‘ജയറാമിന് വേണ്ടി അന്ന് ഞാന്‍ വഴിപാട് കഴിച്ചിരുന്നു’: സലീം കുമാര്‍

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (08:14 IST)
മലയാള സിനിമയിലെ താരമാണ് സലീം കുമാര്‍. ഈയിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് സലിം കുമാര്‍ പറയുകയുണ്ടായി. പത്മരാജന്‍ ചിത്രമായ അപരനിലൂടെയാണ് ജയറാം സിനിമയിലെത്തുന്നത്. മിമിക്രി കലാകാരനായ ജയറാമിനെ നായകനാക്കി പത്മരാജന്‍ സിനിമ എടുക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആ കലാകാരന് വേണ്ടി താന്‍ വഴിപാട് കഴിച്ചത് ഓര്‍ക്കുകയാണ് സലിം കുമാര്‍. 
 
പുതിയ ചിത്രമായ ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സലിം. ജയറാമിന് വേണ്ടി അന്ന് വഴിപാട് കഴിപ്പിക്കുമ്പോള്‍ ഭാവിയില്‍ അവനുമൊത്ത് സിനിമ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 
പത്മരാജന്‍ ജയറാമിനെ നായകനാക്കി സിനിമ എടുക്കുന്ന സമയത്ത് താന്‍ കൊല്ലം ശാരികയുടെ മിമിക്രി ഗ്രൂപ്പില്‍ അംഗമായിരുന്നു. മിമിക്രി കലാകാരന്‍മാര്‍ കടുത്ത അവഗണന നേരിടുന്ന സമയമായിരുന്നു അത്. മിമിക്രിയില്‍ നിന്നുള്ള കലാകാരനെ നായകനാക്കി സിനിമ എടുക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോയെന്ന് പലരും ചോദിച്ചിരുന്നു.
 
മിമിക്രിയില്‍ താന്‍ ഗുരുതുല്യനായി കാണുന്ന ജയറാമിനെ നായകനാക്കി സിനിമ എടുക്കുന്നുവെന്ന് അറിഞ്ഞതിന് ശേഷം അദ്ദേഹം സിനിമയില്‍ വിജയിക്കുന്നതിന് വേണ്ടി പരവൂരിലെ കളരിക്കല്‍ അമ്പലത്തില്‍ പോയി വഴിപാട് കഴിപ്പിച്ചിരുന്നുവെന്ന് സലിം കുമര്‍ വെളിപ്പെടുത്തുന്നു.
Next Article