അവാര്‍ഡ് കിട്ടിയതിന് ദൈവത്തിന് നന്ദിയില്ല!

Webdunia
വ്യാഴം, 28 ജനുവരി 2010 (13:03 IST)
PRO
PRO
അവാര്‍ഡ് കിട്ടിയതിന് ദൈവത്തിന് നന്ദി പറയില്ലെന്ന് ‘നാന്‍ കടവുള്‍’ എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ തമിഴ് സംവിധായകന്‍ ബാല. ‘അവനാ, ഇവനാ’ എന്ന പുതിയ സിനിമയുടെ പൂജാ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ബാല ഇങ്ങിനെ പറഞ്ഞത്. ആര്യാ, വിശാല്‍ എന്നിവരാണ് ‘അവനാ ഇവനാ’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -

“എന്റെ പുതിയ സിനിമയുടെ കഥയെന്താണെന്ന് നിങ്ങളില്‍ പലരും ചിന്തിക്കുന്നുണ്ടാവണം. ഇത് കുടുംബചിത്രമാണോ ആക്ഷന്‍ സിനിമയാണോ എന്നൊക്കെ ചിന്തിച്ച് തലപുണ്ണാക്കേണ്ട. തമാശയും ആക്ഷനും മിക്സ് ചെയ്തിട്ടുള്ള ഒരു കുടുംബസിനിമയാണിത്. ഇതൊരു ‘അണ്ണന്‍ തമ്പി’ കഥയാണ്. വിശാലാണ് ജ്യേഷ്ഠനായ ‘അവന്‍’. അനിയനായ ‘ഇവന്‍’ ആയി അഭിനയിക്കുന്നത് ആര്യയും.”

“സൂപ്പര്‍‌താരങ്ങളെ വച്ചാണ് ഞാന്‍ സിനിമയെടുക്കുന്നത് എന്ന് എനിക്കെതിരെ ഒരു ആരോപണമുണ്ട്. എന്റെ ആദ്യ സിനിമയായ ‘സേതു’വില്‍ വിക്രം ആയിരുന്നു കഥാനായകന്‍. അപ്പോള്‍ വിക്രം ഒരു പുതുമുഖതാരം ആയിരുന്നു. എന്റെ ‘നന്ദ’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സൂര്യയും പുതുമുഖ താരം ആയിരുന്നു.”

“എനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതിന് ദൈവത്തോടാണോ നന്ദി പറയുന്നതെന്ന് എന്റെ പ്രിയ മാധ്യമ സുഹൃത്തുക്കള്‍ ചോദിക്കുകയുണ്ടായി. നിങ്ങളോട് ഞാനൊന്ന് ചോദിച്ചോട്ടേ? ദൈവമാണോ എന്റെ സിനിമയില്‍ അഭിനയിച്ചത്? മേക്കപ്പിട്ടത് ദൈവമാണോ? ക്യാമറ ഓപ്പറേറ്റ് ചെയ്തത് ദൈവമാണോ? ഇതൊന്നും ചെയ്യാത്ത ദൈവത്തിന് ഞാന്‍ എന്തിനാണ് നന്ദി പറയുന്നത്?”

“2009-ല്‍ വന്ന സിനിമകളില്‍ വിജയിച്ചവ വിരലിലെണ്ണാമെന്ന് ഞാനും വായിച്ചു. ഞാന്‍ തീയേറ്ററില്‍ പോയി സിനിമ കണ്ട് ഒരുപാട് നാളായി. വ്യാജ സിഡിയും കാണാറില്ല. തീയേറ്ററില്‍ പോയാല്‍ എനിക്ക് ഭ്രാന്ത് വരും. സിനിമ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചിലര്‍ മൊബൈലില്‍ സംസാരിക്കുന്നതും എസ്‌എംഎസ് അയയ്ക്കുന്നതും കാണാം. എണീറ്റ് പോയി അവര്‍ക്കിട്ട് രണ്ട് പൊട്ടിക്കണമെന്നാണ് എനിക്ക് തോന്നുക. സിനിമകള്‍ കാണാതെ, അവ വിജയിച്ചുവോ പൊട്ടിയോ എന്ന് അഭിപ്രായം പറയാന്‍ ഞാനാളല്ല.”

“ഒന്നും രണ്ടും വര്‍ഷങ്ങള്‍ എടുത്താണ് ഞാന്‍ സിനിമയെടുക്കുക എന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ ‘അവന്‍, ഇവന്‍’ സിനിമ വെറും ആറുമാസം കൊണ്ട് അവസാനിപ്പിച്ച് റിലീസ് ചെയ്യാനാണ് എന്റെ പദ്ധതി. ഇതില്‍ ആര്യാ, വിശാല്‍ എന്നിവര്‍ക്കൊപ്പം അം‌ബിക, ജയപ്രഭ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനനി അയ്യരാണ് നായിക” - ബാല പറഞ്ഞു.