കഴിഞ്ഞ ദിവസം തമിഴ് സിനിമാലോകത്താകെ ഒരു ന്യൂസ് പരന്നു. നയന്‍താരയെ കസ്റ്റംസുകാര്‍ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു എന്നായിരുന്നു അത്. ‘പ്രഭു’ എന്ന് കൈത്തണ്ടയിലെഴുതിയ ടാറ്റു മായ്ക്കാന്‍ ലേസര്‍ ഓപ്പറേഷനായി ബാങ്കോക്കില്‍ പോയി മടങ്ങിവരവേയാണ് കസ്റ്റംസുകാര്‍ നയന്‍സിനെ പൊക്കിയതെന്നായിരുന്നു വാര്‍ത്ത.
40 മിനിറ്റ് നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷം നയന്‍താരയുടെ ലഗേജ് ബാഗുകള്‍ പിഴ ഒന്നും കൂടാതെ താരത്തിന് തിരികെ നല്‍കി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നയന്‍താര ഈ സംഭവം നിഷേധിച്ചിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണിതെന്ന് നയന്‍സ് അറിയിച്ചു.
“തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല. ഇത്തരം വാര്‍ത്തകള്‍ ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുമില്ല, അതില്‍ വിഷമിക്കാറുമില്ല. പിന്നെ, വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ നിന്ന് ആരെയാണ് ഒഴിവാക്കാറുള്ളത്? ഇതൊക്കെ വലിയ തമാശയായി തോന്നുന്നു. എന്‍റെ കൈയിലെ ടാറ്റു നീക്കം ചെയ്യാനായി എന്തിന് ബാങ്കോക്കില്‍ പോകണം? ഇന്ത്യയില്‍ എവിടെയും വളരെ നിസാരമായി ചെയ്യാന്‍ കഴിയുന്ന കാര്യമാണിത്. എന്‍റെ കൈയിലെ ടാറ്റു നിങ്ങള്‍ക്ക് വന്ന് പരിശോധിക്കാവുന്നതാണ്” - സിഫിക്ക് അനുവദിച്ച അഭിമുഖത്തില്‍ നയന്‍താര വ്യക്തമാക്കി.
നാലു വമ്പന്‍ പ്രൊജക്ടുകളിലൂടെ തെന്നിന്ത്യയില്‍ വീണ്ടും തരംഗമാകാനൊരുങ്ങുകയാണ് നയന്‍താര.