടായിരുന്നത്. എന്‍റെ കൂടെ ഗുണ്ടകളാണുണ്ടായിരുന്നതെന്നാണ് പാര്‍വതിച്ചേച്ചി ആരോപിക്കുന്നത്. മുമ്പ് അവര്‍ ആരോപിച്ചത് പപ്പ എന്നെ ദത്തെടുത്തതാണെന്നാണ്. അവരുടെ ഇത്തരം ആരോപണങ്ങള്‍ക്കൊക്കെ ഞാന്‍ മറുപടിപറയാന്‍ നിന്നാല്‍ ജനങ്ങള്‍ വിചാരിക്കും എനിക്കെന്തോ കുഴപ്പമുണ്ടെന്ന്. അവര്‍ക്ക് ഏറെ സ്വാധീനമുള്ള പൂഞ്ഞാര്‍ നിയോജകമഡലത്തില്‍ നടക്കുന്ന ഒരു പരിപാടിയില്‍, പൊലീസിന്‍റെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യമുള്ള ഒരു പരിപാടിയില്‍, പപ്പയെ കാണാന്‍ ഞാന്‍ ഗുണ്ടകളുമായി വരുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ല. ഇനി ഞാന്‍ ഗുണ്ടകളുമൊത്താണ് വന്നത് എന്നിരിക്കട്ടെ. അവിടെയുണ്ടായിരുന്ന പൊലീസും കളക്ടറുമൊന്നും എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്? പാര്‍വതിച്ചേച്ചിക്കെതിരെ ഒന്നും സംസാരിക്കാതിരിക്കാനും വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കാനും പരമാവധി ഞാന്‍ ശ്രമിക്കാറുണ്ട്. പപ്പയ്ക്ക് സുഖമില്ലാതിരിക്കുമ്പോള്‍ എത്രയോ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. അവരില്‍ ഒരാളായി എന്നെയും അനുവദിച്ചിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല. പാര്‍വതിച്ചേച്ചി എന്നേക്കാള്‍ 10 വയസിനു മുതിര്‍ന്നയാളാണ്. എന്നാല്‍ അതിന്‍റെ പക്വതയൊന്നും അവരുടെ വാക്കുകളിലില്ല” - ശ്രീലക്ഷ്മി പറയുന്നു.
 
സ്റ്റേജിലേക്ക് ഓടിക്കയറി ജഗതിയെ കാണാനുള്ള തീരുമാനം അപ്പോഴെടുത്തതാണോ അതോ മുന്‍‌കൂട്ടി തീരുമാനിച്ചതാണോ എന്ന ചോദ്യത്തിന് ശ്രീലക്ഷ്മി വ്യക്തമായ മറുപടി നല്‍കുന്നു.
 
“പപ്പയെ അകലെ നിന്നൊന്നു കാണാന്‍ വേണ്ടിമാത്രമാണ് അന്ന് ആ പരിപാടി നടക്കുന്ന സ്ഥലത്ത് പോയത്. ഷാള്‍ കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്റ്റേജില്‍ പപ്പ ഇരിക്കുന്നതുകണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനായില്ല. ഞാന്‍ അദ്ദേഹത്തെ കാണുന്നുണ്ട് എന്ന് പപ്പ അറിയണമെന്നും എനിക്കുതോന്നി. അതുകൊണ്ടാണ് ഞാന്‍ സ്റ്റേജിലേക്ക് ഓടിക്കയറിയത്” - ശ്രീലക്ഷ്മി പറയുന്നു.
 
എന്തായിരിക്കും ശ്രീലക്ഷ്മി പപ്പയോട് പറഞ്ഞിട്ടുണ്ടാവുക? ശ്രീക്ഷ്മിയുടെ തന്നെ വാക്കുകളില്‍....
 
“കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ എന്തുകൊണ്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ വന്നില്ല എന്നതാണ് ഞാന്‍ പപ്പയോട് ചുരുക്കിപ്പറഞ്ഞത്. ഞാന്‍ എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്നും പപ്പയെ അറിയിച്ചു. കോളജില്‍ ഞാന്‍ അവസാന വര്‍ഷത്തിലെത്തിയെന്നു പറഞ്ഞു. എനിക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. മനസ് ഒട്ടും വിഷമിപ്പിക്കേണ്ടാ, എല്ലാം പെട്ടെന്ന് ശരിയാവുമെന്ന് ഞാന്‍ പപ്പയെ ആശ്വസിപ്പിച്ചു. അദ്ദേഹം എന്നെ ചുംബിക്കാനായി ചാഞ്ഞു, അപ്പോള്‍ ഞാന്‍ പപ്പയെ ഉമ്മ വച്ചു. എന്നാല്‍, എനിക്കെതിരായി ആളുകള്‍ സംഘടിക്കുന്നത് പെട്ടെന്നുതന്നെ ഞാന്‍ മനസിലാക്കി. ഞാന്‍ വേഗം പോകുന്നതാണ് എന്‍റെ സുരക്ഷയ്ക്ക് നല്ലതെന്ന് പപ്പയോട് പറഞ്ഞിട്ട് ഞാന്‍ സ്റ്റേജില്‍ നിന്ന് ഓടിയിറങ്ങുകയായിരുന്നു” - ശ്രീലക്ഷ്മി പറയുന്നു.
 
ആരുടെയും പണമോ സ്വത്തോ വേണ്ടെന്നും അച്ഛനെ കാണാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്നും ശ്രീലക്ഷ്മി ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 
 
“ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അവരുടെ കുടുംബക്കാര്‍ എനിക്ക് ചിലപ്പോഴൊക്കെ മുന്നറിയിപ്പ് തന്നിരുന്നു. ഞാന്‍ നിശബ്ദത പാലിക്കാന്‍ എപ്പോഴും ശ്രമിക്കും. പക്ഷേ അവര്‍ ആരോപിക്കുന്നത് അവരുടെ പണവും സ്വത്തുക്കളുമാണ് എന്‍റെ ലക്‍ഷ്യമെന്നാണ്. എനിക്കത് മനസിലാകുന്നില്ല. പണവും സ്വത്തുമായിരുന്നു ലക്‍ഷ്യമെങ്കില്‍ അതിനുവേണ്ടി എനിക്കെന്തെല്ലാം ചെയ്യാന്‍ കഴിയും! എനിക്ക് അക്കാര്യത്തില്‍ നിയമോപദേശവും ലഭിച്ചിട്ടുണ്ട്. അതൊന്നും വേണ്ട എന്ന് ഞാന്‍ തന്നെയാണ് തീരുമാനിച്ചത്. അതല്ല എന്‍റെ ഉദ്ദേശ്യമെന്ന് അവര്‍ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല? രോഗാതുരനായ പിതാവിനെ കാണാനാവാതെ കഴിയേണ്ടിവരുന്ന ഒരു മകളുടെ നിസഹായത അവര്‍ എന്തുകൊണ്ട് മനസിലാക്കുന്നില്ല?” - ശ്രീലക്ഷ്മി ചോദിക്കുന്നു.