അഭിനയരംഗത്തേക്ക് തിരിച്ചുവരും: നസ്രിയ, ക്രഡിറ്റ് ജനങ്ങള്‍ക്ക്: നിവിന്‍ പോളി

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (16:50 IST)
അഭിനയരംഗത്തേക്കുള്ള തന്‍റെ തിരിച്ചുവരവ് സൂചിപ്പിച്ച് നസ്രിയ ഫഹദ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു നസ്രിയ. അഭിനയരംഗത്തേക്ക് മടങ്ങിവരില്ലെന്ന് പറയാനാകില്ലെന്ന് നസ്രിയ പറഞ്ഞു. ജനങ്ങള്‍ക്ക് തന്നെ ഇഷ്ടമാണെന്ന് മനസിലായെന്നും നസ്രിയ അറിയിച്ചു.
 
വലിയ പുരസ്കാരമാണ് ലഭിച്ചത്. പുരസ്കാരം ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ സിനിമകളുടെ സംവിധായകര്‍ക്ക് സമര്‍പ്പിക്കുന്നു. ഈ സിനിമകള്‍ താന്‍ വളരെ ആസ്വദിച്ച് ചെയ്തവയാണെന്നും അതുകൊണ്ടുതന്നെയാവാം അവ നന്നായി ചെയ്യാന്‍ കഴിഞ്ഞതെന്നും നസ്രിയ പറഞ്ഞു. 
 
അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നു എന്ന് നിവിന്‍ പോളി പ്രതികരിച്ചു. ഇതിന്‍റെ ക്രഡിറ്റ് ജനങ്ങള്‍ക്കാണെന്ന് പറഞ്ഞ നിവിന്‍ കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാന്‍ അവാര്‍ഡ് പ്രചോദനമാണെന്നും പറഞ്ഞു.
 
ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷം ഇപ്പോഴാണുള്ളതെന്ന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ഒറ്റാലിന്‍റെ സംവിധായകന്‍ ജയരാജ് പ്രതികരിച്ചു.